ന്യൂഡൽഹി: ഉത്തർപ്രദേശ് (Uttar Pradesh) തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ മുൻ കേന്ദ്രമന്ത്രി ആർപിഎൻ സിംഗ് (RPB Singh) കോണ്‍ഗ്രസ് (Congress) വിട്ടു. ബിജെപിയിലേക്ക് മാറുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പാര്‍ട്ടി വിടുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്. കിഴക്കൻ യുപിയിലെ കുശിനഹാറിൽ നിന്നുള്ള ആർപിഎൻ സിംഗ്, ഉത്തർപ്രദേശിലെ കോൺഗ്രസിന്റെ ഏറ്റവും പ്രമുഖ നേതാക്കളിൽ ഒരാളും ജാർഖണ്ഡിന്റെ ചുമതലക്കാരനുമാണ്. സോണിയാ ഗാന്ധിയെ അഭിസംബോധന ചെയ്ത തന്റെ രാജിക്കത്ത് അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
"ഇന്ന്, നമ്മുടെ മഹത്തായ റിപ്പബ്ലിക്കിന്റെ രൂപീകരണം നമ്മൾ ആഘോഷിക്കുകയാണ്, ഞാൻ എന്റെ രാഷ്ട്രീയ യാത്രയിൽ ഒരു പുതിയ അധ്യായം ആരംഭിക്കുന്നു. ജയ് ഹിന്ദ്," - എന്ന കുറിപ്പോടെയാണ് അദ്ദേഹം രാജിക്കത്ത് ട്വീറ്റ് ചെയ്തത്. അടുത്തിടെ ബിജെപി വിട്ട സ്വാമി പ്രസാദ് മൗര്യയ്‌ക്കെതിരെ സിംഗ് തന്റെ ശക്തികേന്ദ്രമായ പദ്രൗണയിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
മൂന്ന് തവണ പദ്രൗണയിൽ നിന്നുള്ള എംഎൽഎയാണ് സിംഗ്. 2009ൽ എംപിയായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും 2014ൽ പരാജയപ്പെട്ടു. കഴിഞ്ഞ രണ്ട് സംസ്ഥാന തെരഞ്ഞെടുപ്പുകളിലും പദ്രൗണ സീറ്റിൽ നിന്ന് ആദ്യം ബിഎസ്പി സ്ഥാനാർഥിയായും പിന്നീട് ബിജെപി സ്ഥാനാർഥിയായും സ്വാമി പ്രസാദ് മൗര്യ വിജയിച്ചിരുന്നു.
നേരത്തെ, സിംഗ് തന്റെ ട്വിറ്ററിലെ വ്യക്തിവിവരണം മാറ്റുകയും അതിൽ നിന്ന് 'കോൺഗ്രസ്' ഒഴിവാക്കുകയും ചെയ്തു. ഇത് വലിയ തോതിലുള്ള ഊഹാപോഹങ്ങൾക്ക് കാരണമായി. "എന്റെ മുദ്രാവാക്യം ഇന്ത്യ, ആദ്യം, എപ്പോഴും" എന്നാണ് തിരുത്തിയത്. നേരത്തെ എഐസിസി (ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി) ചുമതലക്കാരൻ എന്നായിരുന്നു ഇത്.
Also Read-
Republic Day 2022 | നാളെ റിപബ്ലിക്ക് ദിനം; ഡല്‍ഹി ഉള്‍പ്പടെയുള്ള നഗരങ്ങള്‍ അതീവ ജാഗ്രതയില്കഴിഞ്ഞ വർഷം ജിതിൻ പ്രസാദ രാജിവച്ചതിന് ശേഷം ഉത്തർപ്രദേശിൽ കോൺഗ്രസിൽ നിന്നുള്ള രണ്ടാമത്തെ വലിയ പുറത്തുപോക്കാണിത്. സിംഗിനെ പോലെ ഒരിക്കൽ രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയിരുന്ന പ്രസാദ ബിജെപിയിൽ ചേരുകയും പിന്നീട് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാരിൽ മന്ത്രിയാവുകയും ചെയ്തിരുന്നു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ കോൺഗ്രസിന് നിരവധി പ്രമുഖ നേതാക്കളെയാണ് നഷ്ടമായത്. 2020 ൽ ജ്യോതിരാദിത്യ സിന്ധ്യയുടെ ബിജെപിയിലേക്കുള്ള മാറ്റം കോണ്‍ഗ്രസിൽ വലിയ കോളിളക്കത്തിന് കാരണമായിരുന്നു. പിന്നാലെ പാർട്ടിക്ക് ഒരു സ്ഥിരം അധ്യക്ഷനെ വേണമെന്ന് ആവശ്യപ്പെട്ട് 23 നേതാക്കൾ സോണിയാ ഗാന്ധിക്ക് കത്തയക്കുന്നതിലേക്കും ഇത് നയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.