ന്യൂഡല്‍ഹി: ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ കര്‍ഷകര്‍ക്ക് ആറായിരം രൂപ സാമ്പത്തിക സഹായം നല്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ഗുണഭോക്താക്കളെ കണ്ടെത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. പദ്ധതിയുമായി ബന്ധപ്പെട്ട നടപടികള്‍ തുടങ്ങാന്‍ ചീഫ് സെക്രട്ടറിമാര്‍ക്കാണ് കേന്ദ്രം കത്തയച്ചത്. പദ്ധതി നടപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പിനെ ചുമതലപ്പെടുത്താനും സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദ്ദേശത്തില്‍ പറയുന്നു.
ഫെബ്രവരി ഒന്നു വരെയുള്ള സംസ്ഥാന ഭൂ രേഖകളുടെ അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളെ കണ്ടെത്തണമെന്നും. ആദ്യ ഗഡു എത്രയും വേഗം കര്‍ഷകര്‍ക്ക് നല്കാന് കഴിയുന്ന വേഗത്തില്‍ വിവരങ്ങള്‍ നല്‍കാനുമാണ് ചീഫ് സെക്രട്ടറിമാര്‍ക്കുള്ള കത്തിലെ നിര്‍ദ്ദേശം. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ആദ്യ ഗഡുവായ രണ്ടായിരം രൂപ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് കര്‍ഷകരുടെ അക്കൗണ്ടില്‍ ഇടാനാണ് സര്‍ക്കാര്‍ നീക്കം.
Also Read: മോദിയുടെ ജന്മനാട്ടില് ജയിച്ച കോണ്‍ഗ്രസ് MLA രാജിവെച്ചു
ഇതുസംബന്ധിച്ച് കേന്ദ്ര കൃഷി സെക്രട്ടറിയാണ് ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്. പദ്ധതിയുടെ മുഴുവന്‍ ചിലവും കേന്ദ്രമാണ് വഹിക്കുക. സംസ്ഥാനങ്ങളിലെ ഭൂരേഖകള്‍ പ്രകാരം യോഗ്യരായവരെ കണ്ടെത്തണം. ഫെബ്രവരി ഒന്നാം തീയതി വരെ ഭൂ രേഖകളില്‍ പേരുള്ളവരാണ് യോഗ്യര്‍. വ്യത്യസ്ത വില്ലേജുകളിലാണ് ഒരു കുടുംബത്തിന്റെ ഭൂമിയെങ്കില്‍ ഇത് ഒരുമിച്ചു പരിഗണിക്കും. സംസ്ഥാനങ്ങള്‍ ആധാര്‍, ബാങ്ക് അക്കൗണ്ട് അടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ചു ഗുണഭോക്താക്കളുടെ ഡാറ്റാബേസ് തയ്യാറാക്കണമെന്നാണ് കത്തില്‍ പറയുന്നത്.
ഡിസംബര്‍ ഒന്നുമുതല്‍ മാര്‍ച്ച് 31 വരെയുള്ള ഗഡുവാണ് ആദ്യം നല്‍കുക. ഫെബ്രവരി ഒന്നിന് ശേഷം ഭൂ ഉടമസ്ഥതയില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ അടുത്ത അഞ്ചു വര്‍ഷത്തേക്ക് ആനുകൂല്യത്തിന് പരിഗണിക്കില്ല. കൃഷി ഭൂമിയുടെ ഉടമസ്ഥാവകാശം മാറ്റി നല്കുമ്പോള് ആനുകൂല്യം നല്‍കും. കേന്ദ്രത്തില്‍ പദ്ധതി മേല്‍നോട്ടത്തിന് യൂണിറ്റ് സ്ഥാപിക്കും. സംസ്ഥാനങ്ങള്‍ ബന്ധപ്പെട്ട വകുപ്പിനെ ചുമതലപ്പെടുത്തുകയാണ് വേണ്ടത്.
ഫണ്ടിന്റെ പരമാവധി 0.125% തുക സംസ്ഥാനങ്ങള്‍ക്ക് ഭരണപരമായി ആവശ്യം വരുന്ന ചിലവ് നല്‍കും. സുതാര്യതയ്ക്കായി ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ഗ്രാമപഞ്ചായത്തുകളില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദ്ദേശം പറയുന്നു. ഭൂവുടമസ്താവകാശം വിവിധ സമൂഹങ്ങളില്‍ അര്‍പ്പിതമായ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പാക്കുന്നത് എങ്ങനെയെന്ന് കണ്ടെത്താന്‍ കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും അടങ്ങുന്ന സമിതിക്ക് രൂപം നല്‍കുമെന്നും നിര്‍ദ്ദേശത്തിലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.