• HOME
  • »
  • NEWS
  • »
  • india
  • »
  • ജി20 ലോ​ഗോയിൽ താമര: രാഷ്ട്രീയമെന്ന് കോൺ​ഗ്രസ്; രാജീവ് എന്നാൽ താമരയെന്ന് ബിജെപി

ജി20 ലോ​ഗോയിൽ താമര: രാഷ്ട്രീയമെന്ന് കോൺ​ഗ്രസ്; രാജീവ് എന്നാൽ താമരയെന്ന് ബിജെപി

താമര ഇന്ത്യയുടെ ദേശീയ പുഷ്പമാണെന്നും പ്രതിപക്ഷ പാർട്ടിക്ക് ഇതിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്നും ബിജെപി

  • Share this:
ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി20 ഉച്ചകോടിയുടെ ഔദ്യോ​ഗിക ലോഗോയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമര ഉപയോഗിച്ചതിനെതിരെ കേന്ദ്രസർക്കാരിനെ വിമർശിച്ച് ​കോൺ​ഗ്രസ്സ്. ഭരണകക്ഷി തങ്ങളെ ഉയർത്തി കാട്ടാനുള്ള ഒരു അവസരവും നഷ്ടപ്പെടുത്തില്ലെന്ന് കോൺ​ഗ്രസ്സ്  പറഞ്ഞു. താമര ഇന്ത്യയുടെ ദേശീയ പുഷ്പമാണെന്നും പ്രതിപക്ഷ പാർട്ടിക്ക് ഇതിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്നും ബിജെപി ഇതിനോട് പ്രതികരിച്ചു. ഈ വിഷയത്തിൽ ബിജെപിയും- കോൺ​ഗ്രസ്സും തമ്മിൽ ശക്തമായ വാക്പോരാണ് നടക്കുന്നത്. കോൺഗ്രസിന്റെ പതാക ഇന്ത്യയുടെ പതാകയാക്കാനുള്ള നിർദ്ദേശം ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു നിരസിച്ചിരുന്നതായി കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ഇൻചാർജ് ജനറൽ സെക്രട്ടറി ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചു.

” 70 വർഷങ്ങൾക്ക് മുമ്പ്, കോൺഗ്രസ് പതാക ഇന്ത്യയുടെ പതാകയാക്കാനുള്ള നിർദ്ദേശത്തെ നെഹ്‌റു നിരസിച്ചു. ഇപ്പോൾ, ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം ജി 20 ലോഗോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു! ഇത് ഞെട്ടിപ്പിക്കുന്നതാണെങ്കിലും, മോദിയും ബിജെപിയും സ്വയം പ്രചരണം നടത്താൻ ലഭിക്കുന്ന ഒരു അവസരവും നഷ്‌ടപ്പെടുത്തില്ലെന്നും എത്ര നാണകെട്ടും അതുപയോ​ഗപ്പെടുത്തുമെന്നും ഞങ്ങൾക്കറിയാം! ” എന്നാണ് ജയറാം രമേഷ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

Also Read-കോയമ്പത്തൂർ കാർ സ്ഫോടനം: തമിഴ്നാട്ടിൽ 45 ഇടങ്ങളിൽ NIA റെയ്ഡ്



താമര ഇന്ത്യയുടെ ദേശീയ പുഷ്പമാണെന്നും പ്രതിപക്ഷ പാർട്ടിക്ക് ഇതിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്നും കോൺഗ്രസിനെതിരെ പ്രതികരിച്ച ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല ചോദിച്ചു. രാജീവ് (മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി) എന്ന പേരിന്റെ അർത്ഥം ‘കമൽ’ (താമര) എന്നാണെന്നും അദ്ദേഹം പറഞ്ഞു. “താമര നമ്മുടെ ദേശീയ പുഷ്പമാണ്! അത് മാഹാലക്ഷ്മിയുടെ ഇരിപ്പടം കൂടിയാണ് - നമ്മുടെ ദേശീയ പുഷ്പത്തോട് നിങ്ങൾക്ക് എതിർപ്പുണ്ടോ? ഇതിന്റെ പേരിൽ കമൽനാഥിന്റെ പേരിൽ നിന്ന് കമലിനെ നിങ്ങൾ നീക്കം ചെയ്യുമോ? രാജീവ് എന്നാൽ കമൽ എന്നാണ് അർത്ഥം! ഇതിൽ നിങ്ങൾ ഒരു അജണ്ടയും കാണില്ലെന്ന് പ്രതീക്ഷിക്കുന്നു!" ഷെഹ്‌സാദ് പൂനവാല ട്വീറ്റ് ചെയ്തു.





ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി20യുടെ ലോഗോ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയത്. ഇത്തവണത്തെ ഉച്ചകോടിയുടെ തീമും വെബ്സൈറ്റും ഇതോടൊപ്പം അവതരിപ്പിച്ചു. ലോകത്തെ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള ഇന്ത്യയുടെ വിശ്വാസവും സാംസ്കാരിക പൈതൃകവുമാണ് താമര പ്രതിനിധീകരിക്കുന്നതെന്നാണ് ലോ​ഗോ പ്രകാശനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞത്. താമരയിലെ ഏഴ് ഇതളുകൾ ലോകത്തിലെ ഏഴ് ഭൂഖണ്ഡങ്ങളെയും ഏഴ് സംഗീത സ്വരങ്ങളെയും പ്രതിനിധീകരിക്കുന്നുവെന്നും ലോഗോയിലെ താമരയെ ചൂണ്ടിക്കാണിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

Also Read-ബംഗാളിൽ 'CPM-BJP സഖ്യം' സഹകരണ സംഘത്തിൽ സമ്പൂര്‍ണ വിജയം നേടി; ഒരു സീറ്റ് പോലുമില്ലാതെ തൃണമൂൽ

“ മഹാമാരി, സംഘർഷങ്ങൾ, സാമ്പത്തിക അനിശ്ചിതത്വം എന്നിവയുടെ പ്രത്യാഘാതങ്ങളിലൂടെയാണ് ലോകം ഇപ്പോൾ കടന്നുപോകുന്നത്. ജി20 ലോഗോയിലെ താമരയുടെ ചിഹ്നം ഈ കാലഘട്ടത്തിലെ പ്രത്യാശയെ ആണ് പ്രതിനിധീകരിക്കുന്നത്. ജി20 ലോകരാജ്യങ്ങളെ ഒരുമിപ്പിക്കും. ഈ ലോഗോയിലെ താമരപ്പൂവ് ഇന്ത്യയുടെ പാരമ്പര്യത്തെയാണ് ചിത്രീകരിക്കുന്നത്, ഇത് നമ്മുടെ വിശ്വാസത്തെയും അറിവിനെയും സൂചിപ്പിക്കുന്നു“ അദ്ദേഹം വിശദീകരിച്ചു. ഡിസംബർ ഒന്നിന് നിലവിൽ അധ്യക്ഷപദവിയിലുള്ള ഇന്തോനേഷ്യയിൽ നിന്ന് ഇന്ത്യ ജി20 അധ്യക്ഷസ്ഥാനം ഏറ്റെടുക്കും.
Published by:Jayesh Krishnan
First published: