ന്യൂഡൽഹി: മുൻകാലങ്ങളിലും തർക്കങ്ങൾ ഉണ്ടായിരുന്നെന്നും ഇപ്പോൾ ഉണ്ടായിരിക്കുന്ന വിവാദം അനാവശ്യമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ. തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗം അശോക് ലവാസയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുനിൽ അറോറ.
എല്ലാ അംഗങ്ങൾക്കും ഒരേ അഭിപ്രായം ഉണ്ടാകണമെന്നില്ല. മുൻ കാലങ്ങളിലും തർക്കങ്ങൾ ഉണ്ടായിരുന്നു. അന്നൊന്നും അത് പരസ്യമായിരുന്നില്ല. ഏതു ചർച്ചയ്ക്കും തയാറാണെന്നും എന്നാൽ എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്നും അറോറ പറഞ്ഞു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത രൂക്ഷമാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. പ്രധാനമന്ത്രിക്കും ബിജെപി നേതാക്കൾക്കും ക്ലീൻ ചിറ്റ് നൽകിയതിലുള്ള എതിർപ്പ് തെരഞ്ഞെടുപ്പ് കമ്മീഷണൻ അംഗം അശോക് ലവാസ പരസ്യമാക്കിയിരുന്നു. തന്റെ വിയോജിപ്പ് ഉത്തരവുകളിൽ രേഖപ്പെടുത്തിയാൽ മാത്രമേ കമ്മീഷൻ യോഗങ്ങളിൽ സംബന്ധിക്കൂ എന്നായിരുന്നു ലവാസയുടെ നിലപാട്. എന്നാൽ, വിവാദം അനാവശ്യമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രതികരണം.
മോദിക്ക് ക്ലീൻ ചിറ്റ്: തെരഞ്ഞെടുപ്പ് കമ്മിഷനിൽ അതൃപ്തി കടുക്കുന്നു
എല്ലാ ചട്ടലംഘന പരാതികളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി നേതാക്കൾക്കും ക്ലീൻ ചിറ്റ് നൽകിയതിൽ അശോക് ലവാസയ്ക്ക് എതിർപ്പുണ്ട്. തന്റെ വിയോജിപ്പ് കമ്മിഷന്റെ ഉത്തരവുകളിൽ ഉൾപ്പെടുത്തണമെന്ന് ലവാസ ആവശ്യപ്പെട്ടു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ ഇത് അനുവദിച്ചില്ല. ഇതോടെ ലവാസ കമ്മീഷൻ യോഗങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയാണ്.
ഈ തർക്കം കാരണം രണ്ടാഴ്ചയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗങ്ങൾ ചേരുന്നില്ല. സുപ്രധാന ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷന് ഭിന്നത മൂലം യോഗം ചേരാൻ കഴിയാത്ത സാഹചര്യം അസാധാരണമാണ്. തെരഞ്ഞെടുപ്പ് കമ്മിഷനെ മോദി സർക്കാർ കളിപ്പാവ ആക്കിയതായും കോൺഗ്രസ് ആരോപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.