ന്യൂഡൽഹി: രാഹുൽ ഗാന്ധി രാജിയിൽ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്താൻ ഈയാഴ്ച വീണ്ടും പ്രവർത്തക സമിതി യോഗം ചേരും. രാഹുലിനെ അനുനയിപ്പിക്കാനുള്ള നേതാക്കളുടെ ശ്രമം ഫലം കണ്ടില്ല. ഗാന്ധി കുടുംബത്തിന് പുറത്തു നിന്ന് അധ്യക്ഷ സ്ഥാനത്തേക്ക് ആരെന്നതാണ് കോൺഗ്രസിനെ കുഴയ്ക്കുന്ന ചോദ്യം.
സോണിയാ ഗാന്ധി അടക്കമുള്ള മുതിർന്ന നേതാക്കളുടെ അനുനയ നീക്കങ്ങൾ പാളുന്നതോടെ കോൺഗ്രസ് കൂടുതൽ ആശങ്കയിലേക്കും അനിശ്ചിതത്വത്തിലേക്കുമാണ് നീങ്ങുന്നത്. പുതിയ എംപിമാരുമായി കൂടിക്കാഴ്ച നടത്താതെ വിട്ടു നിൽക്കുകയാണ് രാഹുൽ. ഗാന്ധികുടുംബത്തിന് പുറത്തുള്ളയാളെ അധ്യക്ഷനാക്കണമെന്നാണ് രാഹുലിന്റെ നിര്‍ദേശം. ഇക്കാര്യം ചർച്ച ചെയ്യാനാണ് നാലു ദിവസത്തിനകം വീണ്ടും പ്രവർത്തക സമിതി വിളിക്കാനുള്ള നീക്കം.
കഴിഞ്ഞ ശനിയാഴ്ച ചേർന്ന പ്രവർത്തക സമിതിയിൽ രാഹുലിന്റെ രാജി സന്നദ്ധത ഐകകണ്ഠന തള്ളിയിരുന്നു. സംഘടനാ തലത്തിൽ സമഗ്ര അഴിച്ചുപണിക്ക് രാഹുലിനെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കും വരെ തുടരാം എന്നതായിരുന്നു രാഹുലിന്റെ നിലപാട്. രാഹുൽ ഒഴിയാൻ തീരുമാനിച്ചാൽ പാർട്ടിയുടെ എല്ലാ തലങ്ങളിലും സമൂല മാറ്റം പ്രതീക്ഷിക്കാം. പരാജയഭാരം വഹിക്കുന്ന തല മുതിർന്ന നേതാക്കൾക്കൊപ്പം നിരവധി യുവ നേതാക്കളും കോൺഗ്രസിലുണ്ട്. എങ്കിലും രാഹുലിനേക്കാൾ പ്രാപ്തൻ ആരെന്നതിന് കോൺഗ്രസിൽ ആർക്കും ഉത്തരം ഇല്ല.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.