അഗർത്തല: ത്രിപുരയിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ സംഘത്തിനു നേരെ ആക്രമണം. സിപിഎം രാജ്യസഭാ കക്ഷിനേതാവ് എളമരം കരീമിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് സന്ദർശനം നടത്തിയത്. നേതാക്കളെ ദേഹോപദ്രവത്തിന് ശ്രമിച്ചെന്നും വാഹനങ്ങൾ അടിച്ചു തകർത്തെന്നുമാണ് പരാതി. സംഭവത്തിൽ പൊലീസ് കാര്യമായി ഇടപെട്ടില്ലെന്നും എംപിമാർ ആരോപിച്ചു.
ത്രിപുരയിലെ സംഘർഷ മേഖലകളാണ് ഇടത്, കോൺഗ്രസ് നേതാക്കൾ സന്ദർശിക്കുന്നത്. ബിശാല്‍ഗഡ് നിയമസഭാ മണ്ഡലം സന്ദർശിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ജനങ്ങളുമായി സംസാരിക്കുന്നതിനിടയിൽ ഒരുകൂട്ടം ആളുകൾ എത്തി ആക്രമിക്കുകയായിരുന്നെന്നാണ് നേതാക്കൾ പറയുന്നത്.
ബിജെപി പ്രവർത്തകരാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് എംപിമാർ ആരോപിച്ചു. ത്രിപുരയിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ വിവിധ ഇടങ്ങളിൽ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സംഘർഷ മേഖലകൾ സന്ദർശിക്കാനാണ് പ്രതിപക്ഷ എംപിമാർ ത്രിപുരയിൽ എത്തിയത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനൊടുവില്‍ ത്രിപുര ഗവര്‍ണറെയും എംപിമാര്‍ കാണുന്നുണ്ട്.
Also Read- സ്വപ്നയുടെ പുതിയ വെളിപ്പെടുത്തല്‍ അസംബന്ധം; നട്ടാൽ പൊടിക്കാത്ത നുണയെന്ന് സിപിഎം
A delegation of Congress leaders was attacked by BJP goons today in Bishalgarh & Mohanpur in Tripura. Police accompanying the delegation did NOTHING. And tomorrow BJP is having a victory rally there. Victory of party-sponsored violence. pic.twitter.com/gZfBm4qEWB
— Jairam Ramesh (@Jairam_Ramesh) March 10, 2023
‘ബിസാൽഗാർഹ്, മോഹൻപുർ പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ പ്രതിപക്ഷ നോതാക്കളെ ബിജെപി ഗുണ്ടകൾ ആക്രമിച്ചു. നേതാക്കൾക്ക് ഒപ്പമുണ്ടായിരുന്ന പൊലീസ് മൗനം പാലിക്കുകയാണ് ചെയ്തത്. നാളെ ബിജെപി അവിടെ വിജയറാലി സംഘടിപ്പിക്കുന്നുണ്ട്. പാർട്ടി സ്പോൺസർ ചെയ്ത കലാപത്തിന്റെ വിജയമാണ് ആഘോഷിക്കുന്നത്’- കോൺഗ്രസ് നേതാവ് ജയറാം രമേഷ് ട്വീറ്റ് ചെയ്തു.
ത്രിപുരയിൽ നടന്ന തിരഞ്ഞെടുപ്പിൽ 32 സീറ്റുകളുമായി ബിജെപി അധികാരത്തിലേറിയിരുന്നു. തിരഞ്ഞെടുപ്പിനു ശേഷം വ്യാപകമായ അക്രമണങ്ങൾ അറങ്ങേറിയതിൽ പ്രതിഷേധിച്ച് ഇടതുപാർട്ടികളും കോൺഗ്രസും സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിഷേധിച്ചു
ത്രിപുരയിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എം.പിമാരുടെ വസ്തുതാ അന്വേഷണ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം അതിരൂക്ഷമായ ആക്രമണങ്ങളാണ് പ്രതിപക്ഷ കക്ഷികൾക്കുനേരെ ത്രിപുരയിൽ അരങ്ങേറുന്നത്.
പൊലീസ് നിഷ്ക്രിയത്വം മൂലം ക്രമസമാധാനം പാടേ തകർന്ന അവസ്ഥയാണ്. ത്രിപുരയിലെ സംഘപരിവാർ തേർവാഴ്ചയിൽ പ്രതിഷേധിക്കാനും സംസ്‌ഥാനത്തെ നിയമവാഴ്ച പുനസ്ഥാപിക്കാനും രാജ്യത്തെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.