ഷിംല: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഹിമാചൽ പ്രദേശിൽ ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ, 30 പ്രാദേശിക നേതാക്കളെ കോൺഗ്രസ് പാർട്ടി പുറത്താക്കി. ഷിംല ജില്ലയിൽ ഉൾപ്പെടുന്ന ചോപാൽ നിയമസഭാ മണ്ഡലത്തിലെ 30 നേതാക്കളെയാണ് പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ച് കോൺഗ്രസിൽനിന്ന് ആറു വർഷത്തേക്ക് പുറത്താക്കിയത്.
ചോപാൽ മണ്ഡലത്തിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി രജനീഷ് കിംതയാണ് കോൺഗ്രസ് സ്ഥാനാർത്ഥി എന്നാൽ, മുൻ എംഎൽഎയും കോൺഗ്രസ് വിമതനുമായ സുഭാഷ് മംഗലതെയിൽനിന്ന് കടുത്ത പോരാട്ടമാണ് രജനീഷ് നേരിട്ടത്. കോൺഗ്രസ് ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്രനായാണ് ചോപാൽ മണ്ഡലത്തിൽ സുഭാഷ് ജനവിധി തേടിയത്.
ചോപാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മണ്ഡലത്തിൽ വിവിധ ചുമതലകൾ വഹിച്ചിരുന്ന 30 പ്രാദേശിക നേതാക്കളെ സംസ്ഥാന അധ്യക്ഷ പ്രതിഭാ സിങ് പുറത്താക്കിയത്. കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്ന് ആറു വർഷത്തേക്കാണ് പുറത്താക്കിയത്.
Himachal Pradesh Congress President expelled 30 party leaders from the primary membership of the party for the next six years for anti-party activities pic.twitter.com/BwC35MD9gT
— ANI (@ANI) December 7, 2022
ധീരേന്ദ്ര സിങ് ചൗഹാൻ, സന്തോഷ് ദോഗ്ര, കുൽദീപ് ഔക്ത, അനീഷ് ധെവാൻ, ദിനേഷ് റാണ, ദിനേഷ് ഗുന്ദ, ബീന പൊട്ടാൻ, റാംലാൽ നെവാലി, ക്രിഷൻ രന്ത, മഹേഷ് ഠാക്കൂർ മാഡി, ബെസന്ത് നെവാലി, ഹിതേന്ദ്ര ചൗഹാൻ, ശ്യാം ശർമ, നാഗ് ചന്ദ് തുല്ലിയൻ, നാഗ് ചന്ദ് ശർമ, സുഖ് റാം നാഗരിക്, അട്ടാർ റാണ, അക്ഷയ് ബ്രാഗ്ത, ഷുർവിർ റാണ, ഹാർദിക് ഭണ്ഡാരി, വീരേന്ദ്ര ധാന്ദ, മൊഹർ സിങ് മേഗ്ത, സുന്ദേർ സിങ് മാന്ദ, ഹേത് റാം കയ്ന്ത്ല, നീരജ് സർകാലി, നരേഷ് ദാസ്ത, ജിതേന്ദർ ശർമ, രോഹിത് രാംത, ബ്രിജ് മോഹൻ ചാകർ, ദിനേഷ് ശർമ പുൽബഹൽ എന്നിവരാണ് പുറത്താക്കപ്പെട്ടത്.
നവംബർ 12ന് നടന്ന ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും വ്യാഴാഴ്ച നടക്കാനിരിക്കെയാണ് കോൺഗ്രസിന്റെ അച്ചടക്ക നടപടി. 68 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുകയെന്നാണ് എക്സിറ്റ്പോൾ ഫലങ്ങള്‍ നൽകുന്ന സൂചന. ഇത് കോണ്‍ഗ്രസ് ക്യാംപിലും പ്രതിക്ഷ സജീവമാക്കിയിട്ടുണ്ട്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.