ന്യൂഡല്‍ഹി: ചൈനീസ് കമ്പനികളുമായി സഹകരിക്കുന്നത് ഒഴിവാക്കണമെന്ന് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. ചൈനീസ് ടെക് സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പുതിയ നടപടി.
ചൈനീസ് സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനുള്ള കരാറില്‍ ഒപ്പിടുന്നതിന് മുമ്പ് വിശദമായ പരിശോധന നടത്തണമെന്നും കേന്ദ്രനിര്‍ദ്ദേശത്തില്‍ പറയുന്നു. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച വിശദമായ നിര്‍ദ്ദേശം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്തിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഈ നിര്‍ദ്ദേശം കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരിക.
‘ചൈനീസ് ടെക് കമ്പനികളുമായി ചേര്‍ന്ന് അക്കാദമിക കരാറുകളില്‍ ഏര്‍പ്പെടരുതെന്ന് ഇന്ത്യയിലെ സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നോ, വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നോ വ്യക്തമായ മറുപടി ലഭിച്ച ശേഷം മാത്രമേ ഇത്തരം കരാറുകളുമായി മുന്നോട്ട് പോകാന്‍ പാടുള്ളുവെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്,’ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
സമാനമായ നിര്‍ദ്ദേശങ്ങള്‍ മുമ്പും ലഭിച്ചിട്ടുണ്ടെന്ന് ഐഐടി ഡല്‍ഹിയിലെ ഒരു അധ്യാപകന് പറഞ്ഞു. ചൈനീസ് ബന്ധമുള്ള സ്ഥാപനങ്ങളുമായി യാതൊരു വിധ അക്കാദമിക കരാറിലും ഏര്‍പ്പെടരുതെന്നും പ്രോജക്ടുകള്‍ നടത്തരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് നിര്‍ദ്ദേശ ലഭിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. നിരവധി ചൈനീസ് ടെക് കമ്പനികള്‍ ഐഐടി ഡല്‍ഹിയുമായി ചേര്‍ന്ന് ചില ഗവേഷണങ്ങള്‍ നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ അത്തരം കരാറുകൾ പാടില്ലെന്ന് തങ്ങള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരുന്നതിനാലാണ് അവയുമായി മുന്നോട്ട് പോകാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൂടാതെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഇതേ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചൈന അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍, സര്‍വ്വകലാശാലകള്‍, കോളേജുകള്‍ എന്നിവയുമായി ചേര്‍ന്നുള്ള അക്കാദമിക സഹകരണ കരാറുകള്‍ ഒഴിവാക്കണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം.
‘കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ക്ലിയറന്‍സ് ലഭിച്ച ശേഷം മാത്രം സഹകരണ കരാറുമായി മുന്നോട്ട് പോകാവുന്നതാണ്. നേരത്തെയും സമാനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നതാണ്. എന്നാല്‍ ചില സ്ഥാപനങ്ങള്‍ ഇത്തരം കരാറുകളുമായി മുന്നോട്ട് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് കര്‍ശന ഉത്തരവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്,’ സര്‍ക്കാര്‍ വൃത്തങ്ങൾ വ്യക്തമാക്കി. രാജ്യത്തെ ഇന്റലിജന്‍സ് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതില്‍ ഇത്തരം ടെക്നോളജി കമ്പനികള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നാണ് ഉന്നത പൊലീസ് വൃത്തങ്ങള്‍ നല്കുന്ന വിവരം.
Also read- മുടി നീളം കുറച്ചു വെട്ടിയതിന് 2 കോടി നഷ്ടപരിഹാരത്തിനുള്ള വിധി സുപ്രീംകോടതി റദ്ദാക്കി
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ജനുവരി 20-22 തീയതികളിലായിരുന്നു യോഗം നടന്നത്. യോഗത്തിന്റെ വിവരങ്ങള്‍ സര്‍ക്കാര്‍ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ പിന്നീട് പിന്‍വലിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.