ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ യുപിഎ നേതാക്കള്‍ക്കോ പ്രതിരോധ മന്ത്രാലയ ഉധ്യോഗസ്ഥര്ക്കോ കോഴ നല്‍കിയിട്ടില്ലെന്ന് ഇടനിലക്കാരന് ക്രിസ്റ്റിന് മിഷേല്‍ സിബിഐയോട് പറഞ്ഞു. എഴുതാനും വായിക്കാനും പ്രയാസമുണ്ടെന്നും കോഴക്കണക്ക് സംബന്ധിച്ച ഡയറി എഴുതിയത് താനല്ലെന്നും മിഷേല്‍ അവകാശപ്പെട്ടു. മിഷേലിന് ഒപ്പം ചോദ്യം ചെയ്യുന്നതിനായി കേസിലെ മറ്റ് പ്രതികള്‍ക്ക് സിബിഐ നോട്ടീസ് നല്‍കും.
ദുബായില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ച അഗസ്റ്റവെസ്റ്റ് ലാന്‍ഡ് കേസിലെ ഇടനിലക്കാരന് ക്രിസ്റ്റിന് മിഷേല്‍ ചോദ്യം ചെയ്യലിനോട് നിഷേധാത്മകമായി പ്രതികരിക്കുന്നുവെന്നാണ് സിബിഐ വൃത്തങ്ങള്‍ നല്കുന്ന സൂചന. രാത്രി മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലി ശേഷം പുലര്‍ച്ചെ നാലു മണിമുതല്‍ ആറു മണിവരെ മാത്രമേ മിഷേലിനെ ഉറങ്ങാന്‍ അനുവദിച്ചുള്ളൂ. യുപിഎ ഉന്നത നേതാക്കള്‍, പ്രതിരോധ മന്ത്രാലയം ഉധ്യോഗസ്ഥര്‍ എന്നിവര്‍ക്ക് കോഴ നല്‍കിയെന്ന ആരോപണം മിഷേല്‍ ആവര്‍ത്തിച്ചു നിഷേധിച്ചു. ആഗസ്റ്റ വെസ്റ്റ് ലാന്‍ഡില്‍ നിന്ന് പണം വാങ്ങിയത് കണ്‍സള്‍ട്ടന്‍സി ഫീസ് എന്ന നിലയിലാണ്. എഴുതാനും വായിക്കാനും കഴിയാത്ത ഡിസലക്സിയ എന്ന പ്രശ്നം തനിക്കുണ്ട്. കോഴക്കണക്ക് സംബന്ധിച്ച ഡയറി എഴുതിയത് താനല്ല. മറ്റൊരു ഇടനിലക്കാരന് ആയ ഗുഡിയോ ഹാഷ്ക്കയാണ് ഡയറി എഴുതിയതെന്നും മിഷേല്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു.
മുഴുവന്‍ ഉത്തരവാദിത്തവും ഗുഡിയോ ഹാഷ്ക്കയുടെ ചുമലില്‍ വയ്ക്കാന്‍ ശ്രമമെന്നാണ് സിബിഐ വിലയിരുത്തല്‍. രണ്ടു തവണയായി മിഷേല്‍ വാങ്ങിയ 300 കോടി രൂപ നല്‍കിയതിന്റെ രേഖകള്‍ കാട്ടിയപ്പോള്‍ ഇയാള്‍ അസ്വസ്ഥനായതായും അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ഗൗതം ഖേത്താന്‍, മുന്‍ എയര്‍ മാര്‍ഷല്‍ എസ്പി ത്യാഗി, ത്യാഗിയുടെ ബന്ധുക്കള്‍ എന്നിവര്‍ക്ക് ഒപ്പം മിഷേലിനെ ചോദ്യം ചെയ്യും. അതേസമയം മിഷേലിന് വേണ്ടി കോണ്‍ഗ്രസ് അഭിഭാഷകന് ആള്‍ജോ കെ ജോസഫ് ഹാജരായത് മൊഴി സ്വാധീനിക്കാന്‍ ആണെന്ന് ബിജെപി ആരോപിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.