ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ക്രൈസ്‌തവ സമൂഹത്തിനെതിരെ വെറുപ്പും അതിക്രമങ്ങളും വ്യാപകമാകുന്നുവെന്ന് ആരോപിച്ച് ക്രൈസ്തവ സമൂഹം ഡൽഹിയിൽ പ്രതിഷേധിച്ചു. ജന്തർ മന്തറിൽ നടന്ന പ്രതിഷേധ സംഗമത്തിൽ വിവിധ ക്രൈസ്‌തവ സഭാ പുരോഹിതരും നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു.
രാജ്യത്ത് അസഹിഷ്‌ണുത വർധിക്കുന്നുവെന്നും ഭരണഘടന ഉറപ്പ് നൽകുന്ന മതസ്വാതന്ത്ര്യവും ജീവിക്കാനുളള അവകാശവും ഹനിക്കപ്പെടുന്നുവെന്നും ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പേരിൽ ഒരാളും പീഡനത്തിനിരയാകാൻ പാടില്ലെന്ന് ഫരീദാബാദ് രൂപത ആർച്ച്ബിഷപ് കുര്യാക്കോസ് മാർ ഭരണികുളങ്ങര പറഞ്ഞു. ഡൽഹിയിൽ നടന്ന പ്രതിഷേധറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമങ്ങൾ അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അതിക്രമങ്ങൾക്കെതിരെ പരാതി നൽകിയിട്ടും നടപടിയെടുക്കാത്ത സാഹചര്യമാണുളളത്.
ഡൽഹി അതിരൂപത ആർച്ച് ബിഷപ് ഡോ. അനിൽ ജെ.ടി. കൂട്ടോ, മലങ്കര സഭ ഗുഡ്ഗാവ് രൂപത അധ്യക്ഷൻ തോമസ് മാർ അന്തോണിയോസ്, മലങ്കര ഓർത്തഡോക്‌സ് സിറിയൻ സഭ ഡൽഹി അദ്ധ്യക്ഷൻ യൂഹാനോൻ മാർ ദിമിത്രിയോസ്, യുണൈറ്റഡ് ക്രിസ്‌ത്യൻ ഫോറം ദേശീയ പ്രസിഡന്റ് ഡോ. മൈക്കിൾ വില്യംസ് തുടങ്ങിയവർ വിശ്വാസികളെ അഭിസംബോധന ചെയ്‌തു. 79 ക്രൈസ്‌തവ സംഘടനകൾ പ്രതിഷേധത്തിൽ പങ്കെടുത്തു.
ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, മദ്ധ്യപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. വിഷയം സർക്കാരിന്റെയും സുപ്രീംകോടതിയുടേയും പൊതു സമൂഹത്തിന്റെയും ശ്രദ്ധയിൽകൊണ്ടുവരാനാണ് പ്രതിഷേധം. ദേശീയ മനുഷ്യാവകാശ കമ്മിഷൻ, ന്യൂനപക്ഷ കമ്മീഷൻ, ആദിവാസി-ഗോത്രവർഗ-വനിത കമ്മീഷനുകൾ തുടങ്ങിയവയ്‌ക്ക് നിവേദനം നൽകുമെന്നും പ്രതിഷേധക്കാർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.