സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സിബിഐ) വജ്രജൂബിലി ആഘോഷങ്ങൾ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഷില്ലോങ്, പൂനെ, നാഗ്പൂർ എന്നിവിടങ്ങളിൽ സിബിഐ പുതിയതായി നിർമിച്ച ഓഫീസ് സമുച്ചയങ്ങളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ‘സിബിഐ സാധാരണ പൗരന്മാർക്ക് പ്രതീക്ഷയും കരുത്തും നൽകുന്നു. നീതിയുടെ ബ്രാൻഡായി സിബിഐ ഉയർന്നുവന്നതോടെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജനങ്ങൾ പ്രതിഷേധം നടത്തുന്നത്’ ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു.
സി.ബി.ഐ പോലെയുള്ള കാര്യക്ഷമവും പ്രൊഫഷണലുമായ സ്ഥാപനങ്ങൾ ഇല്ലാതെ ഇന്ത്യക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ബാങ്ക് തട്ടിപ്പുകൾ മുതൽ വന്യജീവി സംബന്ധമായ തട്ടിപ്പുകൾ വരെ സിബിഐ അന്വേഷിക്കുന്നുണ്ട്. എന്നാൽ രാജ്യത്തെ അഴിമതിരഹിതമാക്കുകയാണ് സിബിഐയുടെ പ്രധാന ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു.
Also read- സവർക്കറെ പുകഴ്ത്തി ശരദ് പവാർ; ‘ശാസ്ത്ര ബോധമുള്ള ദേശീയവാദി’
പരിപാടിയിൽ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലും സിബിഐയിലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥർക്കുള്ള സ്വർണ്ണ മെഡലും നേടിയവർക്ക് പ്രധാനമന്ത്രി മെഡലുകൾ സമ്മാനിച്ചു. സിബിഐയുടെ വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന തപാൽ സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.
വജ്രജൂബിലി ആഘോഷത്തിൽ സിബിഐയുടെ ട്വിറ്റർ അക്കൗണ്ടും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇന്റർപോൾ ജനറൽ അസംബ്ലിയുടെ സമയത്ത്, അതിനെക്കുറിച്ചുള്ള വാർത്തകൾ പങ്കുവെക്കുന്നതിനായാണ് സിബിഐ ട്വിറ്ററിൽ ആദ്യമായി അക്കൗണ്ട് തുറന്നത്. 1963 ഏപ്രിൽ 1-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം പ്രകാരമാണ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ സ്ഥാപിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.