ബെയ്ജിംഗ്: ജമ്മു കശ്മീരിലെ പുൽവാമ ഭീകരാക്രമണത്തിൽ പ്രതികരണവുമായി ചൈന. ആക്രമണത്തെ ലോകരാജ്യങ്ങൾ മുഴുവൻ അപലപിച്ചപ്പോഴും മൗനം പാലിച്ച ചൈന വൈകിയാണ് പ്രതികരിച്ചത്. 'ആക്രമണം ഞെട്ടിക്കുന്നത്' എന്നായിരുന്നു ചൈനയുടെ ആദ്യപ്രതികരണം.
ജെയ്ഷെ മൊഹമ്മദ് തലവൻ മസൂദ് അസറിനെ ഭീകരവാദിയായി പ്രഖ്യാപിക്കണമെന്നുള്ള ഇന്ത്യയുടെ ആവശ്യം ചൈന ഇടപെട്ട് ആയിരുന്നു തടഞ്ഞത്. രാജ്യം പലപ്പോഴായി മസൂദ് അസറിനെ ഭീകരവാദിയായി പ്രഖ്യാപിക്കണമെന്നുള്ള ആവശ്യവുമായി യുണൈറ്റഡ് നേഷൻസ് സെക്യൂരിറ്റി കൗൺസിലിനു മുമ്പിൽ എത്തിയപ്പോഴെല്ലാം അതിന് തടസമായി നിന്നത് ചൈനയായിരുന്നു.
1999ൽ എ ബി വാജ്പയി സർക്കാർ ആയിരുന്നു അസ്ഹറിനെ മോചിപ്പിച്ചത്. ഭീകരർ തട്ടിയെടുത്ത ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് ഐസി 814 ലെ യാത്രക്കാരെ മോചിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു അത്. 2016ൽ പഠാൻകോട്ടെ ഭീകരാക്രമണത്തിനു ശേഷമായിരുന്നു ജയ്ഷെ മൊഹമ്മദിനെതിരെ ഇന്ത്യ കൂടുതൽ ശക്തമായി രംഗത്തു വന്നു തുടങ്ങിയത്. തുടർന്ന്, അസ്ഹറിനെ ഭീകരവാദിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ 2016 മാർച്ചിലും ഒക്ടോബറിലും യു എൻ എസ് സിയുടെ മുമ്പാകെ എത്തിയെങ്കിലും ചൈന എതിർക്കുകയായിരുന്നു.
പരിശീലനം കഴിഞ്ഞ് ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് വരികയായിരുന്നു സൈനികരുടെ വാഹന വ്യൂഹത്തിനു നേരെ ആയിരുന്നു കഴിഞ്ഞദിവസം ഭീകരാക്രമണം ഉണ്ടായത്. 78 ബസുകളിലായി 2,500 ഓളം സൈനികർ ആയിരുന്നു ഉണ്ടായിരുന്നത്. വാഹനവ്യൂഹത്തിന് ഇടയിലേക്ക് ചാവേർ കാർ ഇടിച്ചുകയറ്റുകയായിരുന്നു. 42 സൈനികർ യാത്ര ചെയ്യുകയായിരുന്ന ഒരു ബസ് പൂർണമായും തകർന്നു. 40 ജവാൻമാർ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്ഷെ മുഹമ്മദ് ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: CRPF Convoy attack in Pulwama, Imran Khan, Islamabad, Pakisthan, Pakisthan Prime Minister, Pakisthan Prime Minister Imran Khan, Prime Minister Narendra Modhi, Pulwama Attack, പുൽവാമ ആക്രമണം, പ്രധാനമന്ത്രി നരേന്ദ്ര മോദി