ന്യൂഡല്‍ഹി: കോടതിയുടെ പരിഗണനയിലിരിക്കുന്ന ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട ടെലിവിഷന്‍ ചര്‍ച്ചകള്‍ നീതിനിര്‍വഹണത്തിലെ നേരിട്ടുള്ള ഇടപെടലുകളാണെന്ന് സുപ്രീംകോടതി. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം.
കുറ്റകൃത്യവുമായി ബന്ധപ്പെട്ട വിഷയങ്ങളും തെളിവുകളും കോടതിയാണ് പരിഗണിക്കേണ്ടത്. അത് ടിവി ചാനലുകള്‍ പോലെയുള്ള പൊതു ഇടങ്ങളില്‍ ചര്‍ച്ചയാക്കരുതെന്ന് കോടതി പറഞ്ഞു. വിചാരണക്കോടതി വധശിക്ഷ വിധിച്ച കേസ് ജീവപര്യന്തം തടവാക്കി കുറച്ച കര്‍ണാടക ഹൈക്കോടതിയുടെ വിധിക്കെതിരായ അപ്പീലിലെ വിധിന്യായത്തിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
കേസിലെ പ്രതികളുടെ കുറ്റസമ്മതമൊഴിയുടെ ഡിവിഡി തെളിവായെടുത്താണ് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. എന്നാല്‍, അന്വേഷണ സംഘം ഡിവിഡിയില്‍ രേഖപ്പെടുത്തിയ കാര്യങ്ങള്‍ ഉദയ ടിവിയിലെ 'പുട്ടാ മുട്ട' എന്ന പരിപാടിയില്‍ കാണിച്ചിരുന്നു. ഇത് ചൂണ്ടിയാണ് സ്വകാര്യ ചാനലില്‍ ഡിവിഡിയിലെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചത് നീതിനിര്‍വഹണത്തിലെ ഇടപെടലാണെന്ന് സുപ്രീംകോടതി വിലയിരുത്തിയത്.
കുറ്റകൃത്യവുമായി ബന്ധപ്പെട്ട കാര്യങ്ങളും തെളിവുകളുമെല്ലാം കോടതിയിലാണ് വരേണ്ടത്. പൊതു ഇടങ്ങള്‍ അതിനുള്ള സ്ഥലമല്ല. കോടതിയിലെത്തേണ്ട തെളിവുകള്‍ ചാനലിലെത്തുന്നത് കോടതിയെ നേരിട്ട് സ്വാധീനിക്കുന്നതിലേക്ക് നയിച്ചേക്കാം. കോടതിയുടെ മനസ്സില്‍ മുന്‍ധാരണങ്ങള്‍ ഉണ്ടാകുന്നതിന് ഇത് കാരണമായേക്കുമെന്നും സുപ്രീംകോടതി പറഞ്ഞു.
ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി അറസ്റ്റിൽ; മതവിദ്വേഷമുണ്ടാക്കുന്ന ട്വീറ്റിന്റെ പേരിലെന്ന്
ഗുജറാത്ത് വഡ്ഗാം എംഎൽഎയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി അറസ്റ്റിൽ. ബുധനാഴ്ച രാത്രി 11.30 ഓടെയാണ് പാലൻപൂരിലെ സർക്യൂട്ട് ഹൗസിൽ നിന്ന് അസം പൊലീസ് ജിഗ്നേഷ് മെവാനിയെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ ഇന്ന് ഗുവാഹത്തിയിലേക്ക് കൊണ്ടുപോകും.
അറസ്റ്റ് അദ്ദേഹത്തിന്റെ അനുയായികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ജിഗ്നേഷ് മേവാനിയുടെ സമീപകാലത്തെ ചില പോസ്റ്റുകള്‍ അധികൃതര്‍ തടഞ്ഞുവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ അറസ്റ്റെന്നാണ് സൂചന. എഫ്ഐആറിന്റെ പകര്‍പ്പോ കേസിന്റെ വിശദാംശങ്ങളോ പോലീസിന്റെ കൈവശം ഉണ്ടായിരുന്നില്ലെന്ന് ജിഗ്നേഷ് മേവാനിയുടെ അനുയായികള്‍ ആരോപിച്ചു.
സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം ജനിപ്പിക്കുന്ന പ്രവര്ത്തിക്കള്ക്കെതിരായ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 A വകുപ്പ് പ്രകാരമാണ് ജിഗ്നേഷ് മേവാനിക്കെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.അസമിലെ കൊക്രജാർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നാഥുറാം വിനായക് ഗോഡ്സെയെ കുറിച്ചുള്ള മേവാനിയുടെ ട്വീറ്റിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. ഗോഡ്സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ വർഗീയ സംഘർഷങ്ങൾ ഇല്ലാതാക്കി സമാധാനത്തിനും സൗഹാർദ്ദത്തിനും അഭ്യർത്ഥിക്കണമെന്നായിരുന്നു മേവാനിയുടെ ട്വീറ്റ്.
അറസ്റ്റില്‍ പ്രതിഷേധിച്ച് ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ ജഗദീഷ് ഠാക്കൂറും മറ്റ് കോൺഗ്രസ് നേതാക്കളും അഹമ്മദാബാദ് വിമാനത്താവളത്തിലെത്തി മുദ്രാവാക്യം വിളിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.