ചെന്നൈ: സ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ച് കോടതി നടപടികളിൽ നിന്ന് വിട്ട് നിന്ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് താഹിൽരമണി. സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് രാഷ്ട്രപതിക്ക് രാജിക്കത്തയച്ചതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം കോടതി നടപടികളിൽ നിന്ന് വിട്ടു നിന്നത്. രാജ്യത്തെ മുതിർന്ന അഭിഭാഷകരിലൊരാളായ താഹിൽരമണിയെ മേഘാലയ ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റിയത്.
76 ജഡ്ജിമാരുള്ള മദ്രാസ് ഹൈക്കോടതിയിൽ നിന്ന് വെറും മൂന്ന് അംഗങ്ങളുള്ള മേഘാലയാ ഹൈക്കോടതിയിലേക്ക് മാറ്റിയത് അപമാനിക്കുന്നതിന് തുല്യമാണെന്ന് നിലപാടിലുറച്ച് നിന്നാണ് ഇവർ രാജിക്കത്ത് നൽകിയത്. രാജി പിൻവലിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതി മുതിർന്ന അഭിഭാഷകർ അടക്കം താഹിൽരമണിയുടെ വസതിയിലെത്തിയിരുന്നുവെങ്കിലും ഇവർ വഴങ്ങിയില്ല.. പിന്നാലെയാണ് കോടതി നടപടികളിൽ നിന്നും വിട്ടു നിന്നത്. രാജിതീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണിവർ.
സ്ഥലമാറ്റതീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കൊളീജിയത്തിന് നൽകിയ അപേക്ഷ തള്ളിയതോടെയാണ് താഹിൽരമണി രാജി സമർപ്പിച്ചത്. അതേസമയം ചീഫ് ജസ്റ്റിസിന് പിന്തുണയുമായി മദ്രാസ് ഹൈക്കോടതി അഭിഭാഷകരും രംഗത്തെത്തിയിട്ടുണ്ട്. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇവർ സുപ്രീം കോടതിക്ക് കത്ത് നൽകുകയും ചെയ്തു. കോടതി നടപടികളിൽ നിന്ന് വിട്ടു നിന്ന താഹിൽ രമണിക്ക് പിന്തുണ പ്രഖ്യാപിച്ച് അറുപതോളം അഭിഭാഷകര്‍ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇന്ന് മുതൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് ഇവരുടെ നീക്കം.
മുംബൈ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയിരിക്കെ ബിൽക്കീസ് ബാനുക്കേസിലടക്കം വിധി പറഞ്ഞയാളാണ് താഹിൽരമണി. ഇതിന്റെ പ്രതികാരമാണ് സ്ഥലമാറ്റമെന്നാണ് ആരോപണം ഉയരുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.