ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടതോടെ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശം പാർട്ടിക്ക് നിയമസഭ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും ദയനീയ പ്രകടനമാണ് കാഴ്ച വെയ്ക്കാൻ കഴിഞ്ഞത്. രാജ് ഭവനിലെത്തി ഗവർണർ ഇ എസ് എൽ നരസിംഹന് നൽകിയ രാജിക്കത്ത് അദ്ദേഹം സ്വീകരിച്ചു.
അതേസമയം, പുതിയ സർക്കാർ രൂപീകരിക്കുന്നതു വരെ അധികാരത്തിൽ തുടരാൻ ചന്ദ്രബാബു നായിഡുവിന് നിർദ്ദേശം നൽകി. നിയമഭയിൽ ആകെ 175 സീറ്റുകളുള്ള ആന്ധ്രപ്രദേശിൽ 150 സീറ്റുകളാണ് ജഗൻമോഹൻ റെഡ്ഡിയുടെ വൈ എസ് ആർ കോൺഗ്രസ് നേടിയത്. ടി ഡി പിക്ക് 24 സീറ്റുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. അതേസമയം, ലോക് സഭ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും മികച്ച വിജയം നേടിയ ജഗൻ മോഹനെ ചന്ദ്രബാബു നായിഡു അഭിനന്ദിച്ചു.
മെയ് 30ന് വിജയവാഡയിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യന്ത്രിയായി അധികാരമേറ്റെടുക്കുമെന്ന് ജഗൻ മോഹൻ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. 2014ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ തെലുഗുദേശം പാർട്ടി 102 മണ്ഡലങ്ങളിൽ വിജയിച്ചിരുന്നു. 2014ൽ ടി ഡി പി ബിജെപി സഖ്യവുമായി ചേർന്നായിരുന്നു മത്സരിച്ചിരുന്നത്.
സംസ്ഥാനത്തെ ഏറ്റവും പ്രഗത്ഭനായ മുഖ്യമന്ത്രി ആയിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയുടെ മകനാണ് ജഗൻ മോഹൻ റെഡ്ഡി. 2009ൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ വൈ എസ് ആർ കൊല്ലപ്പെടുകയായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.