റായ്പൂർ: ഫുഡ് ഇൻസ്പെക്ടറുടെ ഡാമിൽ വീണ 96,000 രൂപയുടെ ഫോൺ വീണ്ടെടുക്കാൻ ജലസംഭരണി വറ്റിക്കാൻ ഉത്തരവിട്ടത് വിവാദത്തിൽ. ഛത്തീസ്ഗഢിലെ ഖേർഖട്ട പറാൽകോട്ട് റിസർവോയറിലാണ് ഫുഡ് ഇൻസ്പെക്ടർ രാജേഷ് വിശ്വാസിന്റെ സാംസങ് എസ്23 ഫോൺ നഷ്ടമായത്.
ഇതോടെ 15 അടി താഴ്ച്ചയുള്ള ജലസംഭരണിയിൽ നിന്ന് വെള്ളം ഒഴിച്ചു കളയുകയായിരുന്നു. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഉദ്യോഗസ്ഥന്റെ ഫോൺ വീണ്ടെടുക്കാൻ മൂന്ന് ദിവസത്തിനുള്ളിൽ 41,000 ഘനമീറ്റർ വെള്ളമാണ് പുറത്തേക്ക് കളഞ്ഞത്.
വെറുതേ പാഴാക്കിയ വെള്ളം ജലസേചനത്തിനെങ്കിലും ഉപയോഗിക്കാമായിരുന്നുവെന്ന് ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി രമൺ സിംഗ് പ്രതികരിച്ചു. 21 ലക്ഷം ലിറ്റർ വെള്ളമാണ് ഉദ്യോഗസ്ഥന്റെ ഫോണിനു വേണ്ടി പാഴാക്കുന്നതെന്നും ഏക്കർ കണക്കിന് ഭൂമിയിൽ ജലസേചനത്തിനെങ്കിലും ഇത് ഉപയോഗിക്കാമായിരുന്നുവെന്ന് ട്വീറ്റിൽ രമൺ സിംഗ് വിമർശിച്ചു.
दाऊ @bhupeshbaghel की तानाशाही में अधिकारी प्रदेश को पुश्तैनी जागीर समझ बैठे हैं।
आज भीषण गर्मी में लोग टैंकरों के भरोसे हैं, पीने तक के पानी की व्यवस्था नहीं है। वहीं अधिकारी अपने मोबाईल के लिए लगभग 21 लाख लीटर पानी बहा रहे हैं इतने में डेढ़ हजार एकड़ खेत की सिंचाई हो सकती थी। pic.twitter.com/lw9F4xdzY9
— Dr Raman Singh (@drramansingh) May 26, 2023
കൊടും ചൂടിൽ ജല ദൗർഭല്യം മൂലം ജനങ്ങൾ പൊറുതിമുട്ടുകയാണ്. കുടിവെള്ളത്തിനു പോലും മാർഗമില്ലാത്ത അവസ്ഥയാണ്. മറുവശത്ത് ഉദ്യോഗസ്ഥർ അവരുടെ ഫോണിനു വേണ്ടി 21 ലക്ഷം ലിറ്റർ വെള്ളം വെറുതേ കളയുന്നു. – ട്വീറ്റിൽ പറയുന്നു.
മൂന്ന് ദിവസം മുമ്പാണ് ഒഴിവു ദിവസം ആസ്വദിക്കാനെത്തിയ ഉദ്യോഗസ്ഥന്റെ മൊബൈൽ ഡാമിൽ വീണത്. തുടർന്ന് മൊബൈൽ തിരിച്ചു കിട്ടാൻ ഇറിഗേഷൻ വകുപ്പിനെ സമീപിച്ചു. ഇതോടെയാണ് റിസർവോയറിലെ ജലം പുറന്തള്ളാൻ തീരുമാനിച്ചത്. 3-4 അടി വെള്ളം കളയാനായിരുന്നു അനുമതി നൽകിയത്. ആദ്യ ദിവസം മാത്രം 21 ലക്ഷം ലിറ്റർ വെള്ളമാണ് പുറത്തേക്ക് തള്ളിയത്.
വെള്ളം പുറന്തള്ളി മൂന്ന് ദിവസത്തിനു ശേഷം മൊബൈൽ വീണ്ടെടുത്തെങ്കിലും പ്രവർത്തനരഹിതമായിരുന്നു. അതേസമയം, വെള്ളം ഒഴിക്കാൻ വാക്കാൽ അനുമതി നൽകിയ എസ്ഡിഒ ആർകെ ധീവർ എന്ന ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ നിന്ന് നഷ്ടം ഈടാക്കാൻ സൂപ്രണ്ടിംഗ് എഞ്ചിനീയർ ഉത്തരവിട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.