'അന്ത്യകര്‍മ്മങ്ങള്‍ അച്ഛന് ചെയ്യണം'; അമ്മയുടെ മൃതദേഹവുമായി പിതാവിന്റെ വീടിനു മുന്നില്‍ പ്രതിഷേധിച്ച് മക്കള്‍
'അന്ത്യകര്‍മ്മങ്ങള്‍ അച്ഛന് ചെയ്യണം'; അമ്മയുടെ മൃതദേഹവുമായി പിതാവിന്റെ വീടിനു മുന്നില്‍ പ്രതിഷേധിച്ച് മക്കള്‍
പുഷ്പാവതിയുടെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ കോട്ടേശ്വര റാവു എത്തിയില്ല. ഇതിനെ തുടര്‍ന്നാണ് മൂന്ന് മക്കളും അമ്മയുടെ മൃതദേഹവും കൊണ്ട് പിതാവിന്റെ വീടിനു മുന്നില്‍ പ്രതിഷേധിച്ചത്.
അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ (last rites) ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണങ്ങി കഴിയുന്ന അച്ഛന്റെ വീടിന് മുന്നില്‍ മക്കളുടെ പ്രതിഷേധം (protest). ആന്ധ്രാപ്രദേശിലെ (Andrapradesh) ബപട്ല ജില്ലയിലെ സുന്ദുരു മണ്ഡലത്തിലെ മുന്നാങ്കിവാരിപാലം ഗ്രാമത്തിലാണ് സംഭവം. മൂന്നങ്ങിവാരിപ്പാലം സ്വദേശിയായ കെ കോട്ടേശ്വര റാവുവിന്റെയും പുഷ്പവതി (48)യുടെയും വിവാഹം 25 വര്‍ഷം മുമ്പാണ് കഴിഞ്ഞത്. ഗുണ്ടൂര്‍ ജില്ലയിലെ പൊന്നൂര് മണ്ഡലത്തിലെ വട്ടിമുക്കല ഗ്രാമനിവാസിയാണ് പുഷ്പവതി. ദമ്പതികള്‍ക്ക് രണ്ട് പെണ്മക്കളും ഒരു മകനുമാണ് ഉളളത്. പെണ്മക്കളുടെ വിവാഹം കഴിഞ്ഞു. മകന് മണി കൂലിപ്പണിക്കാരനാണ്.
പുഷ്പവതി ഭര്‍ത്താവ് കോട്ടേശ്വര റാവുവുമായി പിണങ്ങി കഴിയുകയായിരുന്നു. അതേ ഗ്രാമത്തിലുള്ള ഒരു വാടക വീട്ടിലാണ് പുഷ്പവതി താമസിച്ചിരുന്നത്. എന്നാൽ നാല് വര്‍ഷം മുമ്പ് വാടക വീട് ആകെ തകര്‍ന്നതിനെ തുടർന്ന് അവര്‍ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങി. കൂടാതെ പുഷ്പവതി അസുഖ ബാധിതയുമായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം പുഷ്പവതിയെ ഗുണ്ടൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒക്ടോബര്‍ 14ന് അവർ മരണത്തിന് കീഴടങ്ങി. എന്നാല്‍, പുഷ്പാവതിയുടെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ കോട്ടേശ്വര റാവു എത്തിയില്ല. ഇതിനെ തുടര്‍ന്നാണ് മൂന്ന് മക്കളും അമ്മയുടെ മൃതദേഹവും കൊണ്ട് പിതാവിന്റെ വീടിനു മുന്നില്‍ പ്രതിഷേധിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി അവര്‍ പ്രതിഷേധം നടത്തുകയായിരുന്നു.
എന്നാല്‍, ഈ പ്രതിഷേധമൊന്നും റാവുവിന്റെ മനസ്സ് അലിയിച്ചില്ല. സംഭവം തഹസില്‍ദാര്‍ കനകദുര്‍ഗയുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ സുന്ദൂര്‍ പൊലീസ് നടപടിയെടുത്തു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെ ഭാര്യയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ കോട്ടേശ്വര റാവു സമ്മതിച്ചതായാണ് വിവരം. എന്നാല്‍ സ്വത്ത് ലഭിക്കുന്നതിന് വേണ്ടിയാണ് മക്കൾ ഇത്തരത്തിൽ ഒരു പ്രതിഷേധം നടത്തുന്നതെന്ന് കോട്ടേശ്വര റാവുവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.
മരണപ്പെട്ടാല്‍ അന്ത്യകര്‍മ്മങ്ങളില്‍ കുടുംബാംഗങ്ങള്‍ പങ്കെടുക്കരുതെന്ന യുവതിയുടെ ചരമക്കുറിപ്പ് അടുത്തിടെ വൈറലായിരുന്നു. 2021 ജൂണ്‍ 2 ന് മരണപ്പെട്ട മരിയ പാസ് ഫ്യുയെന്റസ് ഫെര്‍ണാണ്ടസ് എന്ന യുവതിയുടെ ചരമക്കുറിപ്പാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയത്. മരണ ശേഷം തന്റെ കുടുംബാംഗങ്ങള്‍ക്ക് ഒരു സന്ദേശവും ആരൊക്കെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കണമെന്നും മരിയ തന്റെ കുറിപ്പില്‍ പറഞ്ഞിരുന്നു.
സ്പെയ്നിലെ ഗാലീസിയയിലെ ലൂഗോയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന എല്‍ പ്രോഗ്രെസോ പത്രത്തില്‍ വന്ന റിപ്പോര്‍ട്ടനുസരിച്ച് യുവതി തന്റെ ബന്ധുക്കളെ കുടുംബക്കാരല്ല എന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് തന്റെ അവസാനത്തെ ആഗ്രഹം ഇങ്ങനെ നടപ്പിലാക്കണമെന്ന് എഴുതി വെച്ചിരുന്നത്. തന്റെ അന്ത്യകര്‍മ്മങ്ങള്‍ പള്ളിയില്‍ വച്ചാണെങ്കിലും സെമിത്തേരിയില്‍ വച്ചാണെങ്കിലും താന്‍ നല്കിയ ലിസ്റ്റില്‍ പ്രതിപാദിച്ച ആളുകള്‍ മാത്രം പങ്കെടുത്താല്‍ മതിയെന്ന് മരിയ പ്രത്യേകം കുറിപ്പില്‍ എടുത്തു പറഞ്ഞിരുന്നു.
വയസ്സ് എത്രയെന്ന് കൃത്യമായി പറയാത്ത മരിയ 15 പേരുടെ ലിസ്റ്റാണ് പുറത്ത് വിട്ടിരുന്നത്. താന്‍ ജീവിച്ചിരുന്ന കാലത്ത് തന്നെ കുറിച്ച് ചിന്തിക്കാതിരുന്ന ആളുകള്‍ തന്റെ മരണ ശേഷവും തന്നില്‍ നിന്ന് അകന്ന് നിന്നാല്‍ മതിയെന്ന് കുറിപ്പില്‍ മരിയ പറഞ്ഞിരുന്നു.
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.