കോവിഡ് മഹാമാരിയെ തുടർന്ന് 2020 മാർച്ചിന് ശേഷം ഇന്ത്യയിൽ ട്രെയിൻ സർവീസുകൾ പരിമിതമായിരുന്നു. എന്നിട്ടും 2020 ഏപ്രിലിനും 2021 മാർച്ചിനുമിടയിൽ 27,000 കന്നുകാലികൾക്കാണ് റെയിൽവേ ട്രാക്കുകളിൽ ജീവൻ നഷ്ടപ്പെട്ടത്. 2019 ഏപ്രിലിനും 2020 മാർച്ചിനുമിടയിൽ 38,000 കന്നുകാലികളാണ് ട്രെയിൻ തട്ടി മരിച്ചതെന്നും ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട വിവരങ്ങൾ ചൂണ്ടിക്കാട്ടുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് വരികയും കൂടുതൽ ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ റെയിൽവേ ട്രാക്കുകളിലെ കന്നുകാലി മരണങ്ങൾ മാസത്തിൽ 3,000 എന്ന തോതിലേക്ക് ഉയരുന്നതായും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
കന്നുകാലികൾ ഇത്തരത്തിൽ ചത്തൊടുങ്ങുന്നത് മൃഗസമ്പത്തിനും അവയുടെ ഉടമകളുടെ ജീവനോപാധികൾക്കും വലിയ നഷ്ടം സൃഷ്ടിക്കുന്നതോടൊപ്പം ട്രെയിൻ സർവീസുകൾ വൈകാനും കാരണമാകുന്നു. 24,000 ട്രെയിൻ സർവീസുകൾ കന്നുകാലി മരണങ്ങൾ മൂലം വൈകിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. ട്രെയിൻ തട്ടി കന്നുകാലികൾ മരണപ്പെടുന്ന സംഭവങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഉത്തർ പ്രദേശിലാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി കന്നുകാലി മരണങ്ങൾ ഏറ്റവുമധികം സംഭവിക്കുന്ന പ്രദേശങ്ങൾ അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്. കാൺപൂർ - തുണ്ട്ല സെക്ഷനുകളിൽപ്പെടുന്ന ഇറ്റാവ - ഫഫണ്ട്, ഫിറോസാബ്ദ് - മഖാൻപൂർ, ഹത്രാസിന് സമീപമുള്ള പോറ - ജലേസർ, കാൺപൂരിന് സമീപമുള്ള ചന്തേരി - ചാക്കേരി, ഝാൻസി - ലളിത്പൂർ സെക്ഷനിലെ ഡെൽവാര - ഝഖൗര തുടങ്ങിയവ കന്നുകാലി മരണങ്ങൾ അടിക്കടി നടക്കുന്ന പ്രദേശങ്ങളിൽ ഉൾപ്പെടുന്നു.
ഈ പ്രദേശങ്ങൾ തിരിച്ചറിഞ്ഞതിന് ശേഷം കന്നുകാലികൾ റെയിൽവേ ട്രാക്കിന് സമീപം വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് പ്രദേശവാസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. "ഇത്തരം അപകടങ്ങൾ സംഭവിച്ചാൽ അത് ജീവഹാനിക്കാണ് ഇടയാക്കുന്നതെന്നും കൂടാതെ അതുമൂലം ട്രെയിൻ സർവീസുകൾ വൈകിയാൽ കാലതാമസത്തിന് മറ്റു പലർക്കും വലിയ വില കൊടുക്കേണ്ടി വരുമെന്നും പ്രദേശവാസികളെ ധരിപ്പിച്ചിട്ടുണ്ട്", ഉത്തര മധ്യ റെയിൽവേയുടെ പ്രതിനിധി ശിവം ശർമയെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ട്രെയിൻ തട്ടി കന്നുകാലികൾക്ക് ജീവൻ നഷ്ടപ്പെടുന്നത് ഒരു പുതിയ പ്രശ്നമല്ല, അതിന് വളരെ പെട്ടെന്ന് ഒരു പരിഹാരമുണ്ടാക്കുകയും സാധ്യമല്ല. ആളില്ലാത്ത റെയിൽവേ ക്രോസുകളെല്ലാം ഇന്ത്യൻ റെയിൽവേ ഒഴിവാക്കിയെങ്കിലും 2020 ൽ മാത്രം ട്രെയിൻ ഇടിച്ച് മരിച്ചത് 8,700 മനുഷ്യരാണ്.
മനുഷ്യർക്കും കന്നുകാലികൾക്കും ജീവഹാനി വരുത്തുന്ന ട്രെയിൻ അപകടങ്ങൾ എളുപ്പത്തിൽ ഇല്ലാതാക്കാൻ കഴിയുന്ന പ്രശ്നമല്ല. റെയിൽവേ ട്രാക്കുകൾക്ക് ചുറ്റും വേലി കെട്ടുക എന്നത് എല്ലായിടത്തും പ്രായോഗികമായ കാര്യവുമല്ല. ട്രെയിൻ അപകടങ്ങൾ വലിയ സുരക്ഷാ വെല്ലുവിളിയാണ് ഉയർത്തുന്നത്. ട്രെയിൻ സർവീസുകളുടെ കാലതാമസത്തിനും സ്വത്തിന്റെ നഷ്ടത്തിനുമൊക്കെ അത് കാരണമാകുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cattle, Indian railways, Railway