• HOME
  • »
  • NEWS
  • »
  • india
  • »
  • Electric bus | ഡൽഹിയിൽ 150 ഇലക്ട്രിക്ക് ബസുകൾക്ക് ഫ്ലാഗ് ഓഫ്; ആദ്യ മൂന്നു ദിവസത്തേക്ക് സൗജന്യ യാത്ര

Electric bus | ഡൽഹിയിൽ 150 ഇലക്ട്രിക്ക് ബസുകൾക്ക് ഫ്ലാഗ് ഓഫ്; ആദ്യ മൂന്നു ദിവസത്തേക്ക് സൗജന്യ യാത്ര

ബസുകൾ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഫ്ലാഗ് ഓഫ് ചെയ്യും

അരവിന്ദ് കേജ്‌രിവാൾ

അരവിന്ദ് കേജ്‌രിവാൾ

  • Share this:
    ഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ (Arvind Kejriwal) 150 ഇലക്ട്രിക് ബസുകൾ ഫ്ലാഗ് ഓഫ് ചെയ്യും. യാത്രക്കാർക്ക് മൂന്ന് ദിവസത്തേക്ക് സൗജന്യമായി യാത്ര ചെയ്യാമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. 150 ഇലക്‌ട്രിക് ബസുകൾ കൂടി വന്നെത്തുന്നതോടെ ഒരേസമയം ഏറ്റവും കൂടുതൽ ഇലക്ട്രിക്ക് ബസുകൾ നിരത്തിലിറക്കിയ ദേശീയ റെക്കോർഡിലേക്ക് ഡൽഹി എത്തുകയാണ്.

    ജനുവരിയിൽ കേജ്‌രിവാൾ രണ്ട് മുൻനിര ഇലക്ട്രിക് ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. മെയ് 24 മുതൽ മെയ് 26 വരെ ഇലക്ട്രിക് ബസുകളിൽ ഡൽഹിയിലെ ജനങ്ങൾക്ക് മൂന്ന് ദിവസത്തേക്ക് സൗജന്യമായി യാത്ര ചെയ്യാം.

    ഈ ബസുകൾ പുക പുറന്തള്ളുന്നില്ല എന്ന പ്രത്യേകതയുണ്ട്. സി.സി.ടി.വി. ക്യാമറകൾ, ജി.പി.എസ്., 10 പാനിക് ബട്ടണുകൾ, ഭിന്നശേഷിക്കാർക്കുള്ള റാമ്പുകൾ തുടങ്ങിയവയുമുണ്ട്. മുണ്ടേല കലൻ, രാജ്ഘട്ട്, രോഹിണി സെക്ടർ-37 എന്നിവിടങ്ങളിലെ മൂന്ന് ഡിപ്പോകൾ പൂർണമായും വൈദ്യുതീകരിച്ച് ഈ 150 പുതിയ ബസുകൾ സ്ഥാപിക്കാൻ തയ്യാറായി കഴിഞ്ഞു. ശേഷിക്കുന്ന 150 ബസുകളും വരും മാസത്തിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

    ഫ്ലാഗ് ഓഫ് ചെയ്ത ശേഷം, ഈ ബസുകൾ മോറി ഗേറ്റിനും മെഹ്‌റൗളി ടെർമിനലിനും ഇടയിലുള്ള റൂട്ട് നമ്പർ 502, ഐപി ഡിപ്പോ -കൊണാട്ട് പ്ലേസ് - സഫ്ദർജംഗ് - സൗത്ത് എക്സ്റ്റൻഷൻ -ആശ്രമം - ജംഗ്പുര -ഇന്ത്യ ഗേറ്റ് റൂട്ട് എന്നിവയുൾപ്പെടെ ഡൽഹിയിലെ പ്രധാന റൂട്ടുകളിൽ ഓടും. ഇ-ബസുകളിൽ യാത്ര ചെയ്യാനും സെൽഫിയെടുക്കാനും #IrideEbus എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് അവരുടെ ഇൻസ്റ്റാഗ്രാം, ട്വിറ്റർ, ഫേസ്ബുക്ക് ഹാൻഡിലുകളിൽ പോസ്റ്റ് ചെയ്യാനും സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു. മികച്ച മൂന്ന് എൻട്രികൾക്ക് ഐപാഡ് നേടാനുള്ള അവസരമുണ്ട്.



    ഡിടിസിയുടെ എല്ലാ ഇലക്‌ട്രിക് ബസുകളിലും മേൽപ്പറഞ്ഞ മൂന്നു ദിവസങ്ങളിൽ ടിക്കറ്റ് വാങ്ങാൻ യാത്രക്കാരെ നിർബന്ധിക്കരുതെന്ന് ഡിടിസിയുടെ എല്ലാ ഓഫീസർമാരെയും ഓപ്പറേഷണൽ ക്രൂവിനെയും ഗതാഗത വകുപ്പ് ഔദ്യോഗിക ആശയവിനിമയത്തിൽ അറിയിച്ചു.

    ഇ-ബസുകളിൽ യാത്ര ചെയ്യുന്നതിന് ആളുകളെ പ്രോത്സാഹിപ്പിക്കാനാണ് സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്നതെന്ന് ഒരു ഡിടിസി ഉദ്യോഗസ്ഥൻ പറഞ്ഞു. 'ആളുകളെ പ്രചോദിപ്പിക്കുന്നതിനും ഇ-ബസുകളെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനുമാണ് ഈ ഉദ്യമം. 150 ബസുകൾ കൂടി വരുന്നതോടെ ഇ-ബസുകളുടെ എണ്ണം 152 ആയി ഉയരും,' ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

    'ഇത് ഞങ്ങൾക്ക് ഒരു വലിയ ദിവസമാണ്. ഹരിത ഗതാഗത മാർഗ്ഗങ്ങളിലേക്ക് ചുവടുവയ്ക്കാനും, ഇ.വി.കളിലേക്ക് മാറാനും ഡൽഹി സർക്കാർ എപ്പോഴും ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. പൊതുഗതാഗതത്തിലേക്ക് മാറുന്നത്, പ്രത്യേകിച്ച് സുസ്ഥിര പൊതുഗതാഗത മാർഗങ്ങൾ സ്വീകരിക്കുന്നത്, ഡൽഹി നിവാസികൾ കാണാൻ ആഗ്രഹിക്കുന്ന ഒരു ജീവിതശൈലീ മാറ്റമാണ്. ആളുകൾ ഈ ബസുകളിൽ യാത്ര ചെയ്യാനും സുഖസൗകര്യങ്ങൾ അനുഭവിക്കാനും പ്രചരിപ്പിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ഞാൻ ഈ ബസുകൾ ഓടിക്കുകയും അതിൽ യാത്ര ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ നിങ്ങൾക്കും ഈ ബസുകളിൽ കയറാം. അവ മലിനീകരണ വിമുക്തവും, ശബ്ദ രഹിതവും, അത്യന്തം സുഖസൗകര്യം പ്രദാനം ചെയ്യുന്നതുമാണ്,' ഗതാഗത മന്ത്രി കൈലാഷ് ഗഹ്‌ലോട്ടിന്റെ പ്രസ്താവനയിൽ പറഞ്ഞു.
    Published by:user_57
    First published: