ന്യൂഡൽഹി: മഹാരാഷ്ട്രയിലെ യുക്തിവാദിയും സാമൂഹ്യപ്രവർത്തകനുമായ നരേന്ദ്ര ധാബോൽക്കറുടെ വധത്തിൽ നിർണായക തെളിവാകുമെന്ന് കരുതുന്ന തോക്ക് തെരച്ചിലിനൊടുവിൽ കടലിനടിയിൽ നിന്നും കണ്ടെത്തി. മഹാരാഷ്ട്രയിലെ താനെയ്ക്കടുത്ത് കടലിനടിയിൽ 40 അടിയോളം മണ്ണ് നീക്കം ചെയ്താണ് തോക്ക് കണ്ടെത്തിയത്. ഏഴരക്കോടി രൂപയാണ് തിരച്ചിലിന് ചെലവായത്. ഈ തുക കർണാടക, മഹാരാഷ്ട്ര സർക്കാരുകൾ സംയുക്തമായി നൽകും.
കണ്ടെടുത്ത തോക്ക് ബാലിസ്റ്റിക് പരിശോധനയ്ക്കായി അയയ്ക്കും. ദാബോൽക്കറുടെ കൊലപാതകത്തിലാണോ അതോ മറ്റേതെങ്കിലും കേസിലാണോ ഇത് ഉപയോഗിച്ചതെന്ന് ഇതോടെ വ്യക്തമാകും. അതോടെ ദബോൽക്കർ കൊലപാതക കേസിന്റെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവാകും എന്ന് കരുതപ്പെടുന്നു.
കേസ് അന്വേഷിക്കുന്ന സി.ബി.ഐ ആവശ്യപ്പെട്ടതനുസരിച്ച് ദുബായ് ആസ്ഥാനമായുള്ള എൻവിടെക് മറൈൻ കൺസൾട്ടൻറ്സ് ആണ് തോക്ക് കണ്ടെടുത്തത്. ആധുനിക സാങ്കേതിക വിദ്യയും നോർവീജിയൻ ഉപകരണങ്ങളും ഉപയോഗിച്ചാണ് തിരച്ചിൽ നടത്തിയത്. ഉക്രൈനിൽ നിന്നുള്ള മുങ്ങൽ വിദഗ്ധരും ദൗത്യത്തിൽ പങ്കെടുത്തു.
പൂനെയിൽ വലതുപക്ഷ തീവ്രവാദ ഗ്രൂപ്പായ സനാതൻ സൻസ്താ അംഗങ്ങളുടെ വെടിയേറ്റാണ് ദബോൽക്കർ 2013 ആഗസ്റ്റ് 20 ന് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ സനാതൻ സൻസ്താ അംഗത്തിന്റെ നിർദേശ പ്രകാരം താനെയ്ക്കടുത്ത് ഒരു പാലത്തിൽ നിന്നും കടലിൽ എറിഞ്ഞതായി ദാബോൽക്കർ കേസിലെ ആരോപണവിധേയനായ ശരദ് കലാസ്കർ മൊഴി നൽ കിയിരുന്നു.
ദാബോൽക്കറെ കൂടാതെ ഗൗരി ലങ്കേഷ്, എം.എം. കൽബുർഗി, ഗോവിന്ദ് പൻസാരെ എന്നിവരും സമാനമായ സാഹചര്യത്തിൽ കൊലപ്പെട്ടിരുന്നു. കൽബുർഗി, ഗൗരി ലങ്കേഷ്, പൻസാരെ എന്നിവരുടെ കൊലപാതക കേസും കർണാടക പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
Published by:Chandrakanth viswanath
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.