• HOME
  • »
  • NEWS
  • »
  • india
  • »
  • Agnipath| 'ശരിയായ ദിശയിലുള്ള പരിഷ്കാരം'; അഗ്നിപഥ് പദ്ധതിയെ പിന്തുണച്ച് കോൺഗ്രസ് നേതാവ് മനീഷ് തിവാരി

Agnipath| 'ശരിയായ ദിശയിലുള്ള പരിഷ്കാരം'; അഗ്നിപഥ് പദ്ധതിയെ പിന്തുണച്ച് കോൺഗ്രസ് നേതാവ് മനീഷ് തിവാരി

പുതിയ കാലഘട്ടത്തിന്റെ യുദ്ധരീതികൾക്ക് അനുസരിച്ച് പദ്ധതി മാറ്റത്തിന് വഴിയൊരുക്കുമെന്നും മനീഷ് തിവാരി പറഞ്ഞു

  • Share this:
    ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിയെ അനുകൂലിച്ച് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ മനീഷ് തിവാരി. ശരിയായ ദിശയിലുള്ള പരിഷ്കാരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ കാലഘട്ടത്തിന്റെ യുദ്ധരീതികൾക്ക് അനുസരിച്ച് പദ്ധതി മാറ്റത്തിന് വഴിയൊരുക്കുമെന്നും മനീഷ് തിവാരി പറഞ്ഞു. കോൺഗ്രസ് പാർട്ടിയും രാഹുൽ ഗാന്ധിയും പദ്ധതിയെ എതിർക്കുമ്പോഴാണ് മനീഷി തിവാരി എതിർനിലപാട് സ്വീകരിച്ചിരിക്കുന്നത്.

    അതേസമയം, പദ്ധതി പുനഃപരിശോധിക്കണമെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ബിജെപി സഖ്യകക്ഷി നേതാവുമായ അരീന്ദർ സിങ് ആവശ്യപ്പെട്ടു. പദ്ധതി പുനഃപരിശോധിക്കണമെന്ന് ബിജെപി സഖ്യകക്ഷിയായ ജെഡിയുവിന്റെ നേതാവ് ഉപേന്ദ്ര ഖുശ്വാഹയും ആവശ്യപ്പെട്ടു.

    Also Read- Agnipath| അഗ്നിപഥ് പദ്ധതിയേക്കുറിച്ച് കേട്ടതൊക്കെ ശരിയാണോ? കേന്ദ്ര സർക്കാർ പറയുന്നതിങ്ങനെ

    അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കേന്ദ്രസര്‍ക്കാറിനെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. യുവാക്കളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. 'റാങ്കില്ല, പെന്‍ഷനില്ല... രണ്ട് വര്‍ഷത്തേക്ക് നേരിട്ടുള്ള നിയമനമില്ല, നാല് വര്‍ഷത്തിനു ശേഷം ഭാവിയെന്തെന്ന് സ്ഥിരതയില്ല, സൈന്യത്തോട് ബഹുമാനമില്ല, തൊഴില്‍രഹിതരുടെ ശബ്ദം കേള്‍ക്കുവിന്‍' രാഹുല്‍ ട്വീറ്റ് ചെയ്തു.



    പദ്ധതിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമാസക്തമായ പ്രതിഷേധം തുടരുകയാണ്. ബിഹാറിലെ നവാഡയിൽ ബിജെപി ഓഫീസും പാർട്ടി എംഎൽഎ അരുണാ ദേവിയുടെ കാറും പ്രതിഷേധക്കാർ തകർത്തു. എംഎൽഎ അടക്കമുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്. പട്‌ന-രാജധാനി എക്‌സ്പ്രസ് പ്രതിഷേധക്കാർ തടഞ്ഞുവെച്ചു. പട്‌നയിൽ 10 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

    പലയിടത്തും പ്രതിഷേധക്കാർ റോഡ്, റെയിൽ ഗതാഗതം തടസ്സപ്പെടുത്തി. 'ഇന്ത്യൻ ആർമി ലവേഴ്‌സ്' എന്ന ബാനറിൽ സംഘടിച്ചെത്തിയവർ ബാബ്ഹുവാ റെയിൽവേ സ്‌റ്റേഷനിൽ ഇൻറർസിറ്റി എക്‌സ്പ്രസ് ട്രെയിൻ തകർക്കുകയും ഒരു കോച്ചിന് തീയിടുകയും ചെയ്തു. നിരവധി ബസുകളും തകർത്തിട്ടുണ്ട്.

    ജയ്പൂരിൽ അജ്മീർ-ഡൽഹി ദേശീയപാത ഉപരോധിച്ചു. ആഗ്രയിലും ജോധ്പൂരിലും പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലാത്തിവീശി. ഡൽഹി നംഗ്ലോയി സ്റ്റേഷനിൽ റെയിൽ പാളത്തിൽ പ്രതിഷേധം അരങ്ങേറി. ഹരിയാനയിലും പ്രതിഷേധം രൂക്ഷമായിരിക്കുകയാണ്. പ്രതിഷേധത്തെ തുടർന്ന് 22 ട്രെയിനുകൾ റദ്ദാക്കിയതായും അഞ്ചു ട്രെയിനുകൾ യാത്ര ഇടക്കു വെച്ച് നിർത്തിയതായും ഈസ്റ്റ് സെൻട്രൽ റെയിൽവേ അറിയിച്ചു.

    അതേസമയം, പദ്ധതിയിൽനിന്ന് പിന്നോട്ടില്ലെന്നാണ് കേന്ദ്രസർക്കാറിന്റെ വിശദീകരണം. പല രാജ്യങ്ങളും സമാനമായ നിയമനം സൈന്യത്തിൽ നടത്തുന്നുണ്ടെന്നും രണ്ട് വർഷത്തോളം നീണ്ട കൂടിയാലോചനകൾക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും കേന്ദ്രം പറയുന്നു. സേനയിൽ നിശ്ചിത കാലം തൊഴിൽ പരിശീലനം ലഭിക്കുന്ന യുവാക്കൾക്ക് കൂടുതൽ തൊഴിൽ സാധ്യതകൾ തുറന്നുകിട്ടുമെന്നും കേന്ദ്രസർക്കാർ വിശദീകരിക്കുന്നു.

    English Summary: senior Congress leader Manish Tewari has backed the Centre’s newly announced Agnipath recruitment process for the armed forces. Even as youngsters aspiring for a career in the army stage protests in many parts of the country, Tewari said while he understood their concerns, he feels that India “needs a younger armed forces”.
    Published by:Rajesh V
    First published: