നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • "ആര്യൻ ഖാന്റെ അറസ്റ്റിന് കാരണം പേരിലെ 'ഖാൻ'"; വിവാദ പരാമർശത്തെ തുടർന്ന് മെഹ്ബൂബ മുഫ്‌തിയ്‌ക്കെതിരെ പോലീസിൽ പരാതി

  "ആര്യൻ ഖാന്റെ അറസ്റ്റിന് കാരണം പേരിലെ 'ഖാൻ'"; വിവാദ പരാമർശത്തെ തുടർന്ന് മെഹ്ബൂബ മുഫ്‌തിയ്‌ക്കെതിരെ പോലീസിൽ പരാതി

  ബിജെപിയുടെ വോട്ട് ബാങ്ക് നയത്തിനായി ഇസ്ലാം മത വിശ്വാസികളെ മനപ്പൂര്‍വ്വമായി ലക്ഷ്യം വെയ്ക്കുകയാണന്ന് തിങ്കളാഴ്ച മുഫ്തി ആരോപിച്ചിരുന്നു.

  • Share this:
   കാശ്മീരിലെ പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തിയ്ക്കെതിരെ പോലീസില്‍ പരാതി. ഡല്‍ഹി സ്വദേശിയായ ഒരു അഭിഭാഷകനാണ് പരാതി നല്‍കിയിരിക്കുന്നത്. ബോളിവുഡ് താരം ഷാരൂഖ്ഖാന്റെ മകന്‍ ആര്യന്‍ ഖാനെ കേന്ദ്ര ഏജന്‍സികള്‍ ലക്ഷ്യം വെച്ചിരിക്കുന്നതിന്റെ കാരണം ആര്യന്റെ പേരിനറ്റത്തുള്ള കുടുംബപ്പേരാണന്ന് മെഹബൂബ മുഫ്തി പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിന്റെ പേരിലാണ് ഇവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

   സാമുദായിക വൈര്യം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് മുഫ്തിയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അഭിഭാഷകന്‍ തന്റെ പരാതിയില്‍ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ''സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷവും അശാന്തിയും സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമുള്ള ശ്രമത്തില്‍ നിന്നുണ്ടായ പരാമര്‍ശം,'' എന്നാണ് മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പരാതിക്കാരന്‍ വിശേഷിപ്പിച്ചത്.

   ബിജെപിയുടെ വോട്ട് ബാങ്ക് നയത്തിനായി ഇസ്ലാം മത വിശ്വാസികളെ മനപ്പൂര്‍വ്വമായി ലക്ഷ്യം വെയ്ക്കുകയാണന്ന് തിങ്കളാഴ്ച മുഫ്തി ആരോപിച്ചിരുന്നു. 'നാല് കര്‍ഷകരുടെ കൊലപാതകത്തിന് കാരണക്കാരനായ കേന്ദ്രമന്ത്രിയുടെ മകനെതിരെ കേസെടുത്ത് ഒരു മാതൃക സൃഷ്ടിക്കുന്നതിന് പകരം, തന്റെ പേരിനവസാനം ഖാന്‍ എന്നായിപ്പോയതിന്റെ പേരില്‍ മാത്രമാണ് 23 വയസ്സുകാരനായ ഒരു പാവം ചെറുപ്പക്കാരനെ കേന്ദ്ര ഏജന്‍സികള്‍ ലക്ഷ്യം വെയ്ക്കുന്നത്. ബിജെപിയുടെ വോട്ട് ബാങ്കിന്റെ ക്രൂരമായ സംതൃപ്തിയ്ക്ക് വേണ്ടിയാണ് ഇസ്ലാം മത വിശ്വാസികള്‍ ഇതിനിരയാകുന്നത്,' മുഫ്തി തന്റെ ട്വീറ്റില്‍ ആരോപിക്കുന്നു.

   ഉത്തര്‍പ്രദേശിലെ ലഖീംപൂര്‍ഖേരിയില്‍ കഴിഞ്ഞ ദിവസം കര്‍ഷകര്‍ക്ക് നേരെയുണ്ടായ നരനായാട്ടിനെക്കുറിച്ചാണ് മുഫ്തി തന്റെ ട്വീറ്റില്‍ സൂചിപ്പിച്ചത്. കഴിഞ്ഞ ആഴ്ച കര്‍ഷകര്‍ക്ക് നേരെ ട്രാക്ടര്‍ ഓടിച്ച് കയറ്റിയ കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര കുറ്റാരോപിതനാണ്. ലഖീംപൂര്‍ഖേരി അക്രമത്തിന്റെ പേരില്‍ പ്രാദേശിക കോടതി മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ മൂന്നു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരുന്നു. നാല് കര്‍ഷകരുടെ അടക്കം എട്ട് പേരുടെ മരണത്തിന് കാരണമായ അക്രമ സംഭവമാണ് ലഖീംപൂര്‍ഖേരി ലഹള.

   ആര്യന്‍ ഖാന്റെ അപ്രതീക്ഷിത അറസ്റ്റ്, അച്ഛനും ബോളിവുഡ് താരവുമായ ഷാരൂഖ്ഖാനെയും, അമ്മയും സിനിമാ നിര്‍മ്മാതാവുമായ ഗൗരി ഖാനെയും മാനസികമായി ഏറെ തകര്‍ത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആര്‍തര്‍ റോഡ് ജെയിലിലാണ് ഇപ്പോള്‍ ആര്യന്‍ ഖാന്‍ കഴിയുന്നത്. സിനിമാ മേഖലയില്‍ നിന്നുള്ളവരും സുഹൃത്തുക്കളും ഷാരൂഖ് ഖാനും കുടുംബത്തിനും സമൂഹ മാധ്യമങ്ങളിലൂടെയും നേരിട്ടും തങ്ങളുടെ പ്രാര്‍ത്ഥനകളും പിന്തുണയും അറിയിച്ചു കൊണ്ടേയിരിക്കുകയാണ്.

   ഒക്ടോബര്‍ 7ന് ആര്യന്‍ഖാന് വേണ്ടി സമര്‍പ്പിച്ച ജാമ്യ ഹര്‍ജി കോടതി തള്ളിക്കളഞ്ഞിരുന്നു. ഷാരൂഖിന്റെ ഒരു അടുത്ത സുഹൃത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയ വിവരങ്ങള്‍ പ്രകാരം, ആര്യന്റെ ജാമ്യം നിഷേധിച്ച സംഭവം കുടുംബത്തിന് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ആര്യന്റെ അറസ്റ്റിനെ തുടര്‍ന്ന് താരവും കുടുംബവും മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടുമില്ല.
   Published by:Jayashankar AV
   First published:
   )}