നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • 'നിങ്ങളെന്തു കൊണ്ടാണ് പ്രേംനസീറിനെ മുഖ്യമന്ത്രിയാക്കാഞ്ഞത്? വിദ്യാഭ്യാസമുള്ളതു കൊണ്ട്'

    'നിങ്ങളെന്തു കൊണ്ടാണ് പ്രേംനസീറിനെ മുഖ്യമന്ത്രിയാക്കാഞ്ഞത്? വിദ്യാഭ്യാസമുള്ളതു കൊണ്ട്'

    കേരളീയര്‍ വിദ്യാസമ്പന്നരാണ്. അവര്‍ വികാരത്തിനല്ല പ്രാധാന്യം കൊടുക്കുന്നതെന്നും ചാരുഹാസന്‍

    ചാരുഹാസൻ

    ചാരുഹാസൻ

    • Share this:
      കൊച്ചി: എല്ലാവരും ലോകം മുടിഞ്ഞു കൊണ്ടിരിക്കുന്നു എന്ന മട്ടില്‍ നിരാശക്കഷായം കുടിച്ച് ജീവിക്കുമ്പോള്‍ ചാരുഹാസന്‍ പറയുന്നത് ലോകം മുന്നേറുകയാണെന്നാണ്. ചാരുഹാസനെ മലയാളികള്‍ക്ക് പരിചയം ചലച്ചിത്ര നടനെന്ന നിലയിലാണ്. പിന്നെ കമലഹാസന്റെ ജ്യേഷ്ഠനായും സുഹാസിനിയുടെ പിതാവായും. എന്നാല്‍ മറ്റൊരു ചാരുഹാസനുണ്ട്. അതീവ ലളിതമായി, കുട്ടികള്‍ക്കൊക്കെ മാത്രം കഴിയുന്ന രീതിയില്‍ ചിന്തിച്ച്, നേരേചൊവ്വേ പറയുന്ന ഒരു ജീവിതനിരീക്ഷകന്‍.

      "നിങ്ങളെന്തുകൊണ്ടാണ് പ്രേംനസീറിനെ മുഖ്യമന്ത്രിയാക്കാഞ്ഞത്? നിങ്ങള്‍ക്ക് വിദ്യാഭ്യാസമുള്ളതുകൊണ്ട്. മലയാളികള്‍ സ്‌കൂളില്‍ പോയപ്പോള്‍ തമിഴ്‌നാട്ടുകാര്‍ സിനിമാതീയറ്ററുകളിലേയ്ക്കായിരുന്നു പോയത്. ഞാന്‍ സിനിമയില്‍ വരുന്ന കാലത്ത് തമിഴ്‌നാട്ടില്‍ 3000 തീയറ്ററുകളുണ്ടായിരുന്നു. രാജ്യത്തെ 10%-ല്‍ താഴെ എണ്ണം ആളുകളുള്ള തമിഴ്‌നാട്ടില്‍ 30% തീയറ്ററുകളുണ്ടായിരുന്നു. ദക്ഷിണേന്ത്യയില്‍ പൊതുവേ ഇത് കൂടുതലായിരുന്നു. ഇന്ത്യ മൊത്തം 10,000 മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നോര്‍ക്കണം.  കേരളത്തില്‍ 1200, കര്‍ണാടകത്തില്‍ 1400. ഭാഗ്യവശാല്‍ നിങ്ങള്‍ക്കിവിടെ സ്‌കൂളുകളുണ്ടായിരുന്നു. നിങ്ങള്‍ സ്‌കൂളില്‍പ്പോയി," കൃതി പുസ്തകമേളയുടെ ഭാഗമായി സംസാരിക്കാൻ എത്തിയതായിരുന്നു ചാരുഹാസന്‍.



      'സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് മദ്രാസിലെ ടോപ് വക്കീലായിരുന്നു എന്‍റെ അച്ഛന്‍. നമുക്കന്ന് വലിയ നേതാക്കളുമുണ്ടായിരുന്നു. പക്ഷേ എനിക്ക് ചെരുപ്പില്ലായിരുന്നു. ഇപ്പോള്‍ നോക്കൂ, എന്‍റെ കാലുകളില്‍ ചെരുപ്പുണ്ട്. ഇപ്പോഴത്തെ നേതാക്കന്മാരാണ് പണ്ടത്തെ നേതാക്കളേക്കാള്‍ ഭേദം. നാളത്തെ നേതാക്കള്‍ ഇതിലും നന്നായിരിക്കും. ഈ മുത്തച്ഛന്‍റെ ജീവിതത്തേക്കാള്‍ നന്നായി മക്കളുടെ ജീവിതം, അതിനേക്കാള്‍ നന്നാവും കൊച്ചുമക്കളുടെ ജീവിതം,'  ചാരുഹാസന്‍ പറഞ്ഞു.

      തമിഴ്‌നാട്ടിലെ മിക്കവാറും എല്ലാ താരങ്ങളുടെയും മുകളിലാണ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും സ്ഥാനം. മലയാള സിനിമയും തമിഴ് സിനിമയേക്കാള്‍ ഏറെ മികച്ചതാണെന്നും  ചാരുഹാസന്‍ പറഞ്ഞു.

      കമലഹാസന്‍ നിരീശ്വരവാദിയായിട്ടുണ്ടെങ്കില്‍ അത് തന്‍റെ സ്വാധീനത്തില്‍ സംഭവിച്ചതാകാമെന്ന് ചാരുഹാസന്‍ പറഞ്ഞു. "എന്നേക്കാള്‍ 24 വര്‍ഷം ഇളയതാണ് കമല്‍. അപ്പോള്‍ ആ സ്വാധീനം വലുതാകുമല്ലോ. ഈശ്വരവിശ്വാസവും നിരീശ്വരവാദവുമെല്ലാം കുട്ടിക്കാലം മുതലേ ആരംഭിക്കുന്ന ഇത്തരം സ്വാധീനങ്ങളുടെയും ബന്ധങ്ങളുടെയും മാത്രം ഫലമാണ്. ദൈവം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ നിരീശ്വരവാദം പ്രചരിപ്പിക്കാനൊന്നും ഞാനില്ല. എല്ലാവര്‍ക്കും അവരവരുടെ സ്വാതന്ത്ര്യമുണ്ടാകണം. ഇനി ഒരിക്കല്‍ ദൈവം വന്ന് ചാരുഹാസന്‍, ദേ, ഞാന്‍ ദൈവമാണ് എന്നു പറഞ്ഞ് മുന്നില്‍ നിന്നാല്‍ ഞാന്‍ ആ ദൈവത്തിന്‍റെ കാല്‍ക്കല്‍ വീഴാം," ചാരുഹാസന്‍ പറഞ്ഞു.

      തമിഴ്‌നാട്ടുകാര്‍ വികാരത്തിനു പ്രാധാന്യം കൊടുക്കുന്നവരാണ്. ഇന്ത്യ പൊതുവിലും അങ്ങനെ തന്നെ. എന്നാല്‍, കേരളീയര്‍ വിദ്യാസമ്പന്നരാണ്. അവര്‍ വികാരത്തിനല്ല പ്രാധാന്യം കൊടുക്കുന്നതെന്നും ചാരുഹാസന്‍ പറഞ്ഞു.

      First published:
      )}