• HOME
  • »
  • NEWS
  • »
  • india
  • »
  • Congress| തെരഞ്ഞെടുപ്പ് തോൽവി: അഞ്ചു സംസ്ഥാനങ്ങളിലെ പാർട്ടി അധ്യക്ഷൻമാരും രാജിവെക്കണമെന്ന് സോണിയ ഗാന്ധി

Congress| തെരഞ്ഞെടുപ്പ് തോൽവി: അഞ്ചു സംസ്ഥാനങ്ങളിലെ പാർട്ടി അധ്യക്ഷൻമാരും രാജിവെക്കണമെന്ന് സോണിയ ഗാന്ധി

പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദുവടക്കമുള്ളവര്‍ക്ക് ഇതോടെ സ്ഥാനം നഷ്ടമാകും.

സോണിയ ഗാന്ധി

സോണിയ ഗാന്ധി

  • Share this:
    ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ (Assembly Election 2022) കനത്ത തോല്‍വിക്ക് പിന്നാലെ കടുത്ത നടപടികളുമായി കോണ്‍ഗ്രസ് (Congress). തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ് അധ്യക്ഷന്‍മാരോട് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ (Sonia Gandhi) ഗാന്ധി രാജി ആവശ്യപ്പെട്ടു.

    ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷന്‍മാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടി പുനഃസംഘടന സുഗമമാക്കുന്നതിനാണ് രാജി ആവശ്യപ്പെട്ടതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല പറഞ്ഞു.

    പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദുവടക്കമുള്ളവര്‍ക്ക് ഇതോടെ സ്ഥാനം നഷ്ടമാകും. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണം നിലനിന്നിരുന്ന ഏക സംസ്ഥാനമായ പഞ്ചാബില്‍ നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയിരുന്നത്. പിസിസി അധ്യക്ഷന്‍ സിദ്ദുവും മുഖ്യമന്ത്രി ആയിരുന്ന ചരണ്‍ജിത് സിങ് ചന്നി അടക്കമുള്ളവരും പരാജയപ്പെട്ടിരുന്നു.

    തെരഞ്ഞെടുപ്പ് തോല്‍വി വിശകലനം ചെയ്യുന്നതിനായി ഞായറാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന്റെ തുടര്‍ച്ചയാണ് സോണിയ ഗാന്ധിയുടെ നീക്കം. അധ്യക്ഷയായി തുടരുന്നതിനും സംഘടനാപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഉടനടി തീരുമാനങ്ങള്‍ എടുക്കുന്നതിനും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തിയിരുന്നു.

    അതേസമയം, കോൺഗ്രസിനുള്ളിൽ മാറ്റം വേണമെന്ന നിലപാടിൽ ജി 23 നേതാക്കൾ ഉറച്ചുനിൽക്കുകയാണ്. ബുധനാഴ്ച മുതിർന്ന നേതാവ് കപിൽ സിബൽ പാർട്ടിയിലെ വിമത നേതാക്കളെ അത്താഴ വിരുന്നിന് ക്ഷണിച്ചതായാണ് റിപ്പോർട്ട്. അടുത്തിടെ നടന്ന അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ മോശം പ്രകടനത്തിന് ശേഷം, നേതൃത്വത്തിൽ മാറ്റം വേണമെന്ന ശക്തമാക്കാനാണ് ജി 23 നേതാക്കളുടെ നീക്കം.

    Also Read- Congress| 'ഗാന്ധി കുടുംബം വഴിമാറണം'; കോൺഗ്രസിൽ മാറ്റം വേണമെന്ന ആവശ്യത്തിലുറച്ച് ജി-23 നേതാക്കൾ; വിമതനേതാക്കളുടെ അത്താഴവിരുന്ന് ബുധനാഴ്ച?

    തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം കോൺഗ്രസിനുള്ളിൽ പിരിമുറുക്കം വർധിച്ചിട്ടുണ്ട്. പാർട്ടി നേതൃത്വത്തിന്റെ പ്രവർത്തന ശൈലിയിൽ ജി -23 നേതാക്കൾ കടുത്ത അതൃപ്തിയിലാണ്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം കോൺഗ്രസിന്റെ ജി-23 നേതാക്കൾ മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ ഡൽഹിയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. യോഗത്തിൽ കപിൽ സിബൽ, മനീഷ് തിവാരി, ആനന്ദ് ശർമ, അഖിലേഷ് പ്രസാദ് സിംഗ് എന്നിവർ പങ്കെടുത്തു. മറ്റ് ചില നേതാക്കൾ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു.

    നേരത്തെ, ജി 23 നേതാക്കളിൽ ഏറ്റവും പ്രമുഖനായ കപിൽ സിബൽ, ഗാന്ധി കുടുംബം മാറിനിൽക്കണമെന്നും പാർട്ടിയെ നയിക്കാൻ മറ്റേതെങ്കിലും നേതാവിന് അവസരം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. പാർട്ടിയുടെ പരമോന്നത സമിതിയായ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) ഞായറാഴ്ച യോഗം ചേർന്നതിന് ശേഷമാണ് ഈ പരാമർശങ്ങൾ വന്നത്. ഏകദേശം അഞ്ച് മണിക്കൂർ നടന്ന ചർച്ചകൾക്ക് ശേഷം പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകാനും ആരംഭിക്കാനും സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു.
    Published by:Rajesh V
    First published: