രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകുകയാണ്. എന്നാല്‍ വിഷയത്തില്‍ തുടക്കം മുതല്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും അവരുടെ നിലപാടുകളില്‍ സ്ഥിരത പുലര്‍ത്തിയില്ല എന്നതും ശ്രദ്ധേയമാണ്.
ലില്ലി തോമസ് കേസിലെ 2013ലെ സുപ്രീം കോടതി വിധിന്യായം ചൂണ്ടിക്കാട്ടിയാണ് 2019ലെ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയെ സൂറത്ത് കോടതി ശിക്ഷിച്ചത്. വിധി പുറപ്പെടുവിച്ച ദിവസം മുതല്‍ രാഹുലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി കൊണ്ടുള്ള ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇന്നാണ് പുറത്തിറങ്ങിയത്.
2013ലെ പ്രമാദമായ ലില്ലി തോമസ് vs യൂണിയന്‍ ഓഫ് ഇന്ത്യ എന്ന കേസില്‍ കുറ്റവാളിയായ ഒരു നിയമനിർമ്മാതാവിന് അധികാരത്തിൽ തുടരാനുള്ള അനുവാദം നൽകുന്ന ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 8(4) എസ്‌സി റദ്ദാക്കിയിരുന്നു. ഇത് പ്രകാരം രണ്ടു വര്‍ഷമോ അതിലേറെയോ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാല്‍ പാര്‍ലമെന്റ് അംഗത്വം റദ്ദാവുമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. അതേ വർഷം തന്നെ മൻമോഹൻ സിംഗ് സർക്കാർ സുപ്രീം കോടതി വിധിക്കെതിരെ ഓർഡിനൻസ് കൊണ്ടുവന്നു.
പാർലമെന്റിലോ ഒരു സംസ്ഥാനത്തിന്റെ നിയമസഭയിലോ അംഗമായ ഒരാള ശിക്ഷിക്കപ്പെട്ട തീയതി മുതൽ അയോഗ്യത പ്രാബല്യത്തിൽ വരും. അത്തരം ശിക്ഷാവിധിയോ ശിക്ഷയോ കോടതി സ്റ്റേ ചെയ്താല്‍ ശിക്ഷിക്കപ്പെട്ട തീയതിക്ക് ശേഷവും കോടതി ശിക്ഷാവിധി മാറ്റിവെക്കുന്ന തീയതി വരെയും അംഗത്തിന് വോട്ടുചെയ്യാനോ ശമ്പളവും അലവൻസുകളും ലഭിക്കാനോ അർഹതയില്ല. എന്നാല്‍ പാർലമെന്റിന്റെയോ നിയമസഭയുടെയോ നടപടികളിൽ പങ്കെടുക്കുന്നത് തുടരാനാകും. ഈ ഓര്‍ഡിനന്‍സ് മന്ത്രിസഭ പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു.
2013ൽ മുതിർന്ന കോൺഗ്രസ് നേതാവ് അജയ് മാക്കൻ നടത്തിയ വാർത്താ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധി ഓര്‍ഡിനന്‍സ് പൂര്‍ണമായും അസംബന്ധമാണെന്ന് പറയുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ കുറ്റക്കാരായ എംപിമാരെ ഉടൻ അയോഗ്യരാക്കണമെന്നും യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഓർഡിനൻസിൽ ഒപ്പിടരുതെന്നും ആവശ്യപ്പെട്ട് 2013ൽ എഎപി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ രാഷ്ട്രപതിയെ കണ്ട് വിഷയത്തിലെ തന്‍റെ നിലപാട് വ്യക്തമാക്കിയിരുന്നു.എന്നാല്‍ 2023ല്‍ രാഹുല്‍ ഗാന്ധിയെ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് അയോഗ്യനാക്കിയതോടെ കെജ്രിവാള്‍ നിലപാട് മാറ്റി.
Also read- Rahul Gandhi | അയോഗ്യത;രാഹുല്‍ ഗാന്ധിക്ക് ഔദ്യോഗിക വസതി ഒഴിയാന്‍ ഒരു മാസം അനുവദിക്കും
രാഹുലിനെ അയോഗ്യനാക്കിയ നീക്കം മോദിയുടെ ഭയം കൊണ്ടാണ് എന്ന് ഡല്‍ഹി മുഖ്യമന്ത്രി വിമര്‍ശിച്ചു. ആം ആദ്മി പാർട്ടിക്ക് മാത്രമല്ല, കോൺഗ്രസിനും തങ്ങളുടെ നേതാക്കൾക്കെതിരെ നടപടി എടുക്കുമ്പോൾ വ്യത്യസ്ത നിലപാടാണ് കാലാകാലങ്ങളായി സ്വീകരിക്കാറുള്ളത് . മുൻ പ്രധാനമന്ത്രി നരസിംഹ റാവു ഒരു കേസില്‍ അറസ്റ്റിലായപ്പോള്‍ ഒരു കോൺഗ്രസ് നേതാവും ഒരു തരത്തിലുള്ള പ്രതിഷേധവും നടത്തിയില്ല. മാത്രവുമല്ല അദ്ദേഹത്തെ പിന്തുണക്കുന്ന തരത്തിലുള്ള ഒരു പ്രസ്താവനയും ഒരു കോണ്‍ഗസ് നേതാവില്‍ നിന്നും ഉണ്ടായതുമില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aam admi party, Congress, Rahul gandhi