ന്യൂഡല്‍ഹി: സിബിസിഐയുടെ പുതിയ പ്രസിഡന്റ് ആൻഡ്രൂസ് താഴത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രിമാരായ വി മുരളീധരൻ, രാജീവ് ചന്ദ്രശേഖർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. പതിനഞ്ച് മിനിറ്റ് നീണ്ടു നിന്ന ചർച്ചയിൽ മാർപ്പാപ്പയുടെ ഇന്ത്യാ സന്ദർശനമാണ് ആർച്ച് ബിഷപ്പ് പ്രധാനമായും ഉന്നയിച്ചത്. മാർപ്പാപ്പയുടെ സന്ദർശനം വേഗത്തിലാക്കാൻ ശ്രമിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയതായി ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി.
രാവിലെ പതിനൊന്നിനാണ് മാർ ആൻഡ്രൂസ് താഴത്ത് പ്രധാനമന്ത്രിയെ കണ്ടത്. ക്രൈസ്തവ സഭാ സ്ഥാപനങ്ങളുടെ പൊതുവായ വിഷയങ്ങളും ചർച്ചയായെന്ന് മാർ ആൻഡ്രൂസ് താഴത്ത് അറിയിച്ചു. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെക്കുറിച്ച് പുറത്തു വരുന്ന വിവരങ്ങളിൽ സിബിസിഐ നേരത്തെ ആശങ്ക അറിയിച്ചിരുന്നു. ഇക്കാര്യങ്ങൾ ചർച്ചയിൽ വന്നില്ലെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. ബഫർ സോൺ വിഷയവും ഉന്നയിച്ചില്ല.
ക്രൈസ്തവ സഭയെ ഒപ്പം നിർത്താൻ ബിജെപി ശ്രമിക്കുന്നതിനിടെയാണ് മാർ ആൻഡ്രൂസ് താഴത്ത് പ്രധാനമന്ത്രിയെ കണ്ടത്.
മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായി നേരത്തെ പ്രധാനമന്ത്രി അറിയിച്ചിരുന്നു. എന്നാൽ ഉടൻ ഇക്കാര്യത്തിൽ കേന്ദ്രം നടപടി എടുത്തില്ലെങ്കിൽ അടുത്ത വർഷം സന്ദർശനം ഉണ്ടാകില്ലെന്നാണ് ക്രിസ്ത്യൻ സഭ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.