ന്യൂഡല്‍ഹി: ശക്തമായ പ്രതിഷേധം ഉയർന്നതോടെ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മാത്രമായി തപാൽവകുപ്പ് ഞായറാഴ്ച നടത്തിയ പോസ്റ്റ്മാൻ പരീക്ഷ കേന്ദ്രസർക്കാർ റദ്ദാക്കി. തമിഴും മലയാളവുമുൾപ്പെടെ എല്ലാ പ്രാദേശികഭാഷകളിലുമായി വീണ്ടും പരീക്ഷ നടത്തുമെന്ന് വാർത്താവിനിമയമന്ത്രി രവിശങ്കർ പ്രസാദ് രാജ്യസഭയിൽ ഉറപ്പുനൽകി. പ്രശ്നമുന്നയിച്ച് എഐഎഡിഎംകെ., ഡിഎംകെ അംഗങ്ങൾ രാജ്യസഭയുടെ പ്രവർത്തനം ചൊവ്വാഴ്ച നാലുതവണ തടസപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് പരീക്ഷ റദ്ദാക്കാൻ സർക്കാർ നിർബന്ധിതരായത്. ചൊവ്വാഴ്ച രാവിലെ 11നു സഭ സമ്മേളിച്ച ഉടൻ എഐഎഡിഎംകെ അംഗങ്ങളാണ് പ്രശ്നമുന്നയിച്ചത്.
ഹിന്ദിയിലും ഇംഗ്ലീഷിലുംമാത്രം പരീക്ഷ നടത്തിയതിനാൽ തമിഴ്‌നാട്ടിലെ അർഹരായ വിദ്യാർഥികൾക്ക് അവസരം നഷ്ടപ്പെട്ടതായി എംപിമാർ കുറ്റപ്പെടുത്തി. ഡിഎംകെ അംഗങ്ങളും ഇതിനൊപ്പം കൂടി. സിപിഎം, സിപിഐ അംഗങ്ങളും ഇവരെ പിന്തുണച്ചു. മുദ്രാവാക്യം വിളിയും ബഹളവുമായതോടെ 12 വരെ സഭ നിർത്തി. ഭക്ഷണത്തിനുമുമ്പു രണ്ടുതവണകൂടി സഭ നിർത്തിവെക്കേണ്ടി വന്നു. ഉച്ചയ്ക്കുശേഷം രണ്ടിനുചേർന്നപ്പോഴും പരീക്ഷ റദ്ദാക്കണമെന്നും തമിഴിൽ നടത്തണമെന്നും തമിഴ്‌നാട്ടിലെ കക്ഷികൾ ആവശ്യപ്പെട്ടു. എല്ലാ പ്രാദേശികഭാഷകളിലും പരീക്ഷവേണമെന്ന് ബംഗാളിൽനിന്നടക്കമുള്ള അംഗങ്ങളും ആവശ്യമുന്നയിച്ചതോടെ വീണ്ടും സഭ നിർത്തി. 2.30ന് അഞ്ചാമതും സഭ ചേർന്നപ്പോൾ മന്ത്രി രവിശങ്കർ പ്രസാദ് പരീക്ഷ റദ്ദാക്കാനും വീണ്ടും നടത്താനുമുള്ള തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.