ശ്രീനഗർ: കേന്ദ്ര സർക്കാർ എടുത്തു കളഞ്ഞ ജമ്മു കശ്മീരിന്റെ അവകാശങ്ങൾ കോൺഗ്രസ് തിരികെ കൊണ്ടുവരുമെന്ന് രാഹുൽ ഗാന്ധി. ഇതിന് കോൺഗ്രസ് പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നും ഭാരത് ജോഡോ യാത്രയിൽ അദ്ദേഹം പറഞ്ഞു.
‘നിങ്ങളുടെ സംസ്ഥാന പദവിയേക്കാൾ വലുതല്ല മറ്റൊരു വിഷയവും. നിങ്ങളുടെ അധികാരം കേന്ദ്രം എടുത്തുകളഞ്ഞു. സംസ്ഥാന പദവി വീണ്ടെടുക്കുന്നതിന് കോൺഗ്രസ് പാർട്ടിയുടെ പൂർണ പിന്തുണ ഉറപ്പാക്കും’, രാഹുൽ ഗാന്ധി പറഞ്ഞു.
ജമ്മു കാശ്മീരിന് പ്രത്യേക പരിരക്ഷയുള്ള സംസ്ഥാന പദവിയടക്കമുള്ള അവകാശങ്ങളാണ് ഭരണഘടനയുടെ 370 അനുച്ഛേദം എടുത്തു മാറ്റിയ ബിജെപി സർക്കാർ ഇല്ലാതാക്കിയത്.
ജമ്മു-കശ്മീരിനു പ്രത്യേക സംസ്ഥാനപദവി നൽകുന്നതായിരുന്നു ഭരണഘടനയിലെ 370-ാം വകുപ്പ്. ജമ്മു കശ്മീരിലെ പൗരൻമാർക്ക് പ്രത്യേക അവകാശം അനുവദിക്കുന്നതാണ് 35എ.
കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച രാഹുൽ ഗാന്ധിയുടെ യാത്ര 12 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് കശ്മീരിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് യാത്ര ആരംഭിച്ചത്. ജനുവരി 30ന് യാത്ര കശ്മീരിൽ അവസാനിക്കും.
ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി ജനുവരി 30ന് പത്തിന് ശ്രീനഗറിലെ പിസിസി ഓഫീസ് അങ്കണത്തിൽ ദേശീയപതാക ഉയർത്തും. ഈ സമയം രാജ്യമെങ്ങും പതാക ഉയർത്തണമെന്ന് കോൺഗ്രസ് നിർദേശം നൽകിയിട്ടുണ്.
Also Read- പുത്തൻ പാർലമെന്റ് മന്ദിരം ഒരുങ്ങുന്നു; 888 സീറ്റുള്ള ലോക്സഭാ ഹാളും 384 സീറ്റുള്ള രാജ്യസഭാ ഹാളും
പിസിസികൾ, ഡിസിസികൾ, ബ്ലോക്ക് കമ്മിറ്റികൾ എന്നിവ മഹാത്മാഗാന്ധിയുടെ ഫോട്ടോവെച്ച് പാർട്ടിഓഫീസുകളിലോ പ്രധാനപ്പെട്ട സ്ഥലങ്ങളിലോ പതാക ഉയർത്തണമെന്നാണ് നിർദേശം.
പ്രവർത്തകരെയും പിന്തുണക്കാരെയും പങ്കെടുപ്പിക്കണമെന്ന് കോൺഗ്രസ് ഘടകങ്ങൾക്ക് നൽകിയ അറിയിപ്പിൽ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.
1947ല്‍ ജമ്മു കശ്മീര്‍ ഇന്ത്യയുമായി ചേര്‍ക്കാനുള്ള നീക്കത്തില്‍ ‘പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നീ മൂന്നു കാര്യങ്ങളില്‍ മാത്രം ഇന്ത്യന്‍ നിയമങ്ങള്‍ ജമ്മു കശ്മീരില്‍ ബാധകമാക്കാം’ എന്നായിരുന്നു അന്നത്തെ ഭരണാധികാരി മഹാരാജാ ഹരി സിങ്ങുമായുള്ള കരാറിൽ. 1949ല്‍ ഷെയ്ക്ക് അബ്ദുള്ളയുടെ നേതൃത്വത്തില്‍ വന്ന താല്‍ക്കാലിക സര്‍ക്കാര്‍ ഇതിനെ ‘ജമ്മു കശ്മീരിന് പ്രത്യേകപദവി’ എന്ന നിലയില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമാക്കുന്നതില്‍ വിജയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.