• HOME
  • »
  • NEWS
  • »
  • india
  • »
  • Bombay HC | മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ സ്വത്തിൽ അവകാശമുന്നയിക്കാൻ മക്കൾക്ക് കഴിയില്ല: ബോംബെ ഹൈക്കോടതി

Bombay HC | മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ സ്വത്തിൽ അവകാശമുന്നയിക്കാൻ മക്കൾക്ക് കഴിയില്ല: ബോംബെ ഹൈക്കോടതി

മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ അവരുടെ സ്വത്തിൽ മക്കൾക്കും തുല്യ അവകാശം ഉണ്ടെന്ന് പറയാനാവില്ല

  • Share this:
    മാതാപിതാക്കൾ (Parents) ജീവിച്ചിരിക്കുന്നിടത്തോളം കാലം അവരുടെ സ്വത്തിൽ മക്കൾക്കും തുല്യ അവകാശം ഉണ്ടെന്ന് പറയാനാവില്ലെന്ന് ബോംബെ ഹൈക്കോടതി (Bombay HC). ഭർത്താവിന്റെ നിയമപരമായ രക്ഷാധികാരിയാകാൻ ഒരു സ്ത്രീ നൽകിയ ഹർജിയിൽ (Petition) വിവാഹിതരായ രണ്ട് സഹോദരിമാരോടൊപ്പം ഇടപെടാൻ ശ്രമിച്ച മകനോടായിരുന്നു കോടതിയുടെ പ്രതികരണം.

    മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ അവരുടെ രണ്ട് ഫ്ലാറ്റുകളിൽ മകനും തുല്യ അവകാശമുണ്ടെന്ന് പറയാൻ നിയമപരമായി സാധിക്കില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. "നിങ്ങളുടെ അച്ഛനും അമ്മയും ജീവിച്ചിരിപ്പുണ്ട്. നിങ്ങളുടെ പിതാവിന്റെ സ്വത്തിൽ നിങ്ങൾ താല്പര്യം കാണിച്ചതായും അറിവില്ല. അദ്ദേഹത്തിന് അത് വിൽക്കാൻ എല്ലാ അവകാശവുമുണ്ട്. അതിന് നിങ്ങളുടെ അനുവാദം ആവശ്യമില്ല. മനസ്സിലായോ?", ജസ്റ്റിസുമാരായ ഗൗതം പട്ടേലും മാധവ് ജംദാറും കേസിൽ വിധി പ്രഖ്യാപിക്കവേ മകനോട് പറഞ്ഞു.

    ഹർജി നൽകിയ സ്ത്രീയാണ് അവരുടെ ഭർത്താവിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത്. അദ്ദേഹം ഡിമെൻഷ്യ ബാധിതനാണ്. ഒന്നിലധികം തവണ സ്ട്രോക്ക് ഉണ്ടായിട്ടുണ്ട്. പലപ്പോഴും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുമുണ്ട്. 2022 ഒക്ടോബർ 1ന് ജെജെ ഹോസ്പിറ്റൽ നൽകിയ റിപ്പോർട്ടിൽ 2011 മുതൽ അദ്ദേഹത്തിന് ഡിമെൻഷ്യ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കൂടാതെ ന്യൂമോണൈറ്റിസ് വന്ന് കിടപ്പിലാണ്. അദ്ദേഹത്തിന് ഓക്സിജൻ നൽകുന്നത് മൂക്കിലൂടെയും ഭക്ഷണം നൽകുന്നത് റൈൽസ് ട്യൂബിലൂടെയുമാണ്. കണ്ണുകൾ ചലിക്കുന്നുണ്ടെങ്കിലും ആരുമായും സമ്പർക്കം പുലർത്താനോ സംസാരിക്കാനോ കാര്യങ്ങൾ മനസ്സിലാക്കാനോ ഒപ്പിടാനോ തീരുമാനം എടുക്കാനോ അദ്ദേഹത്തിന് കഴിയില്ല.

    Also Read-Supreme Court | അച്ഛനുമായി ഒരു ബന്ധവുമില്ലെന്ന് മകൾ; എങ്കിൽ വിദ്യാഭ്യാസ, വിവാഹ ചെലവുകൾക്കും അവകാശമില്ലെന്ന് സുപ്രീം കോടതി

    മറ്റൊരു വിലാസത്തിൽ താമസിക്കുന്ന മകൻ താൻ നിരവധി വർഷങ്ങളായി പിതാവിന്റെ യഥാർത്ഥ രക്ഷാധികാരിയാണെന്ന് അവകാശപ്പെടുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. "രക്ഷാധികാരിയാകണമെങ്കിൽ നിങ്ങൾ സ്വയം അതിനായി മുന്നോട്ടു വരണമായിരുന്നു. നിങ്ങൾ ഒരിക്കലെങ്കിലും അച്ഛനെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയോ? നിങ്ങൾ അദ്ദേഹത്തിന്റെ മെഡിക്കൽ ബില്ലുകൾ അടച്ചിട്ടുണ്ടോ?", ജസ്റ്റീസ് പട്ടേൽ മകനോട് ചോദിച്ചു.

    മാർച്ച് 16 ലെ ഉത്തരവിൽ ഹർജിക്കാരിയായ അമ്മ നൽകിയ ചെലവുകളും ബില്ലുകളും കാണിക്കുന്ന ധാരാളം രേഖകൾ അപേക്ഷകയിൽ ചേർത്തിട്ടുണ്ടെങ്കിലും മകന്റെ വാദത്തെ അനുകൂലിച്ചുകൊണ്ടുള്ള ഒരു രേഖ പോലും ഇല്ലായിരുന്നു.

    എന്നാൽ, മകന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടെങ്കിലും രണ്ട് ഫ്ലാറ്റിലും മകനും നിയമപരമായ അവകാശമുണ്ടെന്ന് മകന്റെ വക്കീൽ കോടതിയിൽ പറഞ്ഞു.

    പിതാവിന്റെ ഫ്ലാറ്റുകളിൽ മകന് അവകാശങ്ങളൊന്നുമില്ല. മാത്രമല്ല അദ്ദേഹം ഒരിക്കലെങ്കിലും തന്റെ പിതാവിനെ പരിപാലിച്ചിട്ടുണ്ടെന്ന് തെളിയിക്കാനും തെളിവുകളില്ല. ജഡ്ജിമാർ മകന്റെ ആവശ്യം നിരസിക്കുകയും അമ്മ നൽകിയ ഹർജിയുടെ ഉത്തരവിൽ ഇടപെടാൻ മകന്റെ സമ്മതം ആവശ്യമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. അമ്മയുടെ ഹർജിയിൽ തീർപ്പാക്കിയില്ലെങ്കിലും ഒരു ജോയിന്റ് ബാങ്ക് അക്കൗണ്ട് പ്രവർത്തിപ്പിക്കാൻ ഹൈക്കോടതി അവർക്ക് അനുമതി നൽകി.
    Published by:Jayesh Krishnan
    First published: