• HOME
 • »
 • NEWS
 • »
 • india
 • »
 • Congress | കോണ്‍ഗ്രസിന് വേണം പുതുജീവന്‍; ചിന്തന്‍ ശിബിരത്തിന് ഉദയ്പൂരില്‍ ഇന്ന് തുടക്കം

Congress | കോണ്‍ഗ്രസിന് വേണം പുതുജീവന്‍; ചിന്തന്‍ ശിബിരത്തിന് ഉദയ്പൂരില്‍ ഇന്ന് തുടക്കം

മാറിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍ ശിബിരത്തില്‍ ചര്‍ച്ച ചെയ്യും

 • Share this:
  വീഴ്ചയില്‍ നിന്ന് പാഠം പഠിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് (Congress) നേതൃത്വം. വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് പാര്‍ട്ടിയെ ഉടച്ചുവാര്‍ക്കാനും ലോക്സഭ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ ആസുത്രണം ചെയ്യുന്നതിനുമായുള്ള കോണ്‍ഗ്രസ് നവസങ്കല്‍പ്പ ചിന്തന്‍ ശിബിരത്തിന് (Chintan Shivir) ഇന്ന് തുടക്കമാകും. രാജസ്ഥാനിലെ ഉദയ്പൂരിലാണ് പരിപാടി നടക്കുന്നത്. രാജ്യത്തെ പാര്‍ട്ടിയുടെ എല്ലാ നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും. താജ് ആരവല്ലി റിസോർട്ടിൽ മൂന്നുദിവസങ്ങളിലായി നടക്കുന്ന ശിബിരം ഉച്ചയ്ക്ക് രണ്ടിന് അധ്യക്ഷ സോണിയാ ഗാന്ധി ഉദ്ഘാടനംചെയ്യും.

  രാവിലെ ചേരുന്ന പ്രവർത്തകസമിതി അംഗങ്ങൾ അജൻഡകൾ വിലയിരുത്തും. മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി തുടങ്ങി 422 പ്രതിനിധികൾ പങ്കെടുക്കും. ഡൽഹിയിൽനിന്ന് തീവണ്ടിമാർഗമാണ് രാഹുലും മുതിർന്ന പ്രവർത്തകസമിതി അംഗങ്ങളും ജയ്പൂരിലെത്തിയത്. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ബി.വി. ശ്രീനിവാസ്, എൻ.എസ്.യു.ഐ. ദേശീയ സെക്രട്ടറിയും മലയാളിയുമായ എറിക് സ്റ്റീഫൻ എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു. ശിബിരത്തിന്റെ ക്രമീകരണങ്ങൾ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്, ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, അജയ്‌ മാക്കൻ, രൺദീപ് സിങ് സുർജേവാല തുടങ്ങിയ നേതാക്കൾ വിലയിരുത്തി.

  പാര്‍ട്ടി സ്ഥാനങ്ങള്‍ വഹിക്കുന്നതിനും തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനും കോണ്‍ഗ്രസില്‍ പ്രായപരിധി നിശ്ചയിക്കുന്നതിനെ സംബന്ധിച്ചുള്ള ചര്‍ച്ച ചിന്തന്‍ ശിബിരത്തില്‍ ഉണ്ടാകും എന്നാണ് സൂചന. സംഘടനയിൽ സ്ഥാനങ്ങൾ വഹിക്കുന്നതിനും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും 75 വയസ്സ് പ്രായപരിധി ബിജെപി നേരത്തെ തന്നെ നിശ്ചയിച്ചിട്ടുണ്ട് പൊളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലുമടക്കം എല്ലാ ബോഡികളിലെയും അംഗങ്ങൾക്ക് 75 വയസ്സാണ് സിപിഎമ്മിന്റെ വിരമിക്കൽ പ്രായം നിശ്ചയിച്ചിരിക്കുന്നത്. ഒരു അംഗത്തെ മൂന്നാം തവണയും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കുന്നത് തടയുന്ന കീഴ്വഴക്കവും സി.പി.എം നടപ്പാക്കുന്നുണ്ട്.

  നിലിവില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരുന്ന സോണിയാ ഗാന്ധിക്ക് വയസ്സ് 75. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ സോണിയ ഗാന്ധി തുടരണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി നിർബന്ധിച്ചില്ലെങ്കിൽ ഓഗസ്റ്റ്-സെപ്തംബർ മാസങ്ങളിൽ പാര്‍ട്ടിക്ക് പുതിയ പ്രസിഡന്റിനെ നിയമിക്കുമെന്ന് സൂചനയുണ്ട്.

  സിപിഎമ്മും ബിജെപിയും നടപ്പാക്കിയത് പോലെ നേതാക്കള്‍ക്ക് പ്രായപരിധി നിശ്ചയിച്ച് മുന്നോട്ട് പോകല്‍ കോണ്‍ഗ്രസിന്‍റെ കാര്യത്തില്‍ എളുപ്പത്തില്‍ നടക്കാന്‍ സാധ്യതയില്ല. പടിപടിയായി മാറ്റങ്ങള്‍ കൊണ്ടുവന്ന് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്.

  ശിബിരം കോൺഗ്രസിന്റെ ചരിത്രത്തിലെ നാഴികക്കല്ലാവുമെന്ന് അശോക് ഗഹ്‌ലോത് വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു. രാഷ്ട്രീയം, സാമൂഹികനീതി, സാമ്പത്തികം, സംഘടന, കർഷകർ-കൃഷി, യുവജനം-ശാക്തീകരണം എന്നീ വിഷയങ്ങളിലായാണ് ശിബിരത്തിൽ ചർച്ചനടക്കുക.

  അതേസമയം, രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വരണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. 2019ലെ തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്നാണ് രാഹുൽ സ്ഥാനമൊഴിഞ്ഞത്. നെഹ്റു കുടുംബത്തിന് പുറത്തുനിന്ന് പാർട്ടിയെ നയിക്കാൻ ആളെത്ത‌ട്ടെ എന്നായിരുന്നു രാഹുലിന്റെ നിലപാട്. 2013ൽ നടന്ന ചിന്തൻ ശിബിരത്തിലാണ് രാഹുൽ ​ഗാന്ധി ആദ്യമായി പാർട്ടിയുടെ ഉന്നത സ്ഥാനത്തെത്തുന്നത്. അന്ന് വൈസ് പ്രസിഡന്റായി ചുമതലയേറ്റ രാഹുൽ, വൈകാതെ അധ്യക്ഷനുമായി. എന്നാൽ 2014, 2019 തെരഞ്ഞെടുപ്പുകളിൽ പാർട്ടി ദയനീയമായി പരാജയപ്പെട്ടു. സോണിയാ ​ഗാന്ധിയാണ് കോൺ​ഗ്രസിന്റെ ഇടക്കാല പ്രസിഡന്റായി തുടരുന്നത്.
  Published by:Arun krishna
  First published: