മയക്കുമരുന്ന് കേസിൽ ഷാർജയിലെ ജയിലിൽ നിന്ന് മോചിതയായതിനു ശേഷം താൻ അവിടെ നേരിട്ട ദുരനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി ക്രിസാൻ പെരേര. ഒരു കുറുപ്പിലൂടെയാണ് താരം ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുന്നത്. ജയിലിൽ താൻ ടോയ്‌ലറ്റിലെ വെള്ളം കൊണ്ട് കാപ്പി ഉണ്ടാക്കേണ്ടി വന്നു എന്നാണ് താരം വെളിപ്പെടുത്തുന്നത്. കൂടാതെ അലക്കാൻ ഉപയോഗിക്കുന്ന ടൈഡ് ഡിറ്റർജെന്റ് ഉപയോഗിച്ച് മുടി കഴുകേണ്ടി വന്നു എന്നും ക്രിസൻ തുറന്നു പറഞ്ഞു.
താരം എഴുതിയ കുറിപ്പ് സഹോദരനായ കെവിനും തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ” ജയിലിൽ ഒരു പേനയും പേപ്പറും ലഭിക്കാൻ തന്നെ എനിക്ക് മൂന്നാഴ്ചയും അഞ്ചു ദിവസം എടുത്തു. അവിടെ വച്ച് ടൈഡ് ഉപയോഗിച്ച് മുടി കഴുകി. ടോയ്ലറ്റിലെ വെള്ളം കൊണ്ട് കാപ്പി ഉണ്ടാക്കേണ്ടി വന്നു. ഞാൻ അവിടെവച്ച് ബോളിവുഡ് സിനിമകൾ കാണുമായിരുന്നു. ചിലപ്പോള്‍ എന്റെ അംമ്പീഷനാണല്ലോ എന്നെ ഇവിടെ എത്തിച്ചതെന്ന് ഓർത്ത് കണ്ണുകൾ നിറഞ്ഞൊഴുകും. ചിലപ്പോഴൊക്കെ ഞാന്‍ നമ്മുടെ സംസ്‌കാരം, സംഗീതം, ടിവിയിലെ പരിചിതങ്ങളായ മുഖങ്ങള്‍ എന്നിവ നോക്കി പുഞ്ചിരിക്കും. ഒരു ഇന്ത്യക്കാരിയായതിലും ഇന്ത്യൻ ചലച്ചിത്രമേഖലയുടെ ഭാഗമായതിലും ഞാൻ അഭിമാനിക്കുന്നു,” ക്രിസാൻ കുറിച്ചു.
ഈ വൃത്തികെട്ട കളിയിലെ ഒരു കാലാൾ മാത്രമായിരുന്നു താനെന്നും നടി കൂട്ടിച്ചേർത്തു. അതേസമയം യഥാർത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്തതിലും ജനങ്ങളിൽ നിന്ന് ലഭിച്ച പിന്തുണയ്ക്കും താരത്തിന്റെ കുടുംബം നന്ദിയും സന്തോഷവും അറിയിച്ചിരുന്നു. നിലവിൽ ക്രിസാൻ ജയിൽ മോചിതയായെന്നും എന്നാൽ നിയമനടപടിയെക്കുറിച്ചും അവൾ ഇന്ത്യയിൽ തിരിച്ചെത്താൻ എത്ര സമയമെടുക്കുമെന്നും തങ്ങൾക്കറിയില്ലെന്നും കുടുംബം പറഞ്ഞു.
ഇന്നലെ നടിയുടെ സഹോദരനായ കെവിൻ ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ കോൾ സംഭാഷണം പങ്കുവയ്ക്കുകയും നടി വെള്ളിയാഴ്ചയോടെ ഇന്ത്യയിൽ തിരിച്ചെത്തുമെന്നും അറിയിച്ചിരുന്നു. “ക്രിസാൻ ഇപ്പോൾ സ്വതന്ത്രയാണ്!!! അടുത്ത 48 മണിക്കൂറിനുള്ളിൽ അവൾ ഇന്ത്യയിലുണ്ടാകും,”എന്നാണ് കെവിൻ കുറിച്ചത്. വീഡിയോയും നടിയുടെ അമ്മ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നതും ക്രിസാൻ വികാരഭരിതയാകുന്നതും വീഡിയോയിൽ കാണാം.
ഷാർജയിൽ വച്ച് കൈവശമുണ്ടായിരുന്ന അവാർഡ് ട്രോഫിയിൽ മയക്കുമരുന്ന് കണ്ടെത്തിയതിനെ തുടർന്ന് 27 കാരിയായ ക്രിസാനെ ഏപ്രിൽ ഒന്നിനായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് യഥാർത്ഥ പ്രതികൾ പോലീസിന്റെ വലയിലാവുകയും താരം നിരപരാധിയാണെന്ന് തെളിയുകയുമായിരുന്നു. കേസിൽ ബേക്കറി ഉടമയായ ആന്റണി പോളും സുഹൃത്തായ രാജേഷ് ബുഭാതെയുമാണ് മയക്കുമരുന്ന് ഒളിപ്പിച്ച് നടിയെ കുടുക്കിയത് എന്ന് കണ്ടെത്തി . ഇവർ കുറ്റം സമ്മതിച്ചതായും മുംബൈ പോലീസ് പറഞ്ഞു. ഗ്ലോബൽ വെബ് സീരീസിൽ അവസരം നൽകാമെന്ന് പറഞ്ഞ് ഇതേ രീതിയിൽ നാലുപേരെ കൂടി പ്രതികൾ കുടുക്കിയിരുന്നു .അതേസമയം പെരേര കുടുംബത്തോടുള്ള പ്രതിയായ ആന്റണി പോളിന്റെ പൂർണവൈരാഗ്യമാണ് ഈ കൃത്യത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ നിഗമനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.