ന്യൂഡല്‍ഹി: ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെ വിമര്‍ശിക്കുന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ തള്ളി. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്.ചില തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത് എന്ന് കേന്ദ്ര വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
” അന്താരാഷ്ട്ര മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെക്കുറിച്ച് മനസ്സിലാക്കുന്നു. ഖേദകരമെന്ന് പറയട്ടെ ഇത്തരം റിപ്പോര്‍ട്ടുകള്‍ തെറ്റായ വിവരത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ചില തെറ്റിദ്ധാരണകളും റിപ്പോര്‍ട്ടില്‍ കടന്നുകൂടിയിട്ടുണ്ട്,” അരിന്ദം ബാഗ്ചി പറഞ്ഞു.
ചില യുഎസ് ഉദ്യോഗസ്ഥരുടെ പക്ഷപാതപരമായ വ്യാഖ്യാനം ഇത്തരം റിപ്പോര്‍ട്ടുകളുടെ വിശ്വാസ്യതയെയാണ് ദുര്‍ബലപ്പെടുത്തുന്നതെന്നും ബാഗ്ചി പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു ബാഗ്ചിയുടെ പ്രതികരണം.
” അമേരിക്കയുമായുള്ള ബന്ധത്തെ ഞങ്ങള്‍ വിലമതിക്കുന്നുണ്ട്. ആശങ്കയുള്ള വിഷയങ്ങളില്‍ ഒരു തുറന്ന സമീപനമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്,” എന്നും ബാഗ്ചി പറഞ്ഞു.
ലോകരാജ്യങ്ങളിലെ മതസ്വാതന്ത്ര്യത്തെപ്പറ്റിയുള്ള യുഎസ് റിപ്പോര്‍ട്ട് തിങ്കളാഴ്ചയാണ് പുറത്തുവന്നത്. റഷ്യ, ഇന്ത്യ, ചൈന, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ മതവിഭാഗത്തെ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും യുഎസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് ആരോപിച്ചിരുന്നു.
ലോകത്തെ 200ലധികം രാജ്യങ്ങളിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് എന്നാണ് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കണ് പറഞ്ഞത്. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സമഗ്രവും വസ്തുതാധിഷ്ടിതമായ റിപ്പോര്‍ട്ടാണ് ഇതെന്നും ബ്ലിങ്കണ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.