• HOME
  • »
  • NEWS
  • »
  • india
  • »
  • Tusker | സ്കൂൾ വളപ്പിൽ കാട്ടാന കയറി; കുട്ടികളെ രണ്ട് മണിക്കൂർ ക്ലാസ് മുറികളിൽ പൂട്ടിയിട്ടു

Tusker | സ്കൂൾ വളപ്പിൽ കാട്ടാന കയറി; കുട്ടികളെ രണ്ട് മണിക്കൂർ ക്ലാസ് മുറികളിൽ പൂട്ടിയിട്ടു

അധ്യാപികയുടെ സ്കൂട്ടറും സ്കൂളിലെ സൈക്കിൾ സ്റ്റാൻഡും ആന തകർത്തു. രാവിലെ 11.30 വരെ കോമ്പൗണ്ടിനുള്ളിൽ ഉണ്ടായിരുന്ന ആന പിന്നീട് വനമേഖലയിലേക്ക് തിരിച്ചുപോകുകയായിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    മൈസൂരു: സ്കൂൾ വളപ്പിൽ കാട്ടാന (Wild Elephant) അതിക്രമിച്ച് കയറിയത് അധ്യാപകരെയും വിദ്യാർഥികളെയും പരിഭ്രാന്തരാക്കി. കർണാടകത്തിലെ (Karnataka) മൈസൂരു ജില്ലയിലെ ഹുൻസൂർ താലൂക്കിലാണ് സംഭവം. നാഗപുര ഹാദിയിലെ സർക്കാർ ഹൈസ്‌കൂൾ വളപ്പിലേക്കാണ് ആന കയറിയത്. വിദ്യാർത്ഥികളും അധ്യാപകരും വ്യാഴാഴ്ച രാവിലെ അസംബ്ലിക്കും പ്രാർത്ഥനയ്ക്കും തയ്യാറെടുക്കുമ്പോഴാണ് സംഭവം, അടുത്തുള്ള നാഗരഹോളെ കടുവാ സങ്കേതത്തിൽ നിന്നാണ് ഒരു ആന ഗേറ്റ് ചവിട്ടിത്തുറന്ന് സ്കൂൾ വളപ്പിന് അകത്ത് കയറിയത്. ഇതേത്തുടർന്ന് അസംബ്ലിയ്ക്കായി സ്കൂളിന് മുൻവശത്തെ മൈതാനത്ത് ഉണ്ടായിരുന്ന 129 വിദ്യാർത്ഥികളെയും വളരെ വേഗം തന്നെ അധ്യാപകർ ക്ലാസ് മുറികളിലേക്ക് മാറ്റുകയും രണ്ടു മണിക്കൂറോളം ക്ലാസ് മുറികൾ അടച്ചിടുകയും ചെയ്തു.

    അധ്യാപികയുടെ സ്കൂട്ടറും സ്കൂളിലെ സൈക്കിൾ സ്റ്റാൻഡും ആന തകർത്തു. രാവിലെ 11.30 വരെ കോമ്പൗണ്ടിനുള്ളിൽ ഉണ്ടായിരുന്ന ആന പിന്നീട് വനമേഖലയിലേക്ക് തിരിച്ചുപോകുകയായിരുന്നു.
    സ്‌കൂൾ അധ്യാപകൻ രാമചന്ദ്ര സിംഗമരനഹള്ളി പറയുന്നതനുസരിച്ച്, പ്രധാന ഗേറ്റിലൂടെയാണ് ആന കാമ്പസിനുള്ളിൽ പ്രവേശിച്ചത്. “സ്‌കൂളിൽ ദിവസേനയുള്ള പ്രാർത്ഥനയ്‌ക്ക് മുമ്പാണ് ഈ സംഭവം. കാമ്പസിനുള്ളിലേക്ക് എത്തുന്നതിന് മുമ്പ് വിദ്യാർത്ഥികളും അധ്യാപകരുംആനയെ കണ്ടതിനാൽ അവർ ജാഗ്രത പാലിക്കുകയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറുകയും ചെയ്തു, ”അദ്ദേഹം അറിയിച്ചു.

    നാഗരഹോളെ കടുവാ സങ്കേതത്തിന് പുറത്താണ് നാഗപുര സ്ഥിതി ചെയ്യുന്നത്. ഗ്രാമവാസികൾ പകർത്തിയ വീഡിയോയിൽ വിദ്യാർത്ഥികൾ നിലവിളിക്കുന്നതും ഗ്രാമീണർ വിദ്യാർത്ഥികളോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് പോകാൻ ആവശ്യപ്പെടുന്നതും കാണാം. “ഞാൻ സ്കൂൾ സന്ദർശിച്ച് സ്ഥിതിഗതികൾ അവലോകനം ചെയ്തു. ഒരു സ്കൂട്ടറും സൈക്കിൾ സ്റ്റാൻഡും ആന തകർത്തു. സ്കൂൾ ഹെഡ്മാസ്റ്റർ വകുപ്പിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്, ”ഹുൻസൂർ ബിഇഒ നാഗരാജു പറഞ്ഞു.


    അതിനിടെ, ഹുൻസൂർ താലൂക്കിലെ കൊളവിഗെ ഗ്രാമത്തിൽ ഒരു കർഷകനെ ആനക്കൂട്ടം ചവിട്ടിക്കൊന്നു. ബുധനാഴ്ച രാത്രിയിലാണ് സംഭവം നടന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. രാജേഷ് (50) എന്നയാളാണ് മരിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. രാത്രി കൃഷിയിടത്തിലേക്ക് പോകുമ്പോൾ ആന ആക്രമിക്കുകയായിരുന്നു. രാജേഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി അധികൃതർ അറിയിച്ചു. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു. വിരാനഹോസഹള്ളി വനത്തിൽ നിന്നാണ് ആനക്കൂട്ടം ഗ്രാമത്തിലേക്ക് കടന്നത്.
    Published by:Anuraj GR
    First published: