• HOME
 • »
 • NEWS
 • »
 • india
 • »
 • കത്തോലിക്കാ പുരോഹിതൻ സഭ വിട്ട് ബിജെപിയിലേയ്ക്ക്; പുതിയ വഴിത്തിരിവെന്ന് പുരോഹിതൻ

കത്തോലിക്കാ പുരോഹിതൻ സഭ വിട്ട് ബിജെപിയിലേയ്ക്ക്; പുതിയ വഴിത്തിരിവെന്ന് പുരോഹിതൻ

ദുഃഖകരമായ തീരുമാനമാണിതെന്ന് കൊൽക്കത്ത അതിരൂപത കത്തോലിക്കാ സഭാ മേധാവി ആർച്ച് ബിഷപ്പ് ഡിസൂസ വിശേഷിപ്പിച്ചു. മറ്റു പുരോഹിതന്മാർ റോഡ്‌നി ബോർണിയോയുടെ തീരുമാനത്തെ ഞെട്ടിക്കുന്ന വാർത്ത എന്നാണ് വിശേഷിപ്പിച്ചത്.

News18 Malayalam

News18 Malayalam

 • Share this:
  കൊൽക്കത്ത: ലയോള ഹൈസ്‌കൂൾ പ്രിൻസിപ്പൽ ഫാദർ റോഡ്‌നി ബോർണിയോ ബിജെപിയിൽ ചേർന്നു. ചൊവ്വാഴ്ചയാണ് ഇദ്ദേഹം സഭാ സ്ഥാനങ്ങൾ ഉപേക്ഷിച്ച് ഔദ്യോഗികമായി ബിജെപിയിൽ അംഗത്വമെടുത്തത്. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് മുകുൾ റോയ്, സംസ്ഥാന പാർട്ടി സെക്രട്ടറി സബ്യാസാച്ചി ദത്ത, പാർട്ടി വക്താവ് ഷാമിക് ഭട്ടാചാര്യ എന്നിവരുടെ സാന്നിധ്യത്തിലാണ് ബോർണിയോ പാർട്ടിയിൽ ചേർന്നത്. താൻ ബിജെപിയിൽ ചേർന്നത് തന്റെ ജീവിതത്തിലെ തന്നെ പുതിയ വഴിത്തിരിവാണെന്ന് ബോർണിയോ പറഞ്ഞു.

  കഴിഞ്ഞ 22 വർഷമായി താൻ സഭയ്ക്കും സഭാവിശ്വാസികൾക്കുമായി സേവനമനുഷ്ഠിച്ചു വരികയാണെന്നും ഇനി സഭയ്ക്ക് പുറത്തുള്ള ആളുകളെ സേവിക്കാനാണ് തീരുമാനമെന്നും ബോർണിയോ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 1999 മുതൽ 2009 വരെ പുരോഹിതനാകാൻ പരിശീലനം നേടിയ ഇദ്ദേഹം 2009ലാണ് പൗരോഹിത്യം സ്വീകരിച്ചത്. കഴിഞ്ഞ അഞ്ചുവർഷമായി ലയോള ഹൈസ്‌കൂളിന്റെ പ്രിൻസിപ്പലായിരുന്നു ഇദ്ദേഹം. ആർച്ച് ബിഷപ്പ് തോമസ് ഡിസൂസയോട് തന്റെ തീരുമാനങ്ങൾ അറിയിച്ച് പ്രിൻസിപ്പൽ സ്ഥാനമൊഴിയുകയായിരുന്നു. ബിഷപ്പ് അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു.

  Also Read- CPM Candidate List| 12 വനിതകളുമായി സിപിഎം സ്ഥാനാർഥി പട്ടിക; പ്രത്യേകതകൾ അറിയാം

  ദുഃഖകരമായ തീരുമാനമാണിതെന്ന് കൊൽക്കത്ത അതിരൂപത കത്തോലിക്കാ സഭാ മേധാവി ആർച്ച് ബിഷപ്പ് ഡിസൂസ വിശേഷിപ്പിച്ചു. മറ്റു പുരോഹിതന്മാർ റോഡ്‌നി ബോർണിയോയുടെ തീരുമാനത്തെ ഞെട്ടിക്കുന്ന വാർത്ത എന്നാണ് വിശേഷിപ്പിച്ചത്. താൻ ഇക്കാര്യത്തിൽ ദുഃഖിതനാണെന്നും എന്നാൽ പള്ളി വിട്ട് ഒരു രാഷ്ട്രീയ പാർട്ടിയുടെ കീഴിൽ പ്രവർത്തിക്കുകയെന്നത് അദ്ദേഹത്തിന്റെ തീരുമാനമാണെന്നും അതിൽ തനിയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നും ആർച്ച് ബിഷപ്പ് ഡിസൂസ പറഞ്ഞു. അതിരൂപതയുടെ കീഴിലുള്ള ലയോള ഹൈസ്കൂളിന്റെ പ്രിൻസിപ്പൽ സ്ഥാനത്തേയ്ക്ക് പകരക്കാരനെ തിരയുകയാണ് സഭ ഇപ്പോൾ.

  പ്രശസ്ത ബംഗാളി ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തി കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നിരുന്നു. കൊൽക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ നീക്കം. പശ്ചിമ ബംഗാളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മിഥുൻ ചക്രവർത്തിയുടെ ബിജെപി പ്രവേശനം. പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പട്ടിക കഴിഞ്ഞ ദിവസം ബിജെപി പുറത്തിറക്കിയിരുന്നു. ആദ്യ രണ്ടു ഘട്ടങ്ങളില്‍ ജനവിധി തേടുന്ന 57 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. 294 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് എട്ട് ഘട്ടമായാണ് നടത്തുന്നത്. ബിജെപിയിൽ അംഗത്വം സ്വീകരിച്ച ശേഷം പൊതുവേദിയിൽ തൃണമൂൽ കോണ്‍ഗ്രസ് മുൻനേതാവ് ഏത്തമിട്ടതും വാർത്തകളിൽ നിറഞ്ഞിരുന്നു.

  Also Read- CPM Kerala Assembly election 2021| സിപിഎം സ്ഥാനാർഥി പട്ടിക: 5 മന്ത്രിമാരുൾപ്പെടെ 33 എംഎല്‍എമാരും മത്സരിക്കാനില്ല; നാല് പേര്‍ 30 വയസില്‍ താഴെ

  കേരളത്തിൽ നടൻ ദേവൻ കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നിരുന്നു. ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയിലാണ് ദേവൻ ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചത്. കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. കേരള പീപ്പിൾസ് പാർട്ടി എന്ന പേരിൽ സ്വന്തം പാർട്ടിയുമായി ദേവൻ ഇത്രയും കാലം പൊതുപ്രവർത്തന രംഗത്തുണ്ടായിരുന്നു. കേരള പീപ്പിൾസ് പാർട്ടിയെ ബിജെപിയിൽ ലയിപ്പിച്ചാണ് ദേവൻ ബിജെപിയിലേയ്ക്ക് ചേർന്നത്.
  Published by:Rajesh V
  First published: