• HOME
  • »
  • NEWS
  • »
  • india
  • »
  • കോണ്‍ഗ്രസും സിപിഎമ്മും ചേരുന്നത് രണ്ടു പൂജ്യങ്ങൾ ചേരുന്നത് പോലെ; അസം മുഖ്യമന്ത്രി ഹിമന്ത വിശ്വ ശര്‍മ്മ

കോണ്‍ഗ്രസും സിപിഎമ്മും ചേരുന്നത് രണ്ടു പൂജ്യങ്ങൾ ചേരുന്നത് പോലെ; അസം മുഖ്യമന്ത്രി ഹിമന്ത വിശ്വ ശര്‍മ്മ

'' വികസനത്തില്‍ മാത്രമാണ് ബിജെപിയുടെ ശ്രദ്ധ. ഡൊണേഷന്‍ കാര്‍ഡും അക്രമവും ഞങ്ങളുടെ രീതിയല്ല. രാജ്യത്ത് കോണ്‍ഗ്രസ് വട്ടപൂജ്യമായിരിക്കുകയാണ് . അതുപോലെ തന്നെ വട്ടപൂജ്യമാണ് സിപിഐഎം. പൂജ്യങ്ങള്‍ തമ്മില്‍ കൂട്ടിയാല്‍ പൂജ്യമായിരിക്കും ഫലം''

  • Share this:

    കോണ്‍ഗ്രസിനും സിപിഐഎമ്മിനുമെതിരെ രൂക്ഷവിമര്‍ശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. വരാനിരിക്കുന്ന ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ത്രിപുര മുഖ്യമന്ത്രി മണിക് സാഹ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ചടങ്ങിനിടെയായിരുന്നു ഹിമന്ത ബിശ്വ ശര്‍മ്മയുടെ വിമര്‍ശനം.

    ” വികസനത്തില്‍ മാത്രമാണ് ബിജെപിയുടെ ശ്രദ്ധ. ഡൊണേഷന്‍ കാര്‍ഡും അക്രമവും ഞങ്ങളുടെ രീതിയല്ല. രാജ്യത്ത് കോണ്‍ഗ്രസ് വട്ടപൂജ്യമായിരിക്കുകയാണ് . അതുപോലെ തന്നെ വട്ടപൂജ്യമാണ് സിപിഐഎം. പൂജ്യങ്ങള്‍ തമ്മില്‍ കൂട്ടിയാല്‍ പൂജ്യമായിരിക്കും ഫലം”, ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

    ത്രിപുരയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം തിങ്കളാഴ്ചയാണ്. ഫെബ്രുവരി 16നാണ് തെരഞ്ഞെടുപ്പ്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ഭട്ടാചാര്‍ജിയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ സാഹയോടൊപ്പം എത്തിയിരുന്നു. ബാണമലിപൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നാണ് രാജീവ് ഇത്തവണ ജനവിധി തേടുന്നത്.

    Also read-‘അമ്മയാകാൻ അനുയോജ്യമായ പ്രായം 22 മുതൽ 30 വരെ; ഇതുവരെ വിവാഹിതരാകാത്തവർ വേഗം വിവാഹം കഴിക്കൂ’: അസം മുഖ്യമന്ത്രി

    ” പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ എന്നിവരുടെ അനുഗ്രഹാശിസ്സുകളോടെയാണ് ഞാന്‍ പത്രിക സമര്‍പ്പിച്ചത്. അസം മുഖ്യമന്ത്രിയും മണിപ്പൂര്‍ മുഖ്യമന്ത്രിയും എന്നോടൊപ്പമുണ്ടായിരുന്നു. ഇതില്‍ കൂടുതല്‍ എന്ത് വേണം. ഇത്തവണ ഏറ്റവും കൂടുതല്‍ സീറ്റ് നേടി തന്നെ ഞങ്ങള്‍ ജയിക്കും,” എന്നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം മണിക് സാഹ പറഞ്ഞത്.

    മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗും മണിക് സാഹയോടൊപ്പമുണ്ടായിരുന്നു. സാഹയുടെ ഭരണത്തിന് കീഴില്‍ ത്രിപുര വികസന പാതയിലേക്ക് കുതിച്ചുവെന്നും സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കപ്പെട്ടുവെന്നുമാണ് ബിരേന്‍ സിംഗ് പറഞ്ഞത്.

    60 അംഗ നിയമസഭയാണ് ത്രിപുരയ്ക്കുള്ളത്. ഇതില്‍ 55 സീറ്റിലേക്കാണ് നിലവില്‍ ബിജെപി മത്സരിക്കുന്നത്. 5 സീറ്റുകള്‍ തങ്ങളുടെ സഖ്യകക്ഷികളായ ഇന്‍ഡിജിനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയ്ക്ക് വിട്ടുനല്‍കിയിട്ടുണ്ട്.

    Also read-ത്രിപുരയില്‍ ബിജെപി 55 സീറ്റിൽ മത്സരിക്കും; ഐപിഎഫ്ടിക്ക് 5 സീറ്റ്

    ”2018 ഭയത്തിന്റെ വര്‍ഷമായിരുന്നു. എന്നാല്‍ 2023 സമാധാനത്തിന്റെ വര്‍ഷമാകും. തെരഞ്ഞെടുപ്പ് ഫലം ഞങ്ങള്‍ക്ക് അനുകൂലമാകും. ഏറ്റവും വലിയ ഒറ്റ കക്ഷിയായി ഞങ്ങള്‍ അധികാരത്തിലെത്തും. ഒറ്റയ്ക്ക് മത്സരിക്കാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 6 മുതല്‍ എഴ് സീറ്റ് അധികം ഞങ്ങള്‍ നേടും,” എന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞത്.

    ത്രിപുര, മേഘാലയ, നാഗാലന്‍ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് രണ്ടിനാണ് ഫലപ്രഖ്യാപനം. മൂന്നു സംസ്ഥാനങ്ങളിലെയും നിയമസഭയുടെ കാലാവധി മാര്‍ച്ചിലാണ് അവസാനിക്കുന്നത്. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ രാജീവ് കുമാര്‍ ആണ് തിയതികള്‍ പ്രഖ്യാപിച്ചത്.

    നാഗാലാന്‍ഡിലും മേഘാലയയിലും ഫെബ്രുവരി 27നായിരിക്കും വോട്ടെടുപ്പ്. 31 വരെ നാമനിര്‍ദേശ പത്രിക നല്‍കാം. ത്രിപുരയില്‍ ബിജെപി സര്‍ക്കാരും മേഘാലയ, നാഗാലന്‍ഡ് സംസ്ഥാനങ്ങളില്‍ ബിജെപി സഖ്യസര്‍ക്കാരുമാണ് ഭരിക്കുന്നത്.

    Also read-ത്രിപുരയിൽ 4 സീറ്റിൽ ‘സൗഹൃദമത്സരം’; കോൺഗ്രസ് 17 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; സിപിഎം നൽകിയത് 13 സീറ്റ്

    300 പോളിങ് സ്റ്റേഷന്റെ മുഴുവന്‍ നിയന്ത്രണം വനിതകള്‍ക്കായിരിക്കും. എല്ലാ പോളിങ് സ്റ്റേഷനിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. ഇടതുപക്ഷത്തിന്റെ രണ്ടര പതിറ്റാണ്ട് നീണ്ട ഭരണത്തിന് അന്ത്യം കുറിച്ചാണ് 2018ല്‍ ബിജെപി ത്രിപുര പിടിച്ചെടുത്തത്. മേഘാലയില്‍ 2018ല്‍ കേവലം രണ്ടു സീറ്റില്‍ മാത്രമാണ് ജയിച്ചതെങ്കിലും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി)യുമായി ചേര്‍ന്ന് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

    2018ലെ തിരഞ്ഞെടുപ്പിനു മുന്‍പു രൂപീകരിച്ച നാഷണലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (എന്‍ഡിപിപി)യും ബിജെപിയും ചേര്‍ന്ന സഖ്യമാണ് നാഗാലന്‍ഡില്‍ ഭരണം നടത്തുന്നത്.

    Published by:Sarika KP
    First published: