വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് വിമാനയാത്ര നടത്തിയ സമാജ്വാദി പാര്‍ട്ടി എംഎല്‍എയ്ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു. എസ്.പി. എംഎല്‍എയായ ഇര്ഫാന് സോളങ്കിയ്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാൾ നിലവിൽ ഒളിവിൽ കഴിയുകയാണ്. എയര്‍പോര്‍ട്ടില്‍ വ്യാജ ആധാര്‍ കാര്‍ഡ് കാണിച്ച് വിമാനയാത്ര നടത്തിയെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ഇര്‍ഫാനെ സഹായിച്ച മറ്റ് ചില നേതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി അംഗം നൂറി ഷൗക്കത്ത് ഉള്‍പ്പടെ മൂന്ന് നേതാക്കളാണ് ഇര്ഫാന് സോളങ്കിയ്ക്ക് വ്യാജ ആധാര്‍ നിര്‍മ്മിക്കാന്‍ സഹായം നല്‍കിയത്. ഇവരെ അറസ്റ്റ് ചെയ്തതായി ജോയിന്റ് പൊലീസ് കമ്മീഷണര്‍ ആനന്ദ് പ്രകാശ് തിവാരി പറഞ്ഞു.
അഷ്റഫ് അലി, അന്‍വര്‍ മന്‍സൂരി, അക്തര്‍ മന്‍സൂരി എന്നിവരാണ് അറസ്റ്റിലായ മറ്റ് മൂന്ന് നേതാക്കള്‍. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. സംഭവത്തില്‍ ഇനിയും രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. ഇസ്രത് അലി, അമര്‍ ഇലാഹി എന്നിവരെയാണ് ഇനി പിടികൂടേണ്ടത്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
രണ്ട് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് എംഎല്‍എ ഇര്ഫാന് സോളങ്കി. അറസ്റ്റ് ഒഴിവാക്കാനായി വ്യാജ ആധാര്‍ കാര്‍ഡ് ഉണ്ടാക്കി ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് കടക്കുകയായിരുന്നു ഇയാള്‍. ആധാര്‍ കാര്‍ഡില്‍ എംഎൽഎയുടെ ചിത്രം തന്നെയാണ് ഉള്ളത്. എന്നാല്‍ അഷറഫ് അലി എന്ന വ്യാജ പേരാണ് ആധാറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
വ്യാജ ആധാര്‍ ഉണ്ടാക്കാനായി ഉപയോഗിച്ച കംപ്യൂട്ടറും പ്രിന്ററുകളും പൊലീസ് കണ്ടെത്തിയിരുന്നു. ഡല്‍ഹിയിലേയും മുംബൈയിലേയും ഔദ്യോഗിക വൃത്തങ്ങള്‍ നല്കിയ വിവരം അനുസരിച്ച് നവംബര്‍ 11 നാണ് വ്യാജ ആധാര്‍ ഉപയോഗിച്ച് സോളങ്കി യാത്ര ചെയ്തിരിക്കുന്നത്.
ഡല്‍ഹി, മുംബൈ എയര്‍പോര്‍ട്ടിലും പരിസര പ്രദേശങ്ങളിലും നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നും സോളങ്കി യാത്ര ചെയ്തതായി വിവരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സീറ്റ് നമ്പര്‍ 31ലാണ് അദ്ദേഹം യാത്ര ചെയ്തത് എന്ന് പൊലീസ് കമ്മീഷണര്‍ ആനന്ദ് തിവാരി പറഞ്ഞു.
കേസില്‍ ആറ് പേര്‍ക്കെതിരെ സെക്ഷന്‍ 212 (കുറ്റവാളിയെ സംരക്ഷിക്കല്‍), 419 (വ്യക്തിപരമായ വഞ്ചന), 420 (വഞ്ചന), 467 (വ്യാജ രേഖ ചമയ്ക്കല്‍), 468 (വഞ്ചനയ്ക്കായി വ്യാജരേഖ ചമയ്ക്കല്‍), 471 (യഥാര്‍ത്ഥമെന്ന രീതിയില്‍ വ്യാജരേഖ ഉപയോഗിക്കുക) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നിവയും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
അതേസമയം, സോളങ്കിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്ന് യു.പി പൊലീസ് അറിയിച്ചു. സോളങ്കിയെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പൊലീസുമായി ഉടന്‍ ബന്ധപ്പെടണമെന്നും പൊലീസ് അറിയിച്ചു.
Summary: Case against MLA for taking flight using fake Aadhaar card
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.