• HOME
  • »
  • NEWS
  • »
  • india
  • »
  • Covid Vaccine | വാക്സിനെടുക്കുന്നവർക്ക് കുറഞ്ഞ വിലയ്ക്ക് പെട്രോളും സൗജന്യ മൊബൈൽ ഫോണും; എടുക്കാത്തവർക്ക് കർശന വിലക്കുകൾ

Covid Vaccine | വാക്സിനെടുക്കുന്നവർക്ക് കുറഞ്ഞ വിലയ്ക്ക് പെട്രോളും സൗജന്യ മൊബൈൽ ഫോണും; എടുക്കാത്തവർക്ക് കർശന വിലക്കുകൾ

നിരവധി തദ്ദേശ സ്ഥാപനങ്ങൾ വാക്സിൻ വിതരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി ഓഫറുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

Covid 19

Covid 19

  • Share this:
    ആവശ്യത്തിലധികം വാക്സിൻ (Vaccine) ഉണ്ടായിരുന്നിട്ടും വർഷാവസാനത്തോടെ അർഹരായ എല്ലാ ആളുകളിലും വാക്സിൻ എത്തിക്കുന്ന കാര്യത്തിൽ ഇന്ത്യ വിജയിക്കുമോ എന്ന കാര്യം സംശയമാണ്. എന്നാൽ കഴിഞ്ഞ മാസം കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയതോടെ പുതിയ കോവിഡ് തരംഗത്തെക്കുറിച്ചുള്ള ഭയം ആളുകളിൽ വർദ്ധിച്ചിട്ടുണ്ട്. ഇതിനിടെ ഇന്ത്യയിലുടനീളമുള്ള നിരവധി തദ്ദേശ സ്ഥാപനങ്ങൾ വാക്സിൻ വിതരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി ഓഫറുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. സൗജന്യ ഇലക്‌ട്രോണിക് ഉപകരണങ്ങളും മൊബൈൽ ഫോണുകളും വിലക്കുറവിൽ പെട്രോളും മരുന്നുകളും ഭാഗ്യക്കുറി നറുക്കെടുപ്പുമൊക്കെയാണ് വിവിധ തദ്ദേശ സ്ഥാപനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

    വാക്സിനെടുക്കുന്നവരിലെ നറുക്കെടുപ്പ് വിജയിക്ക് അഹമ്മദാബാദ് തദ്ദേശ സ്വയംഭരണ സ്ഥാപനം 60,000 രൂപ വിലമതിക്കുന്ന മൊബൈൽ ഫോൺ വാഗ്ദാനം ചെയ്തപ്പോൾ, എൽഇഡി ടിവി, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ തുടങ്ങിയ സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് കോവിഡ് -19നെതിരെ വാക്സിൻ എടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ് മഹാരാഷ്ട്രയിലെ ഹിംഗോലി മുനിസിപ്പൽ കൗൺസിൽ. ഡിസംബർ 2 നും 24 നും ഇടയിൽ വാക്സിൻ എടുക്കുന്ന നഗരവാസികൾക്കായി ഡിസംബർ 27ന് ഭാഗ്യക്കുറി നറുക്കെടുപ്പ് സംഘടിപ്പിക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

    മഹാരാഷ്ട്രയിലെ ചന്ദ്രപൂർ മുനിസിപ്പൽ കോർപ്പറേഷനും ഒരു വാക്സിനേഷൻ ബമ്പർ ലക്കി ഡ്രോ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ഒന്നും രണ്ടും മൂന്നും സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത് യഥാക്രമം ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, എൽഇഡി ടിവി സെറ്റ് എന്നിവയാണ്. നവംബർ 12നും 24 നും ഇടയിൽ പ്രതിരോധ കുത്തിവയ്പ്പ് എടുത്തവർക്കിടയിലാണ് നറുക്കെടുപ്പ് നടത്തുന്നത്.

    ഹരിയാനയിൽ ഏറ്റവും കുറവ് വാക്‌സിനേഷൻ നിരക്കുള്ള സ്ഥലങ്ങളിലൊന്ന് നുഹ് ആണ്. ഇവിടെ വാക്‌സിൻ എടുക്കുന്നവർക്ക് മരുന്നുകളും സൗജന്യ ഹെൽമറ്റുകളും ഡിന്നർ സെറ്റുകളും മറ്റുമാണ് വാഗ്ദാനം ചെയ്യുന്നത്. ജനങ്ങളെ വാക്സിൻ എടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി അധികൃതർ വ്യാപാരികളുമായി സഹകരിച്ചാണ് ഇത്തരത്തിലുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുന്നത്. ചില പെട്രോൾ പമ്പ് ഡീലർമാർ പൂർണ്ണമായും വാക്സിൻ എടുത്ത ആളുകൾക്ക് ലിറ്ററിന് 50 പൈസ കിഴിവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ, പ്രാദേശിക കെമിസ്റ്റ് അസോസിയേഷൻ ആദ്യ ഡോസ് വാക്സിൻ എടുത്തവർക്ക് മരുന്നുകൾക്ക് 5% കിഴിവും പൂർണ്ണമായും വാക്സിൻ എടുത്തവർക്ക് 10% കിഴിവും വാഗ്ദാനം ചെയ്യുന്നുണ്ട്.

    ചില തദ്ദേശ സ്ഥാപനങ്ങൾ ഇൻസെന്റീവുകളും മറ്റും നൽകി വാക്സിനേഷൻ മുന്നോട്ട് കൊണ്ടുപോകുമ്പോൾ മറ്റ് ചിലയിടങ്ങളിൽ പൊതുഗതാഗതത്തിലും പൊതുയിടങ്ങളിലും വാക്സിൻ എടുക്കാത്തവരെ തടഞ്ഞു കൊണ്ടാണ് വാക്സിൻ വിതരണം കാര്യക്ഷമമാക്കാൻ ശ്രമിക്കുന്നത്.

    വാക്സിൻ എടുക്കാത്ത കോവിഡ് -19 രോഗികൾക്ക് സൗജന്യ ചികിത്സ നൽകില്ലെന്ന് കേരള സർക്കാർ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ഈ മാസം ആദ്യം, കർണാടകയിൽ ഇന്ത്യയിലെ ആദ്യത്തെ ഒമിക്രോൺ കേസുകൾ കണ്ടെത്തിയതിനെത്തുടർന്ന്, വാക്സിൻ എടുക്കാത്ത ആളുകളെ പൊതു ഇടങ്ങളിൽ നിന്ന് സംസ്ഥാന സർക്കാർ വിലക്കിയിരുന്നു. സ്‌കൂളുകളിലോ കോളേജുകളിലോ പോകുന്ന 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് പൂർണമായും വാക്‌സിനേഷൻ എടുക്കുന്നതും നിർബന്ധമാക്കി.

    ഞായറാഴ്ച കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ കോവിഡ് -19 വാക്സിനേഷൻ നിർബന്ധമാക്കിയെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് ഡിസംബർ 15നകം വാക്‌സിന്റെ ആദ്യ ഡോസ് നിർബന്ധമാക്കാൻ ഡൽഹി സർക്കാർ ഡൽഹി ദുരന്തനിവാരണ അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ക്യാഷ് പ്രൈസുകൾ, കിഴിവുകൾ, നറുക്കെടുപ്പ് എന്നിവ വഴി വാക്സിൻ എടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നത് കൂടുതൽ ആളുകളിൽ വാക്സിൻ എത്തിക്കാൻ സഹായിക്കും. വാക്സിൻ എടുക്കാത്തവരിൽ നിന്ന് പിഴ ഈടാക്കാനും പൊതുഗതാഗതത്തിൽ നിന്ന് അവരെ തടയാനുമുള്ള നടപടികളും മുംബൈയിൽ അധികൃതർ ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

    സംസ്ഥാനങ്ങൾ മാത്രമല്ല, ചില ജില്ലകളും വാക്സിൻ എടുക്കാത്ത ആളുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. വാക്സിൻ എടുക്കാത്ത പൗരന്മാർക്ക് പെട്രോളോ ഗ്യാസോ റേഷനോ ലഭിക്കില്ലെന്ന് പ്രഖ്യാപിച്ച് മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലാ ഭരണകൂടം കർശനമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. മാത്രമല്ല, വാക്സിൻ എടുക്കാത്തവർക്ക് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പ്രവേശനമില്ല.

    അതുപോലെ, ഡിസംബർ 12 മുതൽ വാക്സിനേഷൻ എടുക്കാത്ത ആളുകളെ പൊതു സ്ഥലങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് മധുര ജില്ലാ ഭരണകൂടം അറിയിച്ചു.

    ജനുവരി 16നാണ് കൊറോണ വൈറസിനെതിരായ വാക്സിനേഷൻ ഡ്രൈവ് ഇന്ത്യ ആരംഭിച്ചത്. വർഷാവസാനത്തോടെ എല്ലാവർക്കും വാക്സിനേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ ഇതുവരെ 13 കോടിയിലധികം ആളുകൾക്ക് ആദ്യ ഡോസ് വാക്സിൻ പോലും ലഭിച്ചിട്ടില്ല. കേന്ദ്ര സർക്കാർ കണക്കുകൾ പ്രകാരം, നവംബർ 30 വരെ, നിശ്ചിത ഇടവേള പൂർത്തിയാക്കിയ 12.5 കോടി ആളുകൾക്ക് രണ്ടാമത്തെ ഡോസ് വാക്സിൻ നൽകാനുമുണ്ട്.

    കേരളത്തിൽ കോവിഡ് വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും കണക്ക് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി (Minister V Sivankutty) പുറത്തു വിട്ടിരുന്നു. അധ്യാപകരും അനധ്യാപകരുമായി 1707 പേരാണ് ഇതുവരെയും വാക്‌സിന്‍ സ്വീകരിക്കാത്തത്. ഇവരില്‍ 1066 പേര്‍ എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ അധ്യാപകരാണ്. വാക്‌സിന്‍ എടുക്കാത്ത അധ്യാപക-അനധ്യാപകര്‍ ഏറ്റവും കൂടുതലുള്ളത് മലപ്പുറത്തും (201) ഏറ്റവും കുറവ് വയനാട്ടിലുമാണ് (29). ആദ്യ ഘട്ടത്തില്‍ അയ്യായിരത്തോളം അധ്യാപകര്‍ വാക്‌സിന്‍ എടുത്തിരുന്നില്ല. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 1066 അധ്യാപകരും 189 അനധ്യാപകരും വാക്സിന്‍ എടുക്കാനുണ്ട്. വാക്സിൻ എടുക്കാത്ത അധ്യാപകര്‍ മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാകേണ്ടി വരും. വാക്സിനെടുക്കാത്ത അധ്യാപകരും അനധ്യാപകരും സ്‌കൂളില്‍ സ്‌കൂളിലെത്തേണ്ടെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. സ്‌കൂളുള്‍ തുറന്ന ഒരു മാസം ആകുമ്പോഴും വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ എണ്ണത്തില്‍ കാര്യമായ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.
    Published by:Sarath Mohanan
    First published: