• HOME
 • »
 • NEWS
 • »
 • india
 • »
 • Chitra Ramkrishna അദൃശ്യനായ ‘യോഗി’ NSE മുന്‍ CEO ചിത്രാ രാമകൃഷ്ണയുടെ സുപ്രധാന തീരുമാനങ്ങള്‍ക്ക് പിന്നിലെ സാന്നിദ്ധ്യം ?

Chitra Ramkrishna അദൃശ്യനായ ‘യോഗി’ NSE മുന്‍ CEO ചിത്രാ രാമകൃഷ്ണയുടെ സുപ്രധാന തീരുമാനങ്ങള്‍ക്ക് പിന്നിലെ സാന്നിദ്ധ്യം ?

യോഗിയുടെ പ്രവചനങ്ങളില്‍ ആകൃഷ്ടയായ അവര്‍ അഞ്ച് വര്‍ഷക്കാലത്തെ കമ്പനിയുടെ ബിസിനസ് പ്ലാനുകളും മറ്റ് സാമ്പത്തിക വിവരങ്ങളും ഇയാളുമായി പങ്കുവെച്ചിരുന്നു

ചിത്ര രാമകൃഷ്ണ

ചിത്ര രാമകൃഷ്ണ

 • Share this:
  രാജ്യത്തെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ചായ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് മുന്‍ സി.ഇ.ഒയും എം.ഡിയുമായ ചിത്രാ രാമകൃഷ്ണയെ സംബന്ധിച്ച് ഞെട്ടിക്കുന്ന കണ്ടെത്തലുമായി സെക്യൂരിറ്റി ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. 4 ട്രില്യണ്‍ ഡോളര്‍ സംയോജിത വിപണി മൂലധനമുള്ള സ്ഥാപനത്തിന്‍റെ മുന്‍ സി.ഇ.ഒ ചിത്രാ രാമകൃഷ്ണ കമ്പനിയെ സംബന്ധിച്ചുള്ള പല സുപ്രധാന തീരുമാനങ്ങളും സ്വീകരിച്ചത് അദൃശ്യനായ ഒരു യോഗിയുടെ നിര്‍ദേശ പ്രകാരമാണെന്നാണ് സെബിയുടെ കണ്ടെത്തല്‍.

  ഹിമാലയത്തില്‍ താമസിക്കുന്ന യോഗിയെ ‘ശിരോന്മണി ’എന്ന പേരിലാണ് ചിത്രാ രാമകൃഷ്ണ സംബോദന ചെയ്തത്. 2013 ല്‍ കമ്പനിയുടെ സി.ഒ.ഒ ആയി ആനന്ദ് സുബ്രഹ്മണ്യത്തെ നിയമിച്ചതും യോഗിയുടെ ഉപദേശപ്രകാരം ആയിരുന്നു എന്നും സെബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 5 കോടി രൂപയാണ് നിയമനത്തിനായി കമ്പനി ചെലവഴിച്ചത്.

  യോഗിയുടെ പ്രവചനങ്ങളില്‍ ആകൃഷ്ടയായ അവര്‍ അഞ്ച് വര്‍ഷക്കാലത്തെ കമ്പനിയുടെ ബിസിനസ് പ്ലാനുകളും മറ്റ് സാമ്പത്തിക വിവരങ്ങളും ഇയാളുമായി പങ്കുവെച്ചിരുന്നു. ആനന്ദ് സുബ്രഹ്മണ്യത്തിന്‍റെ നിയമനം കമ്പനി ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടി സെബി ഇവര്‍ക്ക് പിഴ ചുമത്തിയിരുന്നു. കൂടാതെ കോ-ലോക്കേഷന്‍ ആല്‍ഗോ ട്രേഡിങ്ങ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് കുറ്റാരോപിതയായ ചിത്രയെ 2016ല്‍ എന്‍.എസ്.ഇയില്‍ നിന്ന് പുറത്താക്കിയിരുന്നു. സീനിയര്‍ മാനേജ്മെന്‍റ് ഉദ്യോഗസ്ഥരോ കമ്പനി പ്രമോട്ടര്‍മാരോ എന്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോലും ചിത്ര രാമകൃഷ്ണ നടത്തിയ നീക്കങ്ങളെ എതിര്‍ത്തിരുന്നില്ല. കമ്പനിയില്‍ നിന്ന് പുറത്തുപോകുമ്പോള്‍ 44 കോടി രൂപ ശമ്പള കുടിശിക ഇനത്തില്‍ ഇവര്‍ കൈപ്പറ്റിയതായി സെബി കണ്ടെത്തി.

  ഇതുവരെ നേരില്‍ കാണാത്ത യോഗിയുമായി ഏകദേശം 20 വര്‍ഷത്തോളം ഇവര്‍ ഇമെയിലൂടെ ബന്ധപ്പെടുകയും നാഷണല്‍ സെക്യൂരിറ്റി എക്സ്ചേഞ്ചിന്‍റെ സുപ്രധാന തീരുമാനങ്ങള്‍ക്ക് വേണ്ട ഉപദേശം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇമെയില്‍ സന്ദേശങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ വാസ്തവമാണെന്ന് ചിത്ര രാമകൃഷ്ണന്‍ സമ്മതിച്ചെന്നും അയാളുടെ സാന്നിദ്ധ്യം അനുഭവച്ചറിയാന്‍ രൂപത്തിന്‍റെ ആവശ്യമില്ലെന്നും ഏത് വിധേനയും അത് അറിയാന്‍ കഴിയുമെന്ന് അവര്‍ മൊഴി നല്‍കിയതായി സെബിയിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

  അന്വേഷണത്തിന് ശേഷം ചിത്ര രാമകൃഷ്ണന് 3 കോടിയും ആനന്ദ് സുബ്രഹ്മണ്യത്തിനും എന്‍എസ്ഇ മുന്‍ സിഇഒ രവി നാരായണനും 2 കോടി വീതവും എന്‍എസ്ഇ ഉദ്യോഗസ്ഥനായ ആര്‍.നരസിംഹന് 6 ലക്ഷവും സെബി പിഴ വിധിച്ചു. കൂടാതെ 6 മാസത്തേക്ക് പുതിയ പ്രൊഡക്റ്റ് അവതരിപ്പിക്കുന്നതില്‍ നിന്ന് കമ്പനിയെ വിലക്കുകയും ചെയ്തു.

  ഇതോടൊപ്പം ചിത്ര രാമകൃഷ്ണ, ആനന്ദ് സുബ്രഹ്മണ്യം എന്നിവര്‍ ഏതെങ്കിലും മാർക്കറ്റ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപനവുമായോ സെബിയിൽ രജിസ്റ്റർ ചെയ്ത ഏതെങ്കിലും ഇടനിലക്കാരുമായോ ബന്ധപ്പെടുന്നതിൽ നിന്ന് മൂന്ന് വർഷത്തേക്ക് വിലക്കിയിട്ടുണ്ട്. രവി നാരായണന് ഈ നിയന്ത്രണം രണ്ട് വർഷത്തേക്കാണ് നല്‍കിയത്.

  ഏകപക്ഷീയവും സ്വേച്ഛാധിപത്യപരവുമായ ചിത്രയുടെ ഭരണത്തെ ഭയന്ന്  അവര്‍ക്കെതിരെ പരാതി നൽകാൻ ജീവനക്കാര്‍ ആരും തയാറാകാതിരുന്നത് അസാധാരണമല്ലെന്ന് സെബി ഉത്തരവിൽ പറയുന്നു. ചിത്ര രാമകൃഷ്ണയ്‌ക്കെതിരെ സെബിക്ക് ലഭിച്ച വിവിധ അജ്ഞാത പരാതികളിൽ നിന്ന് ഇത് വ്യക്തമാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി നടപടി സ്വീകരിച്ചതെന്ന് സെബി വ്യക്തമാക്കി.
  Published by:Arun krishna
  First published: