റായ്പൂർ: പ്രവർത്തകസമിതിയംഗങ്ങളെ കണ്ടെത്താൻ തിരഞ്ഞെടുപ്പ് വേണ്ടെന്ന് കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചു. സമിതിയിലെ മുഴുവൻ അംഗങ്ങളെയും നാമനിർദേശം ചെയ്യാൻ പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയെ ചുമതലപ്പെടുത്തി കമ്മിറ്റി പ്രമേയം പാസാക്കി. ഗാന്ധി കുടുംബത്തിൽ നിന്ന് ഒരംഗം പോലും ഇല്ലാതെയാണ് തീരുമാനം പ്രഖ്യാപിച്ചത്.
നാളെ അവസാനിക്കുന്ന പ്ലീനറി സമ്മേളനത്തിൽ പുതിയ പ്രവർത്തകസമിതിയെ പ്രഖ്യാപിക്കില്ലെന്ന് ഇതോടെ ഉറപ്പായി. പ്രവർത്തക സമിതിയംഗങ്ങളുടെ എണ്ണം 25ൽ നിന്ന് 35 ആയി വർധിപ്പിക്കും. കോൺഗ്രസ് പ്രസിഡന്റ്, മുൻ പ്രസിഡന്റുമാർ, മുൻ പ്രധാനമന്ത്രിമാർ, ലോക്സഭാ, രാജ്യസഭാ കക്ഷിനേതാക്കൾ എന്നിവർക്കു സ്ഥിരാംഗത്വം നൽകും.
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ഡോ. മൻമോഹൻ സിങ്, മല്ലികാർജുൻ ഖർഗെ, അധീർ രഞ്ജൻ ചൗധരി എന്നിവർ ഇത്തരത്തിൽ സ്ഥിരാംഗങ്ങളാകും. പാർട്ടിയുടെ അംഗബലം ഉയർന്ന സാഹചര്യത്തിൽ എഐസിസി അംഗങ്ങളുടെ എണ്ണം 1300 ൽ നിന്ന് 1800 ആക്കും.
പ്രവർത്തകസമിതി ഉൾപ്പെടെ എല്ലാ പാർട്ടി സമിതികളിലും 50% പട്ടികവിഭാഗ– ഒബിസി– ന്യൂനപക്ഷ വിഭാഗങ്ങൾക്കും സ്ത്രീകൾക്കും യുവാക്കൾക്കുമായി മാറ്റിവയ്ക്കും. രാജസ്ഥാനിലെ ഉദയ്പുരിൽ കഴിഞ്ഞവർഷം നടന്ന ചിന്തൻ ശിബിരത്തിലുയർന്ന ശുപാർശയാണിത്. സംഘടനാതല മാറ്റങ്ങൾക്കായി പാർട്ടി ഭരണഘടന ഭേദഗതി ചെയ്യും.
അനാരോഗ്യം മൂലം മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, എ കെ ആന്റണി, ഉമ്മൻ ചാണ്ടി എന്നിവരും പ്ലീനറി സമ്മേളനത്തിനെത്തിയിട്ടില്ല.
കേരളത്തിൽനിന്ന് കെ സുധാകരൻ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സമ്മേളനത്തിൽ പങ്കെടുക്കുന്നു. സംസ്ഥാന നേതൃത്വം പാർട്ടി കാര്യങ്ങൾ അറിയിക്കാത്തതിൽ പ്രതിഷേധിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ വിട്ടുനിൽക്കുകയാണ്.
ഖർഗെയും മറ്റു നേതാക്കളുമായുള്ള അടുപ്പവും മുൻപു ദേശീയതലത്തിൽ പ്രവർത്തിച്ചതിന്റെ അനുഭവസമ്പത്തും പ്രവർത്തക സമിതിയിലേക്കു തനിക്കു വഴിയൊരുക്കുമെന്ന കണക്കുകൂട്ടലിലാണു രമേശ് ചെന്നിത്തല. പട്ടികവിഭാഗ സംവരണം ഗുണം ചെയ്യുമെന്ന് കൊടിക്കുന്നിൽ സുരേഷ് പ്രതീക്ഷിക്കുന്നു.
Also Read- ‘ലിവ്-ഇന്‍ റിലേഷന്‍ഷിപ്പുകള്‍ക്ക് ഇന്ത്യന്‍ സമൂഹത്തില്‍ സ്വീകാര്യതയില്ല’: അലഹാബാദ് ഹൈക്കോടതി
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. തങ്ങളുടെ അഭിപ്രായം യോഗത്തെ സ്വാധീനിക്കാതിരിക്കാനാണ് മൂവരും വിട്ടുനിന്നതെന്നു പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു.
പ്ലീനറി സമ്മേളനം പ്രഖ്യാപിച്ചതോടെ കോൺഗ്രസ് പ്രവർത്തക സമിതി പിരിച്ചുവിട്ടിരുന്നു. അതിലെ അംഗങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ചതാണ് സ്റ്റീയറിങ് കമ്മിറ്റി. പ്ലീനറിയിൽ അവതരിപ്പിക്കുന്ന പ്രമേയങ്ങൾക്ക് അന്തിമരൂപം നൽകാൻ വൈകിട്ട് ചേർന്ന സബ്ജക്ട് കമ്മിറ്റി യോഗത്തിൽ സോണിയയും രാഹുലും പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.