ഇന്റർഫേസ് /വാർത്ത /India / മഞ്ഞുവീഴ്ച്ചയിൽ തണുത്തുറഞ്ഞ ശ്രീനഗറിൽ രാഹുൽ ഗാന്ധി; ഭാരത് ജോഡോ യാത്രയ്ക്ക് ഔദ്യോഗിക സമാപനം‌

മഞ്ഞുവീഴ്ച്ചയിൽ തണുത്തുറഞ്ഞ ശ്രീനഗറിൽ രാഹുൽ ഗാന്ധി; ഭാരത് ജോഡോ യാത്രയ്ക്ക് ഔദ്യോഗിക സമാപനം‌

യാത്ര പൂർത്തിയാക്കാൻ കഴിയുമോയെന്ന് ഉറപ്പില്ലായിരുന്നെന്നും ജനങ്ങളുടെ പിന്തുണയ്ക്ക് നന്ദിയെന്നും രാഹുൽ ഗാന്ധി

യാത്ര പൂർത്തിയാക്കാൻ കഴിയുമോയെന്ന് ഉറപ്പില്ലായിരുന്നെന്നും ജനങ്ങളുടെ പിന്തുണയ്ക്ക് നന്ദിയെന്നും രാഹുൽ ഗാന്ധി

യാത്ര പൂർത്തിയാക്കാൻ കഴിയുമോയെന്ന് ഉറപ്പില്ലായിരുന്നെന്നും ജനങ്ങളുടെ പിന്തുണയ്ക്ക് നന്ദിയെന്നും രാഹുൽ ഗാന്ധി

  • Share this:

ശ്രീനഗർ: അത്യന്തം ആവേശകരമായ അന്തരീക്ഷത്തിൽ ഭാരത് ജോഡോ യാത്രയുടെ സമാപനം. ശ്രീനഗറിൽ കനത്ത മഞ്ഞുവീഴ്ച്ചയെ അവഗണിച്ചായിരുന്നു രാഹുൽ ഗാന്ധി സമാപന സമ്മേളനത്തിൽ സംസാരിച്ചത്. പതിനായിരക്കണക്കിന് ആളുകൾ പ്രതികൂല കാലാവസ്ഥയിലും ജോഡോ യാത്രാ സമാപന സമ്മേളനത്തിന് എത്തി. മഞ്ഞു വീഴ്ചയെ തുടർന്ന് വൈകിയാണ് സമാപന സമ്മേളനം ആരംഭിച്ചത്. സിപിഐ ഉൾപ്പെടെ പതിനൊന്ന് രാഷ്ട്രീയ പാർട്ടി ഭാഗമായി പങ്കെടുത്തു.

യാത്ര പൂർത്തിയാക്കാൻ കഴിയുമോയെന്ന് ഉറപ്പില്ലായിരുന്നെന്നും ജനങ്ങളുടെ പിന്തുണയ്ക്ക് നന്ദിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വെറുപ്പ് വിതയ്ക്കുന്ന കൊലപാതകങ്ങൾ ഇല്ലാതാക്കാനാണ് തന്റെ യാത്ര. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും രക്തസാക്ഷിത്വത്തിന്റെ ഓർമ്മകൾ വികാരാധീനനായി രാഹുൽ പങ്കുവച്ചു. 21 പ്രതിപക്ഷ പാർട്ടികളെയാണ് കോൺഗ്രസ് സമാപന സമ്മേളനത്തിലേക്ക് ക്ഷണിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, സിപിഎം, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികളുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തില്ല.

ഇന്ത്യയിലുട നീളം 4,000 കിലോമീറ്ററുകൾ താണ്ടി ഏകദേശം അഞ്ച് മാസം കൊണ്ടാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ ഭാരത് ജോ‍ഡോ യാത്ര പൂർത്തിയായത്. ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കിയെന്ന് പറഞ്ഞ രാഹുൽ ഗാന്ധി യാത്രയ്ക്കിടയിൽ ഉണ്ടായ പല അനുഭവങ്ങളും പങ്കുവെച്ചു.

കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗേയും ശ്രീനഗറിൽ സമാപന സമ്മേളനത്തിന് എത്തിയിരുന്നു. മഞ്ഞുവീഴ്ച്ചയെ തുടർന്ന് അദ്ദേഹത്തിന്റെ പ്രസംഗ സമയം കുറച്ചിരുന്നു. പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി, എൻസി നേതാവ് ഒമർ അബ്ദുള്ള, ഡിഎംകെ എംപി തിരുച്ചി ശിവ, ബിഎസ്പി എംപി ശ്യാം സിംഗ് യാദവ് എന്നിവരും ശ്രീനഗറിൽ എത്തി.

രാജ്യത്തിന് ആവശ്യമായ യാത്ര എന്നായിരുന്നു പരിപാടിയെ അഭിസംബോധന ചെയ്ത മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞത്. ഈ യാത്രയിലൂടെ ബിജെപിയെ ഇഷ്ടപ്പെടുന്നവരുണ്ടെന്നും ബിജെപി ഒഴികെ പുതിയ സർക്കാർ വേണമെന്ന് ആഗ്രഹിക്കുന്നവരും, ബിജെപിക്ക് നൽകാൻ കഴിയാത്ത സൗഹാർദ്ദം ആഗ്രഹിക്കുന്നവരും സമാധാനത്തോടെയും പരസ്പരം സ്‌നേഹത്തോടെയും ജീവിക്കാൻ ആഗ്രഹിക്കുന്നവരുമുണ്ടെന്ന് തെളിഞ്ഞുവെന്ന് ഒമർ അബ്ദുള്ള പറഞ്ഞു.

ഗോഡേസെയുടെ പ്രത്യയശാസ്ത്രം ജമ്മുകാശ്മീരിൽ നിന്നും ഈ രാജ്യത്തിൽ നിന്നും തട്ടിയെടുത്തത് പുനഃസ്ഥാപിക്കപ്പെടുമെന്ന് താൻ വിശ്വസിക്കുന്നതായി മെഹബൂബ മുഫ്തി പറഞ്ഞു. ജമ്മു കശ്മീരിൽ തനിക്ക് പ്രതീക്ഷയുടെ കിരണങ്ങൾ കാണാനാകുമെന്നാണ് ഗാന്ധിജി പറഞ്ഞത്. ഇന്ന് രാഹുൽ ഗാന്ധിയിൽ പ്രതീക്ഷയുടെ കിരണങ്ങളാണ് രാജ്യത്തിന് കാണാൻ കഴിയുന്നത്. കാശ്മീർ രാഹുൽ ഗാന്ധിയുടെ വീടാണെന്നും മെഹബൂബ മുഫ്തി പറഞ്ഞു.

First published:

Tags: Bharat Jodo yatra, Rahul gandhi