ന്യൂഡൽഹി: മുസ്ലിംലീഗ് വര്‍ഗീയ പാര്‍ട്ടി ആണെന്ന ആരോപണം ഉത്തരേന്ത്യയ്ക്ക് പിന്നാലെ കേരളത്തിലും മുഖ്യപ്രചാരണ വിഷയമാക്കി ബിജെപി. യോഗി ആദിത്യനാഥിന് പിന്നാലെ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയും കോണ്‍ഗ്രസ് - ലീഗ് ബന്ധത്തിന് എതിരെ ആഞ്ഞടിച്ചു. രാഹുല്‍ എത്തിയത് ലീഗിനും ജമാ അത്തെ ഇസ്ലാമിക്കും മതേതര സര്‍ട്ടിഫിക്കറ്റ് നല്കാൻ ആണെന്നും വയനാട് മണ്ഡലം എന്‍ഡിഎ കണ്‍വന്‍ഷനില്‍ നഖ്വി ആരോപിച്ചു.
രാഹുലിന്റെ വയനാട്ടിലേക്കുള്ള വരവ് മുസ്ലീം വര്‍ഗീയതയുമായി ചങ്ങാത്തം കൂടിയിട്ടാണെന്ന ഉത്തരേന്ത്യന്‍ പ്രചാരണം കേരളത്തിലേക്കും കൊണ്ടുവരികയാണ് ബി.ജെ.പി. മുസ്ലിംലീഗ് വൈറസാണെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ എൻ.ഡി.എ വയനാട് പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷനിലും മുസ്ലിംലീഗ്, ജമാഅത്തെ ഇസ്ലാമി, കോണ്‍ഗ്രസ് ബന്ധം പ്രധാനവിഷയമായി.
രാഹുലിന്റെ വരവ് ലീഗിനും ജമാ അത്തെ ഇസ്ലാമിക്കും മതേതര സര്‍ട്ടിഫിക്കറ്റ് കൊടുക്കാനാണെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി ആരോപിച്ചു. കോണ്‍ഗ്രസ് എല്ലാകാലത്തും വര്‍ഗീയവാദികളുമായി ബന്ധമുണ്ടാക്കിയിട്ടുണ്ട്. രാഹുലിന്റെ വയനാട് സന്ദര്‍ശനത്തില്‍ കൂടുതലും കണ്ടത് ലീഗ് കൊടികളാണെന്നും നഖ്വി കുറ്റപ്പെടുത്തി.
മുന്‍പൊരിക്കലും മുസ്ലിംലീഗിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചിട്ടില്ലാത്ത ബി.ഡി.ജെ.എസ് ദേശീയ അധ്യക്ഷനും ലീഗ് വര്‍ഗീയപാര്‍ട്ടി തന്നെയെന്ന നിലപാടിലാണ്. നേരത്തെ മുസ്ലിംലീഗ് പതാക പാകിസ്ഥാന്റെ പതാകയെന്ന തരത്തില്‍ ട്വിറ്ററില്‍ പ്രചാരണം ശക്തമായിരുന്നു. രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നത് ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാനാണെന്ന ആരോപണം പ്രധാനതെരഞ്ഞെടുപ്പ് വിഷയമാക്കാനാണ് ബിജെപി തീരുമാനം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.