ന്യൂഡൽഹി: സ്വന്തം സംസ്ഥാനം സന്ദർശിക്കാനും കുടുംബാംഗങ്ങളുടെ ക്ഷേമാന്വേഷണം നടത്താനും അനുമതി തേടി മുതിർന്ന കോൺഗ്രസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ് സുപ്രീംകോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, എസ് അബ്ദുൾ നസീർ എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്ച ഹർജി പരിഗണിക്കും.
തന്‍റെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സന്ദർശിക്കാനാണ് ആസാദ് ഉന്നത കോടതിയിൽ നിന്ന് അനുമതി തേടിയിരിക്കുന്നത്. ജമ്മു കശ്മീരിന്‍റെ പ്രത്യേകപദവി റദ്ദാക്കിയതിന് ശേഷം അദ്ദേഹം സംസ്ഥാനം സന്ദർശിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും വിമാനത്താവളത്തിൽ നിന്ന് അധികൃതർ തിരിച്ചയച്ചു.
ആർട്ടിക്കിൾ 370ലെ വ്യവസ്ഥകൾ റദ്ദാക്കിയതിനു ശേഷമുള്ള സംസ്ഥാനത്തെ സാമൂഹിക സാഹചര്യങ്ങൾ പരിശോധിക്കാനും അദ്ദേഹം സുപ്രീംകോടതിയിൽ അനുമതി തേടിയിട്ടുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി പ്രതിപക്ഷ നേതാക്കൾ ജമ്മു കശ്മീർ സന്ദർശിക്കാൻ ശ്രമിച്ചെങ്കിലും അനുമതി ലഭിക്കാത്തതിനെ തുടർന്ന് വിമാനത്താവളത്തിൽ നിന്ന് തിരിച്ചയയ്ക്കുകയായിരുന്നു.
രോഗബാധിതനായ പാർട്ടി സഹപ്രവർത്തകൻ മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാൻ അനുമതി തേടി സി.പി.ഐ (എം) നേതാവ് സീതാറാം യെച്ചൂരി സുപ്രീംകോടതിയെ സമീപിച്ചിക്കുകയും അദ്ദേഹത്തിന് അനുമതി ലഭിക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്തിന്‍റെ പ്രത്യേകപദവി റദ്ദാക്കിയതിനെ തുടർന്ന് വീട്ടുതടങ്കലിൽ കഴിയുന്ന ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ സന്ദർശിക്കാൻ അവരുടെ മകൾ ഇൽതിജയ്ക്ക് സുപ്രീംകോടതി സെപ്റ്റംബർ അഞ്ചിന് അനുമതി നൽകിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.