ചെന്നൈ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ സഹയാത്രികരുടെ പേരിലും നിയമനടപടി സ്വീകരിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. മദ്യപിച്ചില്ലെന്നതോ വാഹനം ഓടിച്ചില്ലെന്നതോ നടപടിയില്‍നിന്ന് രക്ഷപ്പെടാനുള്ള കാരണമായെടുക്കാന്‍ പറ്റില്ല. സഹയാത്രികർക്കെതിരെയും മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കാമെന്ന് കോടതി വ്യക്തമാക്കി.
വാഹനമോടിക്കുന്നയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് അറിഞ്ഞിട്ടും കൂടെ യാത്രചെയ്യുന്നയാൾ അതിനെ പിന്തുണയ്ക്കുന്നതായും പ്രോത്സാഹപ്പിക്കുന്നതായും വ്യാഖ്യാനിക്കാവുന്നതാണെന്ന് ജസ്റ്റിസ് ഭരത ചക്രവർത്തി പറഞ്ഞു.
മദ്യലഹരിയിൽ ഓടിച്ച വാഹനം ഇടിച്ച് മൂന്നു വഴിയാത്രക്കാർ മരിച്ച കേസിൽ നിന്ന് ഒഴിവാക്കണമെന്ന സഹയാത്രികനായ ഡോക്ടറുടെ ആവശ്യം പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വിധി. ഡോക്ടറുടെ ആവശ്യം കോടതി തള്ളി. 2013ലാണ് കേസിനാസ്പദമായ സംഭവം.
ഹര്‍ജിക്കാരിയായ വി. ലക്ഷ്മിയുടെ സഹോദരനാണ് വാഹനമോടിച്ചത്. മദ്യപിച്ചിരുന്നില്ലെന്നും അപകടസമയത്ത് വാഹനമോടിച്ചത് താനല്ലെന്നും അതുകൊണ്ട് കേസില്‍നിന്ന് ഒഴിവാക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഇത് കീഴ്കോടതി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
കാറിന്റെ മുന്‍സീറ്റിലാണ് പരാതിക്കാരി ഇരുന്നതെന്ന് ചൂണ്ടിക്കാണിച്ച ഹൈക്കോടതി സഹോദരന്‍ മദ്യപിച്ചിരുന്നെന്നകാര്യം അറിയാമായിരുന്നുവെന്നുവേണം കരുതാനെന്ന് അഭിപ്രായപ്പെട്ടു. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കുള്ള പ്രേരണക്കുറ്റത്തില്‍നിന്ന് ഹര്‍ജിക്കാരിക്ക് ഒഴിയാന്‍പറ്റില്ലെന്ന് കോടതി വ്യക്തമാക്കി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.