10, 12 ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷക്ക് കൂടുതൽ വെയിറ്റേജ് നൽകാൻ സിബിഎസ്‍ഇ (CBSE) തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ടേം ഒന്ന്, ടേം രണ്ട് പരീക്ഷകൾ, ഇന്റേണൽ അസെസ്മന്റ്, പ്രാക്ടിക്കൽ പരീക്ഷ എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും അന്തിമ ഫലം പ്രഖ്യാപിക്കുക എന്ന് സിബിഎസ്‍ഇ അറിയിച്ചു. എന്നാൽ രണ്ടാം ടേം പരീക്ഷക്ക് ലഭിക്കുന്ന വെയിറ്റേജ് എത്രയാണെന്ന് സിബിഎസ്ഇ വ്യക്തമാക്കിയിട്ടില്ല.
ഒന്ന്, രണ്ട്, ടേം പരീക്ഷകൾക്ക് ഒരേ വെയിറ്റേജ് ആയിരിക്കും എന്നാണ് സിബിഎസ്ഇ മുൻപ് അറിയിച്ചിരുന്നത്. എന്നാൽ വിദ്യാർഥികളും അധ്യാപകരും മാതാപിതാക്കളും അക്കാദമിക് വിദഗ്ധരും ഉൾപ്പെടെ ഉള്ളവർ ഈ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
ഒന്നാം ടേമിൽ നിന്നും കണക്കിലെടുക്കുന്ന വെയിറ്റേജ് കുറക്കണമെന്നാവശ്യപ്പെട്ട് സിബിഎസ്‍ഇ ചെയർപേഴ്സൺ വിനീത് ജോഷിക്ക് നാഷണൽ പ്രോഗ്രസീവ് സ്കൂൾസ് കോൺഫറൻസ് (National Progressive Schools’ Conference (NPSC)) കത്തയച്ചിരുന്നു. സ്വന്തം സെന്ററുകളിൽ നടന്ന ഒന്നാം ടേം പരീക്ഷയിൽ പല സ്കൂളുകളും അന്യായമായ മാർഗങ്ങൾ സ്വീകരിച്ചെന്നും ഈ സ്കൂളുകളിലെ നിരവധി വിദ്യാർത്ഥികൾ മിക്ക വിഷയങ്ങളിലും മുഴുവൻ മാർക്കും നേടിയെന്നും കത്തിൽ പറയുന്നു. ചില സ്കൂളുകൾ പരീക്ഷയെഴുതിയ വിദ്യാർഥികളെ അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ ഒന്നാം ടേമിന് കൂടുതൽ വെയിറ്റേജ് നൽകുന്നത് അന്യായമാണെന്നും പ്രതിഷേധവുമായി രംഗത്തെത്തിയ വിദ്യാർഥികളും സൂചിപ്പിച്ചിരുന്നു. ടേം രണ്ടിൽ സ്വന്തം സ്കൂളുകൾ ആയിരിക്കില്ല പരീക്ഷാ സെന്റർ എന്ന് സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്.
ആദ്യമായാണ് 10, 12 ക്ലാസുകൾക്കായി സിബിഎസ്ഇ രണ്ട് ടേം പരീക്ഷകൾ നടത്തുന്നത്. കോവിഡ് മൂലം കാലതാമസം വന്നെങ്കിലും വിദ്യാര്‍ഥികള്‍ക്ക് തയ്യാറെടുപ്പ് നടത്താന്‍ മതിയായ സമയമുണ്ടെന്ന് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. രണ്ട് ടേം പരീക്ഷകൾ നടത്തുന്നത് വിദ്യാർഥികൾക്ക് സ്കോർ മെച്ചപ്പെടുത്തുന്നതിനുള്ള അവസരം നൽകുമെന്ന് ദേശീയ വിദ്യാഭ്യാസ നയം (NEP) വ്യക്തമാക്കിയിരുന്നെങ്കിലും അടുത്ത വർഷം മുതൽ ഒറ്റപ്പരീക്ഷയെന്ന പഴയ രീതിയലേക്ക് സിബിഎസ്ഇ മടങ്ങിപ്പോകാനാണ് സാധ്യത.
അടുത്ത വർഷം പഴയ പോലെ തന്നെയായിരിക്കും പരീക്ഷകൾ നടത്തുകയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ടേം 2 പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വിദ്യാർഥികളുടെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. പല കോണുകളിൽ നിന്നും വിമർശനങ്ങളും ഉയരുന്നുണ്ട്. പഴയ വാർഷിക പരീക്ഷാ സമ്പ്രദായത്തിലേക്ക് ഇനി സിബിഎസ്ഇ തിരിച്ച് പോകാനാണ് സാധ്യത. എന്നാൽ സിലബസ് വെട്ടിക്കുറയ്ക്കുന്നത് അടുത്ത വർഷവും തുടരും. കോവിഡ് പ്രതിസന്ധി കാരണം വിദ്യാർഥികൾക്ക് നിരവധി ക്ലാസുകൾ നഷ്ടമായിരുന്നു. ഇക്കാരണം കൊണ്ടാണ് സിലബസ് വെട്ടിക്കുറയ്ക്കാൻ സിബിഎസ്ഇ തീരുമാനിച്ചത്. 2020ൽ പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും സിലബസുകൾ 30 ശതമാനം വെട്ടിക്കുറച്ചിരുന്നു. ഇത് തുടരാനാണ് സാധ്യത.
ഈ അധ്യയന വർഷത്തെ ആദ്യ ടേം പരീക്ഷ നവംബര്‍— ഡിസംബര്‍ മാസങ്ങളിലാണ് നടന്നത്. രണ്ടാം ടേം ഏപ്രില്‍ 26 മുതല്‍ ആരംഭിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Board Exam, CBSE