മോദിയെ വിമർശിച്ചതിന് 62 വയസ്സുകാരനായ ചെന്നൈ സ്വദേശിയെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പോലീസ്. മൻമോഹൻ മിശ്ര എന്ന വ്യക്തിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മിശ്രയെ അറസ്റ്റ് ചെയ്ത പോലീസ് പറയുന്നത് ഇയാളുടെ സ്വദേശം ഉത്തർപ്രദേശ് ആണെന്നും 35 വർഷങ്ങൾക്ക് മുൻപാണ് ഇയാൾ ചെന്നൈയിലെ മാധാവരത്തേക്ക് താമസം മാറ്റിയതും എന്നാണ്.
"പാൻ കാർഡ്, ആധാർ കാർഡ് എന്നിവ തരപ്പെടുത്തി കൊടുക്കുന്ന ഒരു ഏജന്റ് ആയി ജോലി ചെയ്യുന്ന ഇയാൾ, സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണെന്നും ബിജെപി ഭരിക്കുന്ന കേന്ദ്ര ഗവണ്മെന്റിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിച്ച് ഇടയ്ക്കിടയ്ക്ക് യൂട്യുബിൽ വീഡിയോകൾ പോസ്റ്റ് ചെയ്യാറുണ്ട്." - പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഉത്തർപ്രദേശ് സ്വദേശി ആയിരുന്നതിനാൽ ഇയാൾ പോസ്റ്റ് ചെയ്തിരുന്ന വീഡിയോകൾ കൂടുതലും ഹിന്ദിയിൽ ഉള്ളവയായിരുന്നു. ഈ വീഡിയോകൾ ഹിന്ദിയിലായതിനാൽ ഇവ ഉത്തർപ്രദേശിലെ ആളുകൾക്കിടയിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. ഈ വീഡിയോയിലെ ഉള്ളടക്കത്തിനെതിരെ ചിലർ പ്രതിഷേധവുമായി രംഗത്ത് വരികയും, അവിടത്തെ ലോക്കൽ പോലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച് പരാതി നൽകുകയും ചെയ്തിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് ഉത്തർപ്രദേശിലെ കോട്ടവാലി പോലീസ് ഇയാൾക്കെതിരെ കേസ് എടുക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ ചെന്നൈയിലാണ് താമസിക്കുന്നത് എന്ന് കണ്ടെത്തുകയുമായിരുന്നു. ഉത്തർപ്രദേശിൽ നിന്നും ചെന്നൈയിലെത്തിയ അന്വേഷണ സംഘം വൈകീട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്ത ശേഷം ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ചെന്നൈയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് കൊണ്ടുപോവുന്നതിനായി മജിസ്ട്രേറ്റിന് മുന്നിൽ നിന്നും യാത്രാ വാറന്റ് കൈപ്പറ്റുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം ഇയാളെ ഉത്തരപ്രദേശിലേക്ക് ട്രെയിനിൽ കൊണ്ടുപോയി.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.