കൊൽക്കത്ത; ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പെയിന്‍റിംഗിന്‍റെ യഥാർഥ വിലയറിയാൻ സിബിഐ നീക്കം. മമതയുടെ പെയിന്‍റിംഗിന്‍റെ മൂല്യം കണ്ടെത്താൻ സിബിഐ വിദഗ്ദ്ധരുടെ സഹായം തേടി. സംസ്ഥാനത്ത് ചില സാമ്പത്തിക സ്ഥാപനങ്ങൾ നടത്തുന്നവരാണ് മമതയുടെ പെയിന്‍റിങ് വാങ്ങിയിട്ടുള്ളത്. രണ്ടു ഡസനോളം പെയിന്‍റിങുകൾ ചിട്ടി കമ്പനി റെയ്ഡിൽനിന്ന് സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെയാണ് മമതയുടെ പെയിന്‍റിങിന്‍റെ വിപണിമൂല്യം കണ്ടെത്താൻ സിബിഐ ശ്രമിക്കുന്നത്.
അടുത്തിടെ ചിട്ടിതട്ടിപ്പ് നടത്തിയ ചില കമ്പനികൾ തൃണമൂൽ കോൺഗ്രസിന് സംഭാവനയായി കോടികൾ നൽകിയിട്ടുള്ളതായി സിബിഐയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതുമായി മമതയുടെ പെയിന്‍റിങ് വിറ്റതിന് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. വിവിധ ചിട്ടി കമ്പനി ഉടമകളുടെ വീടും ഓഫീസും റെയ്ഡ് ചെയ്തതിൽനിന്ന് മമതയുടെ 25ഓളം പെയിന്‍റിങുകളാണ് സിബിഐ പിടിച്ചെടുത്തിട്ടുള്ളത്.
ബംഗാളിലെ പ്രമാദമായ ശാരദ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് മുൻകേന്ദ്രമന്ത്രി പി ചിദംബരത്തിന്‍റെ ഭാര്യയും മുതിർന്ന അഭിഭാഷകയുമായ നളിനി ചിദംബരത്തെയും ഉൾപ്പെടുത്തിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. നിക്ഷേപകരിൽനിന്ന് 2500 കോടി രൂപ സമാഹരിച്ചശേഷം 1900 കോടി രൂപ തിരിച്ചുനൽകാതെ തട്ടിയെന്നാണ് ശാരദ ചിട്ടിഫണ്ടിനെതിരായ കേസ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.