• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

തരൂരിനെ തള്ളി കോൺഗ്രസ്; വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം


Updated: July 13, 2018, 8:48 AM IST
തരൂരിനെ തള്ളി കോൺഗ്രസ്;  വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം

Updated: July 13, 2018, 8:48 AM IST
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെ കുറിച്ച് മുൻ കേന്ദ്രമന്ത്രിയും എം.പിയുമായ ശശി തരൂർ നടത്തിയ 'ഹിന്ദു പാകിസ്താൻ' പരാമർശത്തെ തള്ളി കോൺഗ്രസ്. ബി.ജെ.പിയെ വിമർശിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന മുന്നറിയിപ്പാണ് തരൂരിന് കോണ്‍ഗ്രസ് നൽകിയത്. എന്നാൽ, തന്റെ നിലപാട് ആവർത്തിച്ച് തരൂർ ഫേസ്ബുക്കിൽ പോസ്റ്റിടുക കൂടി ചെയ്തതോടെ വിവാദം പുതിയൊരു തലത്തിലേക്ക് എത്തി.

2019 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയം ആവര്‍ത്തിച്ചാല്‍ അവര്‍ ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കുമെന്നായിരുന്നു തരൂര്‍ തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയില്‍ പറഞ്ഞത്.



തരൂരിന്റെ പരാമർശത്തിനെതിരെ ശക്തമായി രംഗത്തെത്തിയ ബി.ജെ.പി നേതൃത്വം കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. പാകിസ്താന്‍ എന്ന രാജ്യം ഉണ്ടായതിന്റെ ഉത്തരവാദികള്‍ കോണ്‍ഗ്രസാണ്. അവര്‍ തന്നെ വീണ്ടും ഇന്ത്യയെയും ഹിന്ദുക്കളെയും നിന്ദിക്കുകയാണെന്ന് ബി.ജെ.പി വക്താവ് സാംബിത് പത്ര ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ട്വീറ്റ് ചെയ്തത്.



'കഴിഞ്ഞ നാലു വര്‍ഷമായി രാജ്യത്ത് അസഹിഷ്ണുതയുടേയും വെറുപ്പിന്റേയും അന്തരീക്ഷമുണ്ടാക്കിയത് ബി.ജെ.പിയാണ്. എന്നാല്‍ ഇന്ത്യയുടെ സംസ്‌കാരിക മൂല്യങ്ങളായ ബഹുസ്വരതയും വൈവിധ്യവും മതങ്ങളും വംശങ്ങളും തമ്മിലുള്ള ഐക്യവുമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്നത്. നമ്മളില്‍ നിക്ഷിപ്തമായ ചരിത്രപരമായ ഉത്തരവാദിത്തം ബി.ജെ.പിയെ വിമര്‍ശിക്കുമ്പോള്‍ എല്ലാ കോണ്‍ഗ്രസ് നേതാക്കളും മനസിലാക്കണം'- സുര്‍ജേവാല വ്യക്തമാക്കി.



എന്നാൽ, മാപ്പുപറയണമെന്ന ബി.ജെ.പിയുടെ ആവശ്യം ശശി തരൂര്‍ പാടെ തള്ളിക്കളഞ്ഞു. അവര്‍ ഹിന്ദു രാഷ്ട്രമെന്ന ആദര്‍ശത്തിന്റെ സംരക്ഷകരായിരിക്കുന്നിടത്തോളം ഞാന്‍ എന്തിനാണ് മാപ്പു പറയുന്നതെന്ന് തരൂര്‍ തിരിച്ചടിച്ചു. ഒരു ശക്തമായ മതത്തിന്റെ അടിത്തറയിൽ നിർമിക്കപ്പെട്ട പാകിസ്താൻ ന്യൂനപക്ഷങ്ങളോടു വിവേചനം കാട്ടുകയും അവരുടെ അവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്നുണ്ട്. രാജ്യം വെട്ടിമുറിക്കപ്പെട്ടതിന്റെ യുക്തി അംഗീകരിക്കാൻ ഇന്ത്യയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഹിന്ദുരാഷ്ട്ര സങ്കൽപം പാകിസ്താന്റെ തനിപ്പകർപ്പാണ്. മതാധിപത്യത്തിലൂന്നി ന്യൂനപക്ഷങ്ങളെ കീഴാളരായി പരിഗണിക്കുന്ന ഇടമായി അത് മാറും. അതിനെ ഹിന്ദു പാകിസ്താൻ എന്ന് വിളിക്കേണ്ടി വരും. ഭരണഘടനയിൽ പവിത്രമായി സൂക്ഷിക്കുന്ന ഇന്ത്യയെന്ന സങ്കൽപം അതല്ല. പാകിസ്താന്റെ ഹിന്ദു പതിപ്പായി മാറാൻ ഇന്ത്യയെ അനുവദിക്കരുത്- തരൂർ ഫേസ്ബുക്കിൽ പറഞ്ഞു.



തിരുവനന്തപുരത്ത് ജവഹർലാൽ നെഹ്റു പ്രതിഭാ പുരസ്കാരദാന ചടങ്ങിൽ 'ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും നേരിടുന്ന വെല്ലുവിളികളും' എന്ന വിഷയത്തെ കുറിച്ച് പ്രഭാഷണം നടത്തിയപ്പോഴായിരുന്നു തരൂർ വിവാദ പരാമർശം നടത്തിയത്. മോദി ഭരണത്തിൽ പശുക്കൾ മനുഷ്യരെക്കാൾ സുരക്ഷിതരാണ്. കൈയിലുള്ള പൊതി ഗോമാംസമാണെന്ന് സംശയിക്കപ്പെട്ടാൽ പോലും ജീവൻ അപകടത്തിലാകുന്ന സ്ഥിതിയാണ്. ഇതേസർക്കാർ അടുത്ത തെരഞ്ഞെടുപ്പിലും ജയിച്ചാൽ ഇന്ത്യ 'ഹിന്ദു പാകിസ്താനാ'യിമാറും.

ഇന്ത്യൻ ഭരണഘടന പരിപാവനമെന്ന് ആവർത്തിക്കുമ്പോഴും പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ പാർട്ടിയും അതംഗീകരിക്കുന്നില്ല. എല്ലാ മതങ്ങളേയും സംരക്ഷിക്കാനുള്ള ചുമതല രാജ്യം ഒറ്റക്കെട്ടായി ഏറ്റെടുക്കണം.ഇന്ത്യയിൽ ഫാസിസമില്ലെന്ന ഇടത് നേതാക്കളുടെ നിലപാട് അപക്വമാണ്.അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് രാജ്യത്ത്. ഭരണഘടനാനുസൃതമായ എല്ലാ സംവിധാനങ്ങളും തകർക്കുകയാണ്. രാജ്യസഭയിൽകൂടി ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടിയാൽ ഭരണഘടനയും തിരുത്തും. അതോടെ മതേതരത്വം ഇല്ലാതാവും - ഇതായിരുന്നു തരൂരിന്റെ വിവാദമായ പ്രസ്താവന.

 
First published: July 12, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍