അഴിമതിയുടെ (Corruption) പേരില്‍ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുറവിളി കൂട്ടുന്ന വേളയിലും നൂറിലേറെ കേസുകളിൽ അന്വേഷണം നടത്താൻ സംസ്ഥാനങ്ങളുടെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (CBI). ആകെ 50,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുകളിലും തിരിമറി കേസുകളിലുമാണ് അന്വേഷണത്തിന് സിബിഐ സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി കാത്തിരിക്കുന്നത്. ബിജെപി എംപി സുശീല്‍ കുമാര്‍ മോദി ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് രാജ്യസഭയില്‍ (Rajya Sabha) ഈ വിവരം വെളിപ്പെടുത്തിയത്.
''ഇത്തരത്തിൽ സിബിഐയ്ക്ക് അനുമതി ലഭിക്കാത്ത കേസുകളില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 1,107 കോടി രൂപയുടെ തട്ടിപ്പും ബാങ്ക് ഓഫ് ബറോഡയുടെ 739 കോടി രൂപയുടെ തട്ടിപ്പും ഉള്‍പ്പെടുന്നു. സിബിഐ ഇപ്പോഴും മഹാരാഷ്ട്ര സര്‍ക്കാരിന്റെ സമ്മതത്തിനായി കാത്തിരിക്കുന്നതിനാല്‍ രണ്ട് കേസുകളിലും അന്വേഷണം ആരംഭിച്ചിട്ടില്ല,'' , സര്‍ക്കാരിന്റെ മറുപടിയില്‍ നിന്നുള്ള വിശദാംശങ്ങള്‍ ഉദ്ധരിച്ച് ബിജെപി എംപി പറഞ്ഞു.
50,000 കോടി രൂപയുടെ തട്ടിപ്പു കേസുകളില്‍ സംസ്ഥാനങ്ങളുടെ സമ്മതം ലഭിക്കുന്നതില്‍ കാലതാമസം വരുത്താതെ സിബിഐ അന്വേഷണം ഉടന്‍ ആരംഭിക്കണമെന്നും ഇത്തരം ഗുരുതരമായ കുറ്റകൃത്യങ്ങള്‍ അടിയന്തരമായി കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുശീല്‍ കുമാര്‍ മോദി പറഞ്ഞു.
Also Read- ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡ് ചെയർപേഴ്സണായി ഡോ.ദരക്ഷന്‍ അന്ദ്രാബി സ്ഥാനമേറ്റു; ബോർഡിനെ നയിക്കുന്ന ആദ്യ വനിത
ഇതിനകം മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്, കേരളം, മിസോറാം, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ ബാങ്ക് തട്ടിപ്പുകളുമായോ മറ്റ് സാമ്പത്തിക തട്ടിപ്പുകളുമായോ ബന്ധപ്പെട്ട കേസുകളിൽ സിബിഐ അന്വേഷണത്തിനുള്ള അനുമതി പിന്‍വലിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം പിന്‍വലിച്ചത് മേഘാലയയാണ്.
കേസന്വേഷണത്തിന് സംസ്ഥാനത്തിന്റെ അനുമതി നേടുന്നതിനായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി നൂറിലധികം അപേക്ഷകള്‍ നല്‍കിയിട്ടുണ്ടെന്നും എന്നാൽ ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നും സിബിഐ വൃത്തങ്ങള്‍ അറിയിക്കുന്നു. കേസ് അന്വേഷണത്തിനുള്ള പൊതു അനുമതിയ്ക്കായി നല്കിയ അപേക്ഷകളിൽ പല സംസ്ഥാനങ്ങളും തീര്‍പ്പു കല്‍പ്പിക്കുന്നില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
1946ലെ ഡല്‍ഹി സ്പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരമാണ് ദേശീയ അന്വേഷണ ഏജന്‍സിയായ സിബിഐ സ്ഥാപിച്ചത്. 1963 ഏപ്രില്‍ 1നാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ ഇന്ത്യയിലെ ഏറ്റവും ഉന്നത അന്വേഷണ ഏജന്‍സിയായ സിബിഐ നിലവില്‍ വന്നത്. അഴിമതി തടയാനുള്ള വിഭാഗം, പ്രത്യേക കുറ്റകൃത്യങ്ങള്‍ തെളിയിക്കാനുള്ള വിഭാഗം എന്നിങ്ങനെ സിബിഐയില്‍ രണ്ട് അന്വേഷണ വിഭാഗങ്ങളാണുള്ളത്.
സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയോ സുപ്രീംകോടതിയുടെയോ ഹൈക്കോടതിയുടെയോ നിര്‍ദ്ദേശമോ ഉണ്ടെങ്കിലേ സിബിഐ കേസന്വേഷണം നടത്താറുള്ളൂ. അന്താരാഷ്ട്ര പോലീസ് കൂട്ടായ്മയായ ഇന്റര്‍പോളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് സിബിഐയാണ്. നിലവില്‍ കേന്ദ്ര പേഴ്സണല്‍, പെന്ഷന് ആന്റ് പബ്ലിക് ഗ്രീവന്‍സസ് വകുപ്പിന് കീഴിലാണ് സിബിഐ പ്രവര്‍ത്തിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.