• HOME
  • »
  • NEWS
  • »
  • india
  • »
  • 'സ്ത്രീ-പുരുഷ സമത്വം കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കി'; CBSE പത്താം ക്ലാസ് ചോദ്യപേപ്പർ വിവാദത്തിൽ

'സ്ത്രീ-പുരുഷ സമത്വം കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കി'; CBSE പത്താം ക്ലാസ് ചോദ്യപേപ്പർ വിവാദത്തിൽ

സിബിഎസ്ഇ പത്താം ക്ലാസ് ആദ്യ ടേം ഇംഗ്ലീഷ് പരീക്ഷ ചോദ്യപേപ്പറിൽ പ്രത്യക്ഷപ്പെട്ട ഖണ്ഡികയും അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമാണ് വിവാദമായത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് ആദ്യ ടേം ഇംഗ്ലീഷ് പരീക്ഷ ചോദ്യപേപ്പര്‍ വിവാദത്തിൽ. ചോദ്യപേപ്പറിൽ പ്രത്യക്ഷപ്പെട്ട ഖണ്ഡികയും അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമാണ് വിവാദമായത്. സ്ത്രീ - പുരുഷ സമത്വം കുടുംബങ്ങളിൽ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കി എന്നാണ് ഖണ്ഡികയിൽ പറയുന്നത്.

    സത്രീ - പുരുഷ സമത്വം ഇല്ലാതിരുന്ന കാലത്ത് കുടുംബത്തിലെ കുട്ടികൾക്ക് അച്ചടക്കം ഉണ്ടായിരുന്നു. ഭാര്യമാരുടെ വിമോചനം കുട്ടികളുടെ മേലുള്ള മാതാപിതാക്കളുടെ അധികാരം ഇല്ലാതാക്കി. എന്നാൽ സ്ത്രീ - പുരുഷ സമത്വം വന്നതോടെ കുടുംബത്തിന്റെ അധികാരി എന്ന സ്ഥാനത്തുനിന്ന് പുരുഷനെ താഴെയിറക്കിയതിലൂടെ ഭാര്യയും അമ്മയും കുടുംബത്തിന്റെ അച്ചടക്കം ഇല്ലാതാക്കി എന്നാണ് ചോദ്യപേപ്പറിലെ നിരീക്ഷണം. സ്ത്രീ - പുരുഷ സമത്വം വന്നതോടെ കൗമാരക്കാരുടെ മേൽ രക്ഷിതാക്കൾക്ക് ആധിപത്യം ഇല്ലാതാകാൻ കാരണമായതായും ചോദ്യപേപ്പർ ചൂണ്ടിക്കാട്ടുന്നു.

    ഭാര്യ ഭർത്താവിനെ അനുസരിക്കുന്നവൾ ആയിരുന്നപ്പോൾ ഭാര്യയ്ക്ക് കുട്ടികളുടെ മേൽ സ്വാധീനം ചെലുത്താൻ സാധിച്ചിരുന്നു. രക്ഷിതാക്കളിൽ ചുമതലക്കാരൻ ഭർത്താവ് എന്നാണ് പഴയ കാഴ്ചപ്പാട്. അക്കാലത്ത് ഭർത്താവിന്റെ നിഴലിൽ നിന്ന് തന്റെ കുട്ടികളിൽ ആധിപത്യം സ്ഥാപിക്കാൻ അച്ഛന്റെ അസാന്നിധ്യത്തിൽ പോലും ‘അച്ഛൻ അത് വിലക്കിയതാണ്’ എന്നു പറഞ്ഞ് കുട്ടികളെ നിയന്ത്രിക്കാൻ അന്ന് അമ്മമാർക്ക് കഴിഞ്ഞിരുന്നു.'

    എന്നാൽ 20ാം നൂറ്റാണ്ടിൽ സ്ത്രീപക്ഷവാദം കൂടിയതോടെ കുടുംബത്തിൽ അച്ചടക്കത്തിന്റെ പ്രാധാന്യ൦ പോയി. അച്ഛന്റെ വാക്ക് പവിത്രമെന്ന ചിന്ത മാറി. സ്ത്രീ - പുരുഷ സമത്വം നടപ്പാക്കി തുടങ്ങിയതോടെ എല്ലാം വഴി തെറ്റിയെന്നും ചോദ്യപേപ്പറിൽ പറയുന്നു.

    ചേദ്യപേപ്പറിൽ സെക്ഷൻ എയിലാണ് ഇത് പ്രത്യക്ഷപ്പെട്ടത്. ‘ഇതിലെ എഴുത്തുകാരൻ എങ്ങനെയുള്ള ആളാണ് എന്നതായിരുന്നു ഖണ്ഡികയെ കുറിച്ചുള്ള ചോദ്യം. ചോദ്യം ഇപ്രകാരമായിരുന്നു – 1) ഒരു മെയിൽ ഷോവനിസ്റ്റ് അല്ലെങ്കിൽ അഹങ്കാരി. 2) ജിവിതത്തെ ലഘുവായി സമീപിക്കുന്നയാൾ. 3) അസംതൃപ്തനായ ഭർത്താവ്. 4) കുടുംബത്തിന്റെ ക്ഷേമം മാത്രം ആഗ്രഹിക്കുന്നവൻ. സിബിഎസ്‌സി നൽകിയ ഉത്തരസൂചികയിൽ ജിവിതത്തെ ലഘുവായി സമീപിക്കുന്നയാൾ എന്നാണ് ഉത്തരം.

    ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രമുഖരടക്കം ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. ഇതാണ് നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നത് എന്നത് അവിശ്വസനീയമാണെന്നാണ് ചോദ്യപേപ്പർ ട്വീറ്റ് ചെയ്ത് പ്രിയങ്ക ഗാന്ധി കുറിച്ചത്. ബിജെപി സർക്കാർ സ്ത്രീകളെ കുറിച്ചുള്ള ഇത്തരം പിന്തിരിപ്പൻ വീക്ഷണങ്ങൾ അംഗീകരിക്കുന്നവരാണ്, പിന്നെന്താണ് അവർ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക?– പ്രിയങ്ക ട്വീറ്റ് ചെയ്തു.




    'സിബിഎസ്ഇയുടെ പത്താം ക്ലാസ് ചോദ്യപേപ്പറിലാണ് ഇത്തരമൊരു അസംബന്ധ൦. ഇതാണോ നമ്മളുടെ കുട്ടികളെ പഠിപ്പിക്കുന്നത്. കുട്ടികളുടെ മേൽ ഇത്തരമൊരു വിഷയം അടിച്ചേൽപ്പിച്ചതിന് സിബിഎസ്ഇ വിശദീകരണവും ഒപ്പം മാപ്പും പറയുകയും വേണം.' - തമിഴ്നാട് കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി ലക്ഷ്മി രാമചന്ദ്രൻ ട്വീറ്റ് ചെയ്തു.
    Published by:Naveen
    First published: