മുംബൈ: ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവരിൽനിന്ന് ഇന്ത്യൻ റെയിൽവേയുടെ സെൻട്രൽ സോൺ പിഴയായി ഈടാക്കിയത് 125.16 കോടി രൂപ. ഈ വർഷം ഏപ്രിൽ മുതൽ നവംബർ വരെയുള്ള കണക്കാണിത്. നവംബറിൽ മാത്രം പിഴയായി ഈടാക്കിയത് 21.39 കോടി രൂപയാണ്. അതേസമയം 2017 നവംബറിൽ സെൻട്രൽ റെയിൽവേയ്ക്ക് യാത്രക്കാരിൽനിന്ന് പിഴയായി കിട്ടിയത് 11.66 കോടി രൂപ മാത്രമായിരുന്നു. ഒറ്റവർഷം കൊണ്ട് ഈയിനത്തിൽ 83.45 ശതമാനം വർധനവാണുണ്ടായിട്ടുള്ളത്.
ട്രെയിനുകൾക്കുള്ളിലും സ്റ്റേഷനിലും പരിശോധനകൾ കർക്കശമാക്കിയതോടെയാണ് ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന കൂടുതൽ പേരെ പിടികൂടാനായതെന്ന് സെൻട്രൽ റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവർക്കായി കൂടുതൽ സൌകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഏതായാലും കഴിഞ്ഞ കുറച്ചുനാളുകളായി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി കുറയ്ക്കാനായതായും ഉദ്യോഗസ്ഥൻ പറയുന്നു.
എന്നാൽ റിസർവ് ചെയ്ത ടിക്കറ്റുകൾ മറ്റ് ആളുകൾക്ക് കൈമാറ്റം ചെയ്യുന്ന സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് സെൻട്രൽ റെയിൽവേ പറയുന്നു. കഴിഞ്ഞ മാസം മാത്രം 789 കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്. പിടിക്കപ്പെട്ടവരിൽനിന്ന് 3.69 ലക്ഷം രൂപ പിഴയായി ഈടാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.